ഇക്കാര്യങ്ങള്‍ ചെയ്യുന്നുണ്ടോ? ചുമ്മാതല്ല ബ്രേക്ക് പാഡ് എളുപ്പം തേഞ്ഞുതീരുന്നത്
വാഹനം ഏതായാലും അതില്‍ വളരെ അത്യാവശ്യമായ സുരക്ഷ സവിശേഷതയാണ് ബ്രേക്കുകള്‍. നല്ല കണ്ടീഷനിലുള്ള ബ്രേക്കുകള്‍ ഇല്ലാത്ത വാഹനം ഓടിക്കുന്നത് ഒരുപക്ഷേ നിങ്ങളുടെ ജീവന്‍ വരെ അപകടത്തിലാക്കിയേക്കാം. നിരവധി ഘടകങ്ങള്‍ ചേരുന്നതാണ് ഒരു വാഹനത്തിന്റെ ബ്രേക്കിംഗ് സിസ്റ്റം. അതിലെ ഒരു സുപ്രധാന ഘടകമാണ് ബ്രേക്ക് പാഡുകള്‍.
വാഹനത്തിന്റെ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്കിടയില്‍ നാം പലപ്പോഴും ബ്രേക്ക് പാഡുകള്‍ മാറ്റാറുണ്ട്. ഒപ്പം ബ്രേക്ക് പാഡുകള്‍ എളുപ്പം തേഞ്ഞു തീരുന്നതായി ചിലര്‍ പരാതിപ്പെടാറുണ്ട്. വാഹനം ഓടിക്കുമ്പോള്‍ ആവശ്യാനുസരണം ബ്രേക്ക് അമര്‍ത്തേണ്ടത് അത്യാവശ്യമാണല്ലോ. അതിനാല്‍ ബ്രേക്ക് പാഡുകള്‍ എളുപ്പം തേഞ്ഞു തീരുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ ബ്രേക്ക് പാഡിന്റെ പരിപാലനത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

ഇന്ന് നമ്മുടെ നാട്ടില്‍ റോഡുകള്‍ അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു മഴ പെയ്താല്‍ അവ കുളമാകുന്നത് കാണാം. കഴിഞ്ഞ മഴക്കാലത്ത് റോഡിലെ കുഴികള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പലപ്പോഴും ടോളുകള്‍ നല്‍കി യാത്ര ചെയ്യുന്ന ദേശീയ പാതകളില്‍ വരെ കുണ്ടുംകുഴിയും കാണാം. റോഡുകളില്‍ ഗട്ടറുകള്‍ നിറയുന്നത് ബ്രേക്ക് ഉയോഗം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതോടെ ബ്രേക്ക്പാഡ് അമിതമായി ചൂടാക്കുകയും അത് വേഗത്തില്‍ തേഞ്ഞ്തീരുകയും ചെയ്യുന്നു.
അതിനാല്‍ തന്നെ ഈ വിഷയത്തില്‍ നാം അല്‍പ്പം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് ബ്രേക്കിംഗ് സിസ്റ്റം തകരാറിലാക്കും. അതിനാല്‍ ബ്രേക്ക് പാഡുകളുടെ ആയുസ് വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം. സഡന്‍ ബ്രേക്ക് പ്രയോഗിക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം ശീലിക്കേണ്ട കാര്യം. വാഹനം പാര്‍ക്ക്് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ വേഗത കുറച്ച് വന്ന് കുറഞ്ഞ മര്‍ദ്ദത്തില്‍ ബ്രേക്ക് അപ്ലൈ ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് സുഗമമായ ബ്രേക്കിംഗ് അനുഭവം ലഭിക്കും.

അവസാന നിമിഷം, ബ്രേക്ക് പെഡല്‍ ശക്തിയായി അമര്‍ത്തി കാര്‍ സഡന്‍ ആയി നിര്‍ത്തുന്നത് ബ്രേക്ക് പാഡുകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനും ഇടയാക്കും. അതിനാല്‍, ബ്രേക്ക് പാഡുകള്‍ക്ക് പെട്ടെന്ന് തേയ്മാനം സംഭവിക്കാനും ഗ്രിപ്പ് നഷ്ടപ്പെടാനും ഇടയാക്കും. ഇതോടൊപ്പം ബ്രേക്കിംഗ് പെര്‍ഫോമന്‍സും കുറയും. അതുകൊണ്ട് തന്നെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം സഡന്‍ ബ്രേക്ക് ഇടുന്നതും മറ്റ് സമയങ്ങളില്‍ ഒഴിവാക്കുന്നതുമാണ് നല്ലത്.
ബ്രേക്ക് പാഡ് തേയ്മാനത്തിനുള്ള ഏറ്റവും പ്രധാന കാരണങ്ങളില്‍ ഒന്ന് ഉയര്‍ന്ന വേഗതയാണ്. അമിത വേഗത ഡ്രൈവര്‍ക്കും വാഹനത്തിലുള്ളവര്‍ക്കും മാത്രമല്ല ബ്രേക്ക് പാഡുകള്‍ക്കും ദോഷകരമാണ്. അമിത വേഗത നിമിത്തം നിരവധി ജീവനുകളാണ് നടുറോഡില്‍ പൊലിയുന്നത്. അതുകൊണ്ട് വാഹനം ഉയര്‍ന്ന വേഗതയില്‍ പായിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ, ബ്രേക്ക് പാഡുകള്‍ പോലുള്ള നിര്‍ണായക ഘടകങ്ങളുടെ ആയുസ്് ഗണ്യമായി കുറയ്ക്കാനും ഉയര്‍ന്ന വേഗതയ്ക്ക് സാധിക്കും.

അതിനാല്‍ തന്നെ ഉയര്‍ന്ന വേഗത കൊണ്ട് നിങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള നേട്ടമുണ്ടാകുന്നില്ല, മറിച്ച് കോട്ടങ്ങള്‍ മാത്രമാണുള്ളത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം നിര്‍ത്താന്‍ 33 ശതമാനം കൂടുതല്‍ ഊര്‍ജം ആവശ്യമാണെന്ന് ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നു. ഇതിനര്‍ത്ഥം ബ്രേക്ക് പാഡുകള്‍ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കണമെന്നതാണ്. അത്‌കൊണ്ട് ബ്രേക്ക് പാഡുകള്‍ പെട്ടെന്ന് തേഞ്ഞുതീരുന്നു. ബ്രേക്ക് പാഡുകള്‍ തീരുന്നതിനൊപ്പം ഉയര്‍ന്ന വേഗതയില്‍ പായാന്‍ കൂടുതല്‍ ഇന്ധനവും ആവശ്യമാണ്.
പിന്നീട് വണ്ടിക്ക് മൈലേജ് കിട്ടുന്നില്ലെന്ന് പരിതപിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ യാത്രക്കാരുടെയും ബ്രേക്ക് പാഡുകളുടെയും ആയുസിന് ഉയര്‍ന്ന വേഗത ഒഴിവാക്കുന്നതാണ് ബുദ്ധി. ബ്രേക്കിംഗിനിടെ ആക്‌സിലറേറ്റര്‍ കൊടുക്കുന്നത് ചിലര്‍ക്കുള്ള ദുശ്ശീലമാണ്. വണ്ടി സിഗ്‌നലില്‍ കാത്ത് കിടക്കുമ്പോള്‍ പലരും ചെയ്ത് കാണുന്നതാണിത്. ഇത് ഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നതിനൊപ്പം ബ്രേക്ക് പാഡുകളുടെ ആയുസ്സ് പെട്ടെന്ന് കുറക്കാന്‍ ഇടയാക്കും.
ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കുള്ള തിരക്കേറിയ റോഡുകളില്‍ എഞ്ചിന്‍ ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിക്കുന്നതാണ് ബ്രേക്ക് പാഡുകള്‍ക്ക് നല്ലത്. ഇതിനായി ക്ലച്ച്, ആക്‌സിലറേറ്റര്‍ പെഡലുകള്‍ റിലീസ് ചെയ്യണം. വാഹനം ഓടുന്ന ഗിയര്‍ സ്പീഡ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഡിആക്‌സിലറേഷന്‍. ഇങ്ങനെ ചെയ്യുന്നതിലൂടെ എഞ്ചിന്റെ വേഗത ഗണ്യമായി കുറയും. സ്പീഡ് കുറയുന്നില്ലെങ്കില്‍ ഗിയര്‍ താഴ്ന്ന ലെവലിലേക്ക് മാറ്റണം. അപ്പോള്‍ വേഗത പലമടങ്ങ് കുറയും.
ലോ ഗിയറില്‍ വാഹനം ചലിപ്പിക്കുമ്പോള്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് വ്യക്തമായ അകലം പാലിക്കാനായി ശ്രദ്ധിക്കണം. ബ്രേക്ക് പെഡല്‍ സ്‌റ്റോംപിംഗ് രീതിയേക്കാള്‍ വേഗത കുറവായിരിക്കുമെങ്കിലും ഈ രീതി ചിലയിടങ്ങളില്‍ അവലംബിക്കുന്നത് ബ്രേക്ക് പാഡുകളുടെ ആയുസ്സ് കൂട്ടും. വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ക്കിടയാക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മൈലേജ് കുറയുന്നത്. വാഹനത്തില്‍ അമിതഭാരം കയറുന്ന സാഹചര്യത്തില്‍ എഞ്ചിന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
കൂടുതല്‍ ഭാരമുള്ള വേളയില്‍ വണ്ടി നിര്‍ത്താന്‍ ബ്രേക്കിംഗ് സിസ്റ്റവും കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരുന്നു. ഇതൊഴിവാക്കാനായി വാഹനത്തില്‍ കയറാന്‍ അനുവാദമുള്ള നിശ്ചിത ഭാരം മാത്രം കൊണ്ടുപോകുക. അതിനാല്‍, നിങ്ങളുടെ വാഹനത്തില്‍ അമിത ഭാരം കയറ്റുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








