മഴക്കാലത്ത് കാർ വൃത്തിയായി സൂക്ഷിക്കാൻ ബുദ്ധിമുട്ടുകയാണോ? പോംവഴി ഇതൊക്കെയാണ് കേട്ടോ
വാഹനം വൃത്തിയായി സൂക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സമയമാണ് മഴക്കാലം. എത്ര വൃത്തിയാക്കി പുറത്തേക്ക് ഇറക്കിയാലും മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള തുളളികൾ തെറിച്ച് വാഹനം മുഴുവൻ ചെളിയാകും. ഇതിന് വേണ്ടി പല വാഹനമുടമകളും പിപിഎഫ് കോട്ടിങ്ങ് ചെയ്യാറുണ്ട്. എന്നാൽ അത്രയും ചിലവുള്ള കാര്യം ചെയ്യാൻ കഴിയാത്തവർക്ക് വേണ്ടി മറ്റ് പോംവഴികളുണ്ട് കേട്ടോ. അതാണ് സെറാമിക് കോട്ടിങ്ങും കാർ വാക്സിങ്ങും. ഇതിൽ ഏതാണ് മികച്ചതെന്ന് പലർക്കും ഒരു സംശയമുണ്ട്. ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്ന വിഷയവും ഇതാണ്.
ഇനിയങ്ങോട്ട് മഴ ശക്തമായത് കൊണ്ട് തന്നെ വാഹനം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ വാഹനത്തിൻ്റെ എക്സ്റ്റീരിയർ സംരക്ഷിക്കാൻ ഏറ്റവും മികച്ച വഴിയാണ് സെറാമിക് കോട്ടിങ്ങ്.ഇതിനായി ആദ്യം തന്നെ അടുത്തുള്ള കാർ വാഷ് സെൻ്റിറിൽ പോയി വാഹനം വൃത്തിയായി കഴുകിക്കുക. അതിന് ശേഷം അവരോട് സെറാമിക് കോട്ടിങ്ങ് വാഹനത്തിൽ ചെയ്യാൻ പറയുക. 1300 രൂപ മുതലാണ് സെറാമിക് കോട്ടിങ്ങിൻ്റെ നിരക്ക്. പല സ്ഥലത്തും നിരക്ക് വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യം ഓർമ വേണം കേട്ടോ.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സെറാമിക് കോട്ടിംഗ് കാറിൻ്റെ ഉപരിതലത്തിൽ പ്രയോഗിക്കുന്ന ഒരുതരം ലിക്വിഡ് പോളിമറാണ്. പെയിൻ്റിൻ്റെ വ്യക്തമായ കോട്ടിന് മുകളിൽ ഒരു കെമിക്കൽ ബോണ്ട് ഉണ്ടാക്കുന്നതാണ് സംഭവം. കാറിന് മികച്ച തിളക്കം നല്‍കാന്‍ സെറാമിക്കിന് സാധിക്കുമെന്നതിലുപരി അസിഡിക്കായ ജലം, പക്ഷി കാഷ്ഠം മുതലായവയിൽ നിന്നുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്നും ഈ കോട്ടിംഗിന് സാധിക്കും.
പുതിയതായാലും പഴയതായാലും കാറിന് തിളക്കം തോന്നിപ്പിക്കുന്ന ഗ്ലാസ് പോലെ തോന്നിക്കുന്ന ഫിനിഷിംഗാണ് സെറാമിക് കോട്ടിംഗിന്റെ പ്രത്യേകത. ഈ കോട്ടിംഗ് ഹൈഡ്രോഫോബിക് ഗുണങ്ങളും ചേർക്കുന്നുണ്ട്. അതായത് വെള്ളം, അഴുക്ക്, പൊടി എന്നിവ സ്വയമേവ അല്ലെങ്കിൽ ഒരു ചെറിയ വെള്ളം കൊണ്ട് പോലും ബോഡിയിൽ നിന്നും അപ്രത്യക്ഷമാവും. സൂര്യനിൽ നിന്നുള്ള യുവി ലൈറ്റിൽ നിന്നും സംരക്ഷണം നൽകുകയും സെറാമിക്കിൻ്റെ ഗുണനിലവാരം അനുസരിച്ച് ഓക്സിഡേഷനും പെയിൻ്റ് മങ്ങലും ഒരു പരിധി വരെ തടയുകയും ചെയ്യും.

ശരിയായി മെയിന്റനെൻസ് ചെയ്യുകയാണെങ്കിൽ ഈ കോട്ടിംഗ് സാധാരണയായി വർഷങ്ങളോളം നീണ്ടുനിൽക്കും. അതുവഴി വാക്സിംഗ് ആവശ്യം ഇല്ലാതാക്കുന്നു. ഏകദേശം 5 വർഷം വരെയാണ് സെറാമിക് കോട്ടിംഗിന് പറയുന്ന കാലവധി. നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ സെറാമിക്കിനും ചില ദോഷങ്ങളുമുണ്ട്. ചെറിയ പോറലുകൾക്കെതിരെ ഇത് സംരക്ഷണം നൽകുമെങ്കിലും കല്ലടിച്ചുണ്ടാവുന്ന പ്രശ്നങ്ങൾക്കും വലിയ പോറലുകൾക്കും സെറാമിക് കോട്ടിംഗ് ഫലപ്രദമല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.
കാറിന്റെ പുറംഭാഗം വാക്‌സിംഗ് ചെയ്യുന്നത് പെയിന്റിന് മുകളിൽ ഒരു സംരക്ഷണം നൽകുന്നതിന് സമാനമാണ്. ഇത് അഴുക്ക്, പൊടി, മലിനീകരണം, വെള്ളം, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവയിൽ നിന്ന് പെയിന്റിനെ സംരക്ഷിക്കുന്ന കാര്യമാണ്. ചെറിയ പോറലുകളിൽ നിന്നും മറ്റ് ചെറിയ പാടുകളിൽ നിന്നും രക്ഷനേടാനും ഒരു നല്ല വാക്‌സിന്റെ ഉപയോഗത്തിലൂടെ സാധിക്കും. കൃത്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏതാനും മാസങ്ങൾ കൂടുമ്പോൾ കാർ വാക്‌സ് ചെയ്യുന്നതാണ് ശുപാർശ ചെയ്യുന്നത്.
അത് പോലെ തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മഴക്കാലമാണ് അമിത ആവേശം പാടില്ല. മുന്നിലുള്ളത് വഴിയാണോ പുഴയാണോ കുഴിയാണോ എന്ന് തിരിച്ചറിയാൻ ഏത് കൊമ്പത്തെ ആഡംബര വണ്ടി ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. അത് കൊണ്ട് വളരെ മാന്യമായി തന്നെ വാഹനമോടിക്കാൻ ശ്രദ്ധിക്കുക. നിങ്ങളെ ആരെങ്കിലും ഓവർടേക്ക് ചെയ്ത് പോയാലും നിങ്ങളിൽ ഒരു രോഷവും ഉണ്ടാകരുത്.വീട്ടിൽ നിങ്ങളെ കാത്തിരിക്കുന്നവരെ ഓർത്താൽ ദേഷ്യവും രോഷവും തനിയെ മാറിക്കോളും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








