ദീപാവലി സമയത്ത് കാര്‍ മൂടല്ലേ..! കവര്‍ ചെയ്താലാണ് 'പണി' കിട്ടുക
രാജ്യം മൊത്തം ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. വടക്കേ ഇന്ത്യയിലെയും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയും അത്ര വിപുലമായി കേരളത്തില്‍ ആഘോഷങ്ങള്‍ ഇല്ലെങ്കിലും അതിര്‍ത്തി ജില്ലകളില്‍ വളരെ വിപുലമായ രീതിയിലാണ് ദീപാവലി കൊണ്ടാടുന്നത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കെങ്കേമമാക്കുന്നു. ഈ സമയങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് വഴി കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. കേരളത്തില്‍ പടക്കം പൊട്ടിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമയം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും ദീപാവലി സമയത്ത് പടക്കങ്ങളില്‍ നിന്ന് വാഹനങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം.
അടച്ചിട്ട പാര്‍ക്കിംഗ് സൗകര്യം
ദീപാവലി ദിവസത്ത് നിങ്ങളുടെ വാഹനം പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി അടച്ച സ്ഥലങ്ങളിലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാറുകള്‍ക്കായി ഒരുക്കിയിട്ടുള്ള ഷെഡുകളോ അപ്പാര്‍ട്ട്‌മെന്റുകളുടെ ബേസ്‌മെന്‍േറാ പോലെ പടക്കം പൊട്ടിക്കാന്‍ സാധ്യതയില്ലാത്ത ഇടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ ചിലര്‍ക്ക് ഇത്തരം പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലായിരിക്കാം. അങ്ങനെയുള്ളവര്‍ക്ക് മുന്‍കരുതലായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

അടച്ചിട്ട പാര്‍ക്കിംഗ് കിട്ടിയില്ലെങ്കില്‍ മരത്തിന്റെ തണലിലോ വാഹനത്തിന് മതിയായ സംരക്ഷണം ലഭിക്കുന്ന തരത്തില്‍ കവര്‍ ചെയ്ത ഏതെങ്കിലും സ്ഥലത്തോ നിര്‍ത്താം. മുന്‍കൂട്ടി കാര്‍ പാര്‍ക്ക് ചെയ്യാനായി ഇത്തരത്തില്‍ ഒരു ഇടം കണ്ടെത്തുന്നത് നന്നാകും. നിങ്ങള്‍ സാധാരണയായി വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നവരാണെങ്കില്‍ ഉടനടി മാറ്റുന്നതാണ് നല്ലത്. അവിടെ പടക്കങ്ങള്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യാം.
കവര്‍ ഒഴിവാക്കുക
കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷം ചിലര്‍ കവറിട്ട് മൂടാറുണ്ട്. കാര്‍ മഴയും വെയിലും കൊള്ളാതിരിക്കാനും പൊടിയില്‍ നിന്ന് സംരക്ഷിക്കാനുമെല്ലാം വേണ്ടിയാണ് കാര്‍ കവര്‍ വാങ്ങി അത് മൂടിയിടുന്നത്. എന്നാല്‍ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കാന്‍ സാഹചര്യം കൂടുതലായതിനാല്‍ കാര്‍ കവര്‍ ചെയ്യുന്നത് കൂടുതല്‍ അപകടകരമാണ്. കാര്‍ കവറുകള്‍ സാധാരണയായി പ്ലാസ്റ്റിക് അല്ലെങ്കില്‍ തുണി കൊണ്ട് നിര്‍മിക്കുന്നവയാണ്.

അബദ്ധത്തില്‍ പടക്കമോ അല്ലെങ്കില്‍ പടക്കത്തില്‍ നിന്ന് തെറിക്കുന്ന ഒരു തീപ്പൊരിയോ മതിയാകും വാഹനം അഗ്‌നിക്കിരയാകാന്‍. കാര്‍ കവറില്‍ പടക്കം വീണ് തീ പിടിച്ചാല്‍ അത് വലിയ നാശനഷ്ടങ്ങള്‍ വരുത്തും. അതിനാല്‍ ദീപാവലി സമയത്ത് പടക്കം പൊട്ടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാര്‍ കവറിട്ട് മൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാറിന് മുകളിലേക്ക് പടക്കം വന്ന് പതിക്കുന്നതിനേക്കാള്‍ തീപിടുത്ത സാധ്യത കൂടുതല്‍ തുണി കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ നിര്‍മിച്ച കവറുകളില്‍ വീഴുന്നത് ആണ്.
താല്‍ക്കാലിക പാര്‍ക്കിംഗ്
ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ സാധ്യതയുള്ള പാതകളുടെ വശങ്ങളിലാണ് നിങ്ങള്‍ കാര്‍ നിര്‍ത്താറുള്ളതെങ്കില്‍ ചെയ്യാന്‍ പറ്റുന്ന ഒരു സംഗതി താല്‍ക്കാലിക പാര്‍ക്കിംഗ് സൗകര്യം കണ്ടുവെക്കുക എന്നതാണ്. നിങ്ങള്‍ക്ക് അറിയുന്ന വര്‍ക്ക്‌ഷോപ്പിലോ, പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലോ, അല്ലെങ്കില്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമായ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലോ താല്‍ക്കാലികമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് സുരക്ഷിതമായി മാറ്റുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുക
മുകളില്‍ പറഞ്ഞ ഉപായങ്ങള്‍ ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയെന്നത്. നിങ്ങള്‍ സാധാരണയായി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് തന്നെ വാഹനം നിര്‍ത്തി ചുറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തുക. ശേഷം തീയതിയും സമയവും രേഖപ്പെടുത്തി ഇവ ജിയോ ടാഗ് ചെയ്യുക. ദൗര്‍ഭാഗ്യവശാല്‍ പടക്കംപൊട്ടിക്കല്‍ കാരണം വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഈ ചിത്രങ്ങള്‍ തെളിവായി സമര്‍പ്പിക്കാം.
ദീപാവലിയായാലും വിഷുവായാലും പടക്കംപൊട്ടിക്കല്‍ ആഘോഷത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിരുവിട്ട ആഘോഷം നിമിത്തം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. പടക്കത്തില്‍ നിന്നുള്ള ഒരു തീപ്പൊരി മതി ഒരു വാഹനം ചാമ്പലാക്കാന്‍. നമ്മള്‍ എത്ര മുന്‍കരുതല്‍ എടുത്താലും ചിലര്‍ക്ക് യാതൊരു ശ്രദ്ധയും കാണില്ല. അതിനാല്‍ ദീപാവലി സമയത്ത് അടച്ചിട്ട പാര്‍ക്കിംഗിലോ താല്‍ക്കാലിക സൗകര്യങ്ങളിലോ വാഹനം സൗകര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








