ലോണിട്ട് വാങ്ങിയ കാറിന്റെ ഇഎംഐ അടക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?
ഇന്ത്യയില്‍ ഇന്നും ലക്ഷക്കണക്കിനാളുകളുടെ സ്വപ്നമാണ് സ്വന്തമായി ഒരു കാര്‍. പലരും സാമ്പത്തിക വായ്പ്പകള്‍ എടുത്താണ് സ്വപ്ന സാക്ഷാത്കാരം നടത്തുന്നത്. ഇന്ന് പല ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വാഹന നിര്‍മാതാക്കള്‍ ആകര്‍ഷകമായ ലോണ്‍ ഓഫറുകള്‍ നല്‍കുന്നു. ലോണിട്ട് വാഹനം വാങ്ങി അത് തിരിച്ചടക്കാന്‍ പരാജയപ്പെട്ടാല്‍ ഈ സ്വപ്നം ഒരു പേടിസ്വപ്നമായി മാറുമെന്ന് പറയേണ്ടതില്ലെല്ലോ. കാര്‍ ലോണ്‍ തിരിച്ചടവ് വൈകുകയോ അല്ലെങ്കില്‍ അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ നിരവധി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. നിങ്ങളുടെ കാര്‍ ലോണ്‍ ഇഎംഐ കൃത്യസമയത്ത് അടയ്ക്കാതിരുന്നാല്‍ നേരിടേണ്ടി വരുന്ന ചില പ്രധാന പ്രശ്‌നങ്ങളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
കാര്‍ ഇഎംഐ മുടങ്ങുന്നത് ബാധിക്കുന്ന ആദ്യത്തെ കാര്യം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ആണ്. നിങ്ങളുടെ കാര്‍ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കും. മോശം ക്രെഡിറ്റ് സ്‌കോര്‍ ഭാവിയില്‍ വായ്പകള്‍ എടുക്കുന്നതിന് വെല്ലുവിളിയാക്കുന്നു. ഭാവി വായ്പകള്‍ക്കുള്ള നിങ്ങളുടെ യോഗ്യത നിര്‍ണയിക്കുന്നതിന് പോയ്മെന്റ് ഹിസ്റ്ററി ഒരു പ്രധാന ഘടകമാണ്.

നിങ്ങള്‍ കാര്‍ ഇഎംഐ തെറ്റിച്ചാല്‍ ഭാവിയില്‍ ഭവന വായ്പയോ വ്യക്തിഗത വായ്പയോ എടുക്കുമ്പോള്‍ കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ആണുള്ളതെങ്കില്‍ ഉയര്‍ന്ന പലിശനിരക്ക് നല്‍കേണ്ടി വരും. നിങ്ങളുടെ കാര്‍ ലോണ്‍ പേയ്‌മെന്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് ബാങ്കിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ നിയമ നടപടികളിലേക്ക് നയിച്ചേക്കാം. ദീര്‍ഘകാലത്തേക്ക് ഇഎംഐ പേയ്‌മെന്റുകള്‍ നഷ്ടപ്പെടുത്തിയാല്‍ കുടിശ്ശികയുള്ള തുക വീണ്ടെടുക്കുന്നതിന് കടം തരുന്ന ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കാം.
മുടങ്ങിയ ഇഎംഐ പേയ്‌മെന്റുകള്‍ ഭാവി ലോണുകള്‍ക്കുള്ള അംഗീകാരം ലഭിക്കാനുള്ള നിങ്ങളുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. കാരണം കടം നല്‍കുന്ന സ്ഥാപനം നിങ്ങള്‍ക്ക് ബ്ലാക്ക് മാര്‍ക്കിടും. നിരവധി മാസ തവണകള്‍ നഷ്ടപ്പെടുത്തിയാല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങളും കാര്‍ തിരിച്ചെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചേക്കാം. കുടിശ്ശികയുള്ള തുക വീണ്ടെടുക്കാന്‍ അവര്‍ നിങ്ങളുടെ വീടോ കാറോ പിടിച്ചെടുത്തേക്കാം. ഇത് കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കും.

വാഹനം വാങ്ങാനായി നിങ്ങള്‍ വായ്പയെടുക്കുന്ന തുകയ്ക്കുള്ള ഈടായി കാര്‍ തന്നെ ഉപയോഗിക്കുന്നു. കരാര്‍ പ്രകാരം നിങ്ങള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കടം നല്‍കിയവര്‍ക്ക് കാര്‍ തിരികെ എടുക്കാം. ഇഎംഐ അടയ്ക്കുന്നതില്‍ പരാജയപ്പെട്ട് കാര്‍ പിടിച്ചെടുത്താല്‍ നിങ്ങള്‍ക്ക് വാഹനത്തിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടും. വണ്ടി വിറ്റിട്ട് കുടിശ്ശിക കിഴിച്ചുള്ള തുക മാത്രമായിരിക്കും തിരികെ ലഭിക്കുക.
ഇഎംഐ മുടങ്ങുന്നത് കാരണം പലിശ കൂടുമെന്നതാണ് മറ്റൊരു പ്രശ്നം. ലോണ്‍ കാലാവധി മുഴുവന്‍ നിങ്ങള്‍ കൂടുതല്‍ പലിശ നല്‍കേണ്ടതായി വന്നേക്കാം. നിങ്ങള്‍ക്ക് ഒന്നിലധികം മാസതവണകള്‍ നഷ്ടപ്പെടുത്തുകയാണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിങ്ങളില്‍ നിന്ന് പെനാല്‍റ്റി ചാര്‍ജുകള്‍ ഈടാക്കിയേക്കാം. ഇത് ലോണിന്റെ ചിലവ് ഗണ്യമായി വര്‍ധിപ്പിക്കും.

കാര്‍ ലോണ്‍ മുടങ്ങുന്നത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഈ സമ്മര്‍ദം ഒരാളുടെ വ്യക്തി ജീവിതത്തെയും ജോലിയെയും പ്രതികൂലമായി ബാധിക്കുന്നു. സമാധാനമില്ലാത്ത അവസ്ഥയെയാണെല്ലോ പലപ്പോഴും നമ്മള്‍ 'നരകം' എന്ന് വിശേഷിപ്പിക്കാറ്. അതിനാല്‍, അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സമയബന്ധിതമായി കാര്‍ ലോണ്‍ തിരിച്ചടക്കാന്‍ ശ്രദ്ധിക്കുന്നത് നന്നാകും.
നിങ്ങളുടെ കാര്‍ ലോണ്‍ സമയബന്ധിതമായി തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചെയ്യാന്‍ കഴിയുന്ന ഒന്ന് ഇക്കാര്യം ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ചര്‍ച്ച ചെയ്യുക എന്നതാണ്. തിരിച്ചടവ് കാലയളവ് നീട്ടുകയോ മാസതവണയടക്കാനുള്ള തുക കുറയ്ക്കുകയോ പോലുള്ള പരിഹാരങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്തേക്കാം. അത് വലിയ ആശ്വാസമായി മാറും.
ലോണിട്ട് കാര്‍ വാങ്ങുമ്പോള്‍ റെഡി കാഷ് നല്‍കി വാങ്ങുന്നതിനേക്കാള്‍ ചില ഗുണങ്ങളുണ്ട്. എന്നാല്‍ പ്രതിമാസ തവണകളായി ഒരു വാഹനം വാങ്ങുന്ന സാഹചര്യങ്ങളില്‍ ഇഎംഐ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. ഇത് നിരവധി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങള്‍ ലോണ്‍ പേപ്പറുകളില്‍ ഒപ്പിടുന്നതിന് മുമ്പ് ഡോക്യുമെന്റ് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുകയും ബാധ്യതകള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ലോണ്‍ കിട്ടി കഴിഞ്ഞാല്‍ തുക ഇഎംഐകളായി തിരിച്ചടയ്ക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. കാര്‍ ലോണില്‍ കാലതാമസം വരുത്തുമ്പോഴോ വീഴ്ച വരുത്തുമ്പോഴോ നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഈ ലേഖനത്തില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്റെ വരുമാനം കൊണ്ട് തിരിച്ചടക്കാന്‍ സാധിക്കുന്ന തുക മാത്രം ഇഎംഐ ആയി നിശ്ചയിക്കാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








