വിന്‍ഡ്ഷീല്‍ഡിലെ ഫോഗിനെ തുരത്താന്‍ ഉരുളക്കിഴങ്ങ് വെച്ചൊരു 'പ്രയോഗം'; വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍ വേണ്ട
കാര്‍ ഓടിക്കുന്നവര്‍ക്ക് പലപ്പോഴും വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ് വിന്‍ഡ്ഷീല്‍ഡിലെ ഫോഗ്. ഇത്തരത്തിലുള്ള വിന്‍ഡ്ഷീല്‍ഡ് ഫോഗിംഗ് അത്യന്തം അപകടകരമാണ്. ഡ്രൈവിംഗിനിടെ കാഴ്ച മറക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവ വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. തിരക്കേറിയ റോഡുകളിലോ പ്രധാന ഹൈവേകളിലോ കൂടി സഞ്ചരിക്കുമ്പോള്‍ ആണെങ്കില്‍ അത് വളരെ അപകടമാണ്.
ഇതിന് പരിഹാരമായി നിരവധി ആന്റി-ഫോഗ്, ആന്റി-ഫ്രീസ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അവ അല്‍പ്പം ചെലവേറിയതാണെന്ന് മാത്രമല്ല ഒരുപക്ഷേ ആവശ്യം വരുമ്പോള്‍ കിട്ടിയെന്നും വരില്ല. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരം നമ്മുടെയെല്ലാം അടുക്കളയിലുണ്ടെന്ന് പറഞ്ഞാലോ?. അതെ നമ്മള്‍ ദിവസവും കഴിക്കുന്ന ഉരുളക്കിഴങ്ങിന് വളരെ ചെലവേറിയ ചില വസ്തുക്കള്‍ ചെയ്യുന്ന ഈ ജോലി വളരെ ഈസിയായി ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.

എന്നാല്‍ പലര്‍ക്കും വിന്‍ഡ്ഷീല്‍ഡിലെ ഫോഗിനെ തുരത്താന്‍ ഉരുളക്കിഴങ്ങ് വെച്ചൊരു 'പ്രയോഗം' ഉണ്ടെന്ന കാര്യം അറിയില്ല. അറിഞ്ഞാല്‍ മുകളില്‍ പറഞ്ഞ ആന്റി ഫോഗ് ഉല്‍പ്പന്നങ്ങളെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. മഴക്കാലത്തും മഞ്ഞുകാലത്തുമാണ് വാഹനങ്ങളുടെ ഗ്ലാസുകള്‍ ഫോഗ് ചെയ്യപ്പെടുന്നത്. പുതിയ ഗ്ലാസ് ആണെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ല. നേരെ മറിച്ച് ഏതാനും വര്‍ഷം പഴക്കമുള്ള കാറുകളുടെ വിന്‍ഡ്ഷീല്‍ഡില്‍ ഇത്തരം ബുദ്ധിമുട്ടുകളുടെ സൂചനകള്‍ കാണിച്ച് തുടങ്ങിയിട്ടുണ്ടാകും.
കാര്‍ വളരെ നേരം വെയിലത്ത് പാര്‍ക്ക് ചെയ്യുന്നതെല്ലാം കാലക്രമേണ വിന്‍ഡ്ഷീല്‍ഡ് ഫോഗിങ്ങിന് കാരണമായേക്കും. ഗ്ലാസ് കേടായിത്തുടങ്ങുമ്പോള്‍ ആണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. നമ്മള്‍ വീട്ടില്‍ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാം എന്ന് നമുക്ക് നോക്കാം. വിന്‍ഡ്ഷീല്‍ഡ് മറയ്ക്കുന്ന ഫോഗ് ഒഴിവാക്കാനായി ആദ്യം ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കണം. ശേഷം നമ്മള്‍ മുറിച്ച ഭാഗം ഉപയോഗിച്ച് വിന്‍ഡ് ഷീല്‍ഡില്‍ നന്നായി തേക്കുക.

ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്കായി തേച്ചാല്‍ എല്ലാ ഭാഗത്തും ഉരുളക്കിഴങ്ങിന്റെ അംശം എത്തും. ശേഷം ഇത് ഗ്ലാസില്‍ ഒരു പാളി പോലെ പ്രവര്‍ത്തിക്കുന്നു. ഇത് ഗ്ലാസില്‍ വെള്ളത്തുള്ളികളും ഫോഗുമുണ്ടാകുന്നത് തടയുന്നു. ചിലപ്പോള്‍ ഉരുളക്കിഴങ്ങിന്റെ ബാക്കി ഭാഗങ്ങള്‍ ഗ്ലാസില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. അവ ഒരു മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് കളയണം. ഉരുളക്കിഴങ്ങില്‍ ഉള്‍പ്പെട്ട അന്നജമാണ് വിന്‍ഡ്ഷീല്‍ഡില്‍ ഫോഗും ഐസുമെല്ലാം രൂപപ്പെടുന്നത് തടയുന്നത്.
ഇത് വിന്‍ഡ്ഷീല്‍ഡിനും പുറത്ത് നിന്നുള്ള വസ്തുക്കള്‍ക്കുമിടയില്‍ ഒരു തടസ്സമായി നിലനില്‍ക്കും. എന്നാല്‍ പലര്‍ക്കും ഈ ട്രിക്ക് അറിയില്ല. നമ്മുടെ അടുക്കളയിലുള്ള ഉരുളക്കിഴങ്ങ് വഴി വിന്‍ഡ്ഷീല്‍ഡിലെ ഫോഗ് ക്ലീന്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ക്യാഷ് മുടക്കുന്നത് എന്തിനാണ്. മഞ്ഞുകാലത്ത് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ വെള്ളത്തുള്ളികള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ തലേദിവസം രാത്രി കാറിന്റെ ഉരുളക്കിഴങ്ങ് ഇത്തരത്തില്‍ പുരട്ടിയാല്‍ മതി. അതുപോലെ വ്യക്തമായ കാഴ്ച ലഭിക്കാന്‍ റിയര്‍വ്യു മിറററിലും ഇങ്ങനെ ചെയ്യുന്നത് നന്നാകും.

അത് മഴക്കാലത്തെല്ലാം പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വ്യക്തമായ കാഴ്ച നല്‍കുന്നു. ഇതേ രീതിയില്‍ വിന്‍ഡ്ഷീല്‍ഡിലെ ഫോഗ് ശല്യം ഒഴിവാക്കാന്‍ ചിലര്‍ ഉള്ളിയും ഉപയോഗിക്കാറുണ്ട്. ഇതും ഫലപ്രദമാണെന്നാണ് പറയുന്നത്. ഇത്തരം ട്രിക്കുകള്‍ അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് തടയുക മാത്രമല്ല ഒരുപാട് പണവും ലാഭിക്കും. വിപണിയില്‍ നൂറു കണക്കിന് രൂപ ചിലവുള്ള ഉല്‍പ്പന്നങ്ങളുടെ സ്ഥാനത്ത് വെറും ഉരുളക്കിഴങ്ങ് മതിയെന്ന് പറയുന്നത് ചിലപ്പോള്‍ തമാശയായി തോന്നാം.
എന്നാല്‍ ഇതിന്റെ ഉപയോഗം തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കാണാം. എന്നാല്‍ ഉരുളക്കിഴങ്ങും ഉള്ളിയും ഇതുപോലെ ഉപയോഗിക്കുന്നത് ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. എല്ലായ്‌പ്പോഴും ശരിയായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കാര്‍ നല്ല രീതിയില്‍ പരിപാലിക്കുന്നതാണ് നല്ലത്. കാറിന്റെ വിന്‍ഡ്ഷീല്‍ഡിലെ കാഴ്ചമറയുന്ന സാഹചര്യങ്ങളില്‍ ഇവ പ്രയോഗിക്കാം. അല്ലാത്തപക്ഷം കാര്‍ ശരിയായ രീതിയില്‍ പരിപാലിക്കുകയാണ് ഏറ്റവും ഉത്തമം.


Click it and Unblock the Notifications








