കാര്‍ ഡോറിലെ ഈ ബട്ടൺ നോക്കി വെച്ചേക്കൂ; കുട്ടികളുണ്ടെങ്കില്‍ ചില്ലറ ഉപകാരമൊന്നുമല്ല
നിങ്ങള്‍ കാര്‍ സ്വന്തമായി ഉള്ളവരാണെങ്കിലും അതിന്റെ ഓരോ ഭാഗങ്ങളും സൂക്ഷ്മമായി അറിയാന്‍ സാധ്യതയില്ല. കാറിന്റെ പിന്‍വശത്ത് ഡോറില്‍ ഒരു ചെറിയ ബട്ടണ്‍ ഉള്ളത് ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ചൈല്‍ഡ് ലോക്ക് എന്നാണ് അതിനെ വിളിക്കാറ്. ചൈല്‍ഡ് ലോക്ക് എന്താണ്?. അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന കാര്യങ്ങളാണ് നമ്മള്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
ആരായാലും ഇന്ന് കാര്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന കൊടുക്കുന്നത് സുരക്ഷക്കാണ്. വിലയും മൈലേജും മാത്രം നോക്കി കാര്‍ വാങ്ങിയിരുന്ന ലെവലില്‍ നിന്ന് ആളുകള്‍ ഒരുപാട് മുന്നേറി. അതുപോലെ കാര്‍ നിര്‍മാതാക്കളും ഇന്ന് സുരക്ഷിതമായ കാര്‍ നിര്‍മിക്കാനായി മത്സരിക്കുകയാണ്. ക്രാഷ് ടെസ്റ്റില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടുന്ന കാറുകള്‍ക്കുള്ള ഡിമാന്‍ഡ് തന്നെ അതിന്റെ കാര്യം.

മത്സരം കടുക്കുന്നതിനാല്‍ അടുത്ത കാലത്തായി നിരവധി വാഹന നിര്‍മാതാക്കള്‍ കൂടുതല്‍ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ബാഗുകള്‍, എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ ഇന്ന് കാറുകളില്‍ സാധാരണമാണ്. കുടുംബവും കുട്ടികളുമായിക്കഴിഞ്ഞാല്‍ നമ്മുടെ സ്വഭാവത്തിലും പ്രവര്‍ത്തികളിലുമെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും. ഡ്രൈവിംഗിലും ആ മാറ്റം പ്രകടമാകും. അതിനാല്‍ കുട്ടികളുള്ള എല്ലാവരും ഒന്ന് ശ്രദ്ധിക്കേണ്ട ഒരു സേഫ്റ്റി ഫീച്ചര്‍ ആണ് ചൈല്‍ഡ് ലോക്ക്.
ഇന്നത്തെ മിക്ക കാറുകളും ചൈല്‍ഡ് ലോക്ക് സജ്ജീകരിച്ചാണ് വരുന്നത്. എന്നാല്‍ പല ആളുകള്‍ക്കും ചൈല്‍ഡ് ലോക്ക് കാണുന്നതല്ലാതെ അതിന്റെ ഉപയോഗം അറിയില്ല. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. കൈക്കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ ചൈല്‍ഡ് ലോക്കിനെ കുറിച്ച് നമ്മള്‍ വേവലാതിപ്പെടേണ്ട കാര്യമില്ല. എന്നാല്‍ കുട്ടികള്‍ അല്‍പം വലുതായിക്കഴിഞ്ഞാല്‍ അവര്‍ ഒരിടത്തും അടങ്ങിയിരിക്കില്ല. കുട്ടികളെ നാം പിന്‍സീറ്റിലാണ് പൊതുവേ ഇരുത്തുക.

കുഞ്ഞുങ്ങള്‍ക്ക് എല്ലാത്തിനോടും കൗതുകമായതിനാല്‍ അവര്‍ കാറിന്റെ ഓരോ പാര്‍ട്സും പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ സാധ്യതയുണ്ട്. കാര്‍ നീങ്ങുമ്പോള്‍ നാം സെന്‍ട്രല്‍ ലോക്കിംഗ് സജീവമാക്കുന്നു. അത്തരം സാഹചര്യത്തില്‍ കാറിന്റെ പിന്‍സീറ്റിലിരിക്കുന്ന കുട്ടികള്‍ക്ക് ഡോര്‍ തുറക്കാന്‍ ശ്രമിച്ചാലും പറ്റില്ല. എന്നാല്‍ നമ്മള്‍ ഫോണില്‍ സംസാരിക്കാനോ മറ്റോ കാര്‍ നിര്‍ത്തിയാല്‍ സെന്‍ട്രല്‍ ലോക്ക് അണ്‍ലോക്ക് ആകും.
ഇത്തരം സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ അത് ഓപ്പണ്‍ ആകും. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഒരുപക്ഷേ ഇത് ശ്രദ്ധിക്കാന്‍ പറ്റിയെന്ന് വരില്ല. വികൃതിക്കുട്ടികള്‍ ആണെങ്കില്‍ അവര്‍ വണ്ടി വിട്ട് പുറത്തിറങ്ങിപ്പോയേക്കാം. ഡോര്‍ തുറന്ന് കിടക്കുന്നതറിയാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്താല്‍ അപകടം സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് നമ്മള്‍ ചൈല്‍ഡ് ലോക്ക് ഉപയോഗിക്കുന്നത്.
കുട്ടികള്‍ പിന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ ചൈല്‍ഡ് ലോക്ക് ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അകത്ത് നിന്ന് തുറക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഇറങ്ങി വന്ന് പുറത്ത് നിന്ന് തുറക്കുന്നതുവരെ കാറിന്റെ പിന്‍വശത്തെ ഡോറുകള്‍ തുറക്കാന്‍ കഴിയില്ല. ചൈല്‍ഡ് ലോക്കിന്റെ പ്രധാന സവിശേഷതയാണിത്. മുതിര്‍ന്നവര്‍ അറിയാതെ കാറില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിപ്പോകുന്നതും കുട്ടികളുടെ കുസൃതി കൊണ്ടോ അല്ലാതെയോ ഡോര്‍ തുറന്നുണ്ടാകുന്ന അപകടങ്ങയെും തടയാം.
എന്നാല്‍ ചില സാഹചര്യങ്ങളില്‍ ചൈല്‍ഡ് ലോക്ക് ദോഷകരമായും ബാധിക്കാം. നിങ്ങള്‍ ഒരുപക്ഷേ ഒരിടത്ത് കാര്‍ നിര്‍ത്തി പുറത്തേക്ക് പോയി എന്ന് കരുതുക. ചൈല്‍ഡ് ലോക്ക് ആക്ടീവ് ആണെങ്കില്‍ കുട്ടികള്‍ക്ക് ഡോര്‍ പുറത്ത് നിന്ന് തുറക്കാതെ വെളിയില്‍ ഇറങ്ങാന്‍ നിര്‍വാഹമുണ്ടാകില്ല. വെയിലെത്തോ മറ്റോ ആണ് പാര്‍ക്ക് ചെയ്തതെങ്കില്‍ കുഞ്ഞുങ്ങളെ അത് അപകടത്തില്‍ പെടുത്തിയേക്കാം. മരണം വരെ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ചൈല്‍ഡ് ലോക്കിന്റെ ഉപയോഗവും സൂക്ഷിച്ച് വേണം.

ചൈല്‍ഡ് ലോക്ക് ദോഷകരമായി ബാധിച്ചേക്കാവുന്നത് വല്ല അപകടവും സംഭവിക്കുന്ന സാഹചര്യത്തിലാണ്. ദൗര്‍ഭാഗ്യവശാല്‍ കാര്‍ അപകടത്തില്‍ പെടുകയും പിന്‍സീറ്റിലിരിക്കുന്ന കുട്ടിക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടെങ്കിലും ചൈല്‍ഡ് ലോക്ക് ഓണാക്കിയിട്ടിരിക്കുകയാണെങ്കില്‍ പണി പാളും. ജീവന്‍ രക്ഷിക്കാനായി കുട്ടികളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞാലും അവര്‍ക്ക് ഡോര്‍ തുറക്കാന്‍ കഴിയില്ല.
പുറത്ത് നിന്ന് ആരെങ്കിലും തുറന്നാല്‍ മാത്രമേ ഡോറുകള്‍ തുറക്കൂ. എന്നാല്‍ ദോഷങ്ങളെക്കാള്‍ ഏറെ ഗുണങ്ങള്‍ ആയതിനാല്‍ ചൈല്‍ഡ് ലോക്ക് സംവിധാനവുമായാണ് കാറുകള്‍ വരുന്നത്. പല കാര്‍ ഉടമകളും ഇത് കണ്ടിട്ടുണ്ടാവുമെങ്കിലും അതിന്റെ ഉപയോഗം പലര്‍ക്കും അറിയാന്‍ സാധ്യതയുണ്ടാകില്ല. ഇന്നത്തെ ചില മോഡേണ്‍ കാറുകളില്‍ ഇലക്ട്രോണിക് ചൈല്‍ഡ് ലോക്ക് സംവിധാനമാണുള്ളത്. അതിനുള്ള ഡോര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഡാഷ്ബോര്‍ഡില്‍ സജജീകരിച്ചിട്ടുണ്ടാകും.
ചിലപ്പോള്‍ അത് സ്റ്റിയറിംഗ് വീലില്‍ വരാറുണ്ട്. കാറിന്റെ മോഡല്‍ അനുസരിച്ച് ചൈല്‍ഡ് ലോക്ക് ആക്ടിവേറ്റ് ചെയ്യുന്നത് വ്യത്യാസപ്പെട്ടിരിക്കാം. അതിനാല്‍ അത് മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം കാറിന്റെ ഓണേഴ്സ് മാനുല്‍ വായിക്കുക എന്നതാണ്. കുസൃതിക്കുടുക്കകളായ കുഞ്ഞുങ്ങളോടൊപ്പം നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സുരക്ഷക്കായി ചൈല്‍ഡ് ലോക്ക് സംവിധാനം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.


Click it and Unblock the Notifications








