മണവാളനെ പോലെ പടക്കങ്ങള്‍ നിങ്ങള്‍ക്ക് വീക്ക്‌നെസാണോ? എങ്കില്‍ കാറിന്റെ സേഫ്റ്റിക്ക് ഇക്കാര്യങ്ങള്‍ ചെയ്യണേ...
ദീപാവലി ഇങ്ങടുത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ആളുകള്‍ ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു. ഉത്സവ കാലത്ത് പടക്കം പൊട്ടിക്കുമ്പോള്‍ നമ്മുടെ വാഹനങ്ങളിലും ഒരു കണ്ണുവേണം. ഈ കാലയളവില്‍ നിങ്ങളുടെ വാഹനത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ദീപാവലി സമയത്ത് കാറുകള്‍ സുരക്ഷിതമായി സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ വായിക്കാം.
പാര്‍ക്കിംഗ് ശ്രദ്ധിക്കുക: ഈ ദീപാവലി സമയത്ത് നിങ്ങളുടെ വാഹനം ഷെഡിലോ അല്ലെങ്കില്‍ ബേസ്‌മെന്റ് പോലുള്ള സുരക്ഷിത പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. ഗരാജ് പോലെ സുരക്ഷിതമായ പാര്‍ക്കിംഗ് സ്ഥലം ഇല്ലെങ്കില്‍ പടക്കങ്ങളില്‍ നിന്നുള്ള സംരക്ഷണം ഒഴിവാക്കാനായി ഒരു മരത്തിനടിയിലോ മറ്റോ പാര്‍ക്ക് ചെയ്യുന്നത് കാറിന് സംരക്ഷണം നല്‍കും.

പടക്കം പൊട്ടിക്കുന്നതിന് സമീപം പാര്‍ക്ക് ചെയ്യരുത്: വര്‍ഷം മുഴുവനും നിങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തായിരിക്കാം കാര്‍ പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ദീപാവലി സമയത്ത് ജനങ്ങള്‍ ഒരുമിച്ച് കൂടി പടക്കം പൊട്ടിക്കാന്‍ സാധ്യതയുള്ള ഇടമാണ് അതെങ്കില്‍ അവിടെ വണ്ടി നിര്‍ത്തിയിടാതിരിക്കുക. പടക്കം പൊട്ടിക്കുന്ന ഇടങ്ങള്‍ക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്താല്‍ അത് വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണം.
കാര്‍ കവര്‍ ഉപയോഗിക്കരുത്: വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ കാര്‍ കവര്‍ ഉപയോഗിച്ച് മൂടിയിടുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ദീപാവലി സമയത്ത് ഇങ്ങനെ ചെയ്യുന്നത് തെറ്റായ ഫലം ചെയ്യും. എളുപ്പം തീപിടിക്കാന്‍ സാധ്യതയുള്ള മെറ്റീരിയലുകള്‍ കൊണ്ടാണ് കാര്‍ കവറുകള്‍ നിര്‍മിക്കുന്നത്. പടക്കം പൊട്ടിക്കുന്ന സമയത്ത് ചെറിയൊരു തീപ്പൊരി വന്ന് പതിച്ചാല്‍ എല്ലാം തീരും. കാര്‍ കവര്‍ കത്തുകയും അത് കാറിന് നാശമുണ്ടാക്കുകയും ചെയ്യും.

താല്‍കാലിക പാര്‍ക്കിംഗ്: പലരും സാധാരണയായി തങ്ങളുടെ കാറുകള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യാറുണ്ട്. ഇത് അപകടകരമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ താല്‍ക്കാലികമായി വണ്ടി പാര്‍ക്ക് ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാം. പെയ്ഡ് മള്‍ട്ടിസ്‌റ്റോറി പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പല പട്ടണങ്ങളിലും ലഭ്യമാണ്. പടക്കം വീണുണ്ടാകുന്ന കേടുപാടുകളേക്കാള്‍ എത്രയോ ചെലവ് കുറവായിരിക്കും അത്.
ഫോട്ടോ എടുക്കുക: പടക്കം പൊട്ടിക്കാന്‍ സാധ്യതയുള്ള പ്രദേശത്ത് പാര്‍ക്ക് ചെയ്യുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ല എന്ന സാഹചര്യത്തില്‍ കാറിന്റെ കുറച്ച് ഫോട്ടോസ് എടുത്ത് വെക്കണം. അസുഖകരമായ എന്തെങ്കിലും സാഹചര്യമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ ഇത് സഹായകമായിരിക്കും. കാര്‍ കേടായതെങ്ങനെയെന്ന് വിശദീരീകരിക്കാന്‍ ഈ ഫോട്ടോകള്‍ ഉപകാരപ്രദമാകും.

ദീപാവലി സമയത്ത് പ്രായഭേദമന്യേ എല്ലാവരും പടക്കം പൊട്ടിക്കും. എന്നാല്‍ വാഹനങ്ങളെ കുറിച്ച് പലരും ബോധവാന്‍മാരായിരിക്കില്ല. പ്രത്യേകിച്ച് കുട്ടികള്‍. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം അസുഖം വരാതെ നോക്കുകയല്ലേ എന്ന ചൊല്ല് പോലെ നമ്മളുടെ മുന്‍കരുതലാണ് പ്രധാനം. അത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ സംരക്ഷിക്കും. അതിനാല്‍ ദീപാവലി സമയത്ത് അനാവശ്യമായ കേടുപാടുകള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.
റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് മാത്രമല്ല പൊതുജനങ്ങള്‍ക്ക് അതൊരു ശല്യമായി മാറാനുമിടയുണ്ട്. അതിനാല്‍ വാഹനത്തിനായി സുരക്ഷിതമായ ഒരു പാര്‍ക്കിംഗ് സൗകര്യം ഒരുക്കുക. ദീപാവലി സമയത്ത് മാത്രമല്ല മോഷണം പോലെ നേരിട്ടേക്കാവുന്ന മറ്റ് പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലും കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനം ഉപകാരപ്രദമാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ കാറുള്ള നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








