ഫാസ്ടാഗ് കാര്‍ഡ് ഇങ്ങനെ ചെയ്തില്ലെങ്കില്‍ അക്കൗണ്ടിലെ പണം പോകുന്ന വഴി കാണില്ല
ഫാസ്ടാഗ് (Fastag) എന്ന വാക്ക് ഇന്ന് ഒട്ടുമിക്ക വാഹനമോടിക്കുന്ന എല്ലാവര്‍ക്കും സുപരിചിതമാണ്. ടോള്‍പ്ലാസകളുള്ള ദേശീയപാതകളിലൂടെ സഞ്ചരിക്കുന്ന പ്രൈവറ്റ്, കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. നിങ്ങളുടെ കാറില്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും.
ടോള്‍ പ്ലാസയിലെ (Toll Plaza) ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി വാഹനമുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്നൊരു ഡിജിറ്റല്‍ സംവിധാനമാണിത്. ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 96 ശതമാനത്തിലധികം വാഹനങ്ങളും ഫാസ്റ്റ് ടാഗ് കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവഴി ആളുകള്‍ക്ക് ടോള്‍ ബൂത്തുകളില്‍ പണം നല്‍കാന്‍ അധികനേരം നില്‍ക്കേണ്ടിവരില്ല. ടോള്‍പ്ലാസകളിലെ തിരക്കുകള്‍ കാര്യമായി കുറഞ്ഞില്ല എന്നത് സത്യമാണെങ്കിലും അവിടെ ഏറെ നേരം കുടുങ്ങിക്കിടക്കുന്ന സ്ഥിതിവിശേഷം ഇന്ന് ഇല്ല.

ടോള്‍ നല്‍കുന്നതിനായി വാഹനങ്ങള്‍ നീണ്ട ക്യൂവില്‍ കാത്തുകെട്ടി കിടക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ഗുണം. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് വഴിയാണ് പണം ഈടാക്കുന്നത്. ടോള്‍പ്ലാസയിലെ മെഷീന്‍ ഫാസ്ടാഗ് കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യുന്നതിനാല്‍ മിനിറ്റുകള്‍ കൊണ്ട് നമുക്ക് കടന്നുപോകാം.
ഫാസ്ടാഗ് RFID സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ ഈ ഫാസ്ടാഗ് കാര്‍ഡ് ഘടിപ്പിച്ചാല്‍ മാത്രം മതി. ടോള്‍ ബൂത്തിലെ കാര്‍ഡ് റീഡര്‍ മാത്രമാണ് ഫാസ്ടാഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ തന്നെ ഈ മറ്റ് കാര്‍ഡ് റീഡറിന് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ല.അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുമെന്ന പേടിവേണ്ട. എന്നിരുന്നാലും ഫാസ്ടാഗ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ പണികിട്ടുമെന്ന കാര്യം ഉറപ്പ്.

ഇങ്ങനെ പണം നഷ്ടപ്പെട്ട നിരവധി പേരുണ്ട്. നിങ്ങളുടെ പക്കലുള്ള കാറോ മറ്റ് വാഹനങ്ങളോ വില്‍ക്കുന്ന സമയത്താണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. കാര്‍ വില്‍ക്കുമ്പോള്‍ വണ്ടിയുടെ ഉടമസ്ഥാവകാശം സ്വാഭാവികമായും വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നു. എന്നാല്‍ കാറിലെ ഫാസ്ടാഗ് കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്യാന്‍ പലരും മറന്നുപോകുന്നു. ശ്രദ്ധിക്കാന്‍ വിട്ടുപോകുന്നതോ മറ്റോ ആയിരിക്കും. ഒരു രജിസ്‌ട്രേഷന്‍ നമ്പറില്‍ ഒരു ഫാസ്ടാഗ് മാത്രമാണ് ആക്ടീവായിരുക്കയെന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.
ഇത് ഡിആക്ടിവേറ്റ് ചെയ്താല്‍ മാത്രമാണ് പുതിയ ഫാസ്ടാഗ് എടുക്കാന്‍ സാധിക്കുന്നത്. ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ കാര്‍ വാങ്ങിയ ആള്‍ പിന്നീട് ടോള്‍ ബൂത്തിലൂടെ കടന്ന് പോകുമ്പോള്‍ മുന്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നാണ് പണം കുറയുന്നത്. ഇത് കാറിന്റെ മുന്‍ ഉടമസ്ഥന്റെ കീശ ചോര്‍ത്തും. അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കിയതായി അറിയുമ്പോള്‍ മാത്രമാകും ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാന്‍ മറന്ന കാര്യം ഓര്‍മയില്‍ വരുന്നത് തന്നെ.

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന സിനിമ ഡയലോഗ് പോലെ അടച്ചുപോയ പണം തിരികെ ലഭിക്കാന്‍ വകുപ്പൊന്നുമില്ല. കാറിന്റെ പുതിയ ഉടമ അത് തരാന്‍ തയാറായാല്‍ രക്ഷപ്പെട്ടു. കാര്‍ വാങ്ങുന്നയാളും ഇത് ശ്രദ്ധിച്ചാല്‍ മതി. ഇത്തരം അബദ്ധം പറ്റാതിരിക്കാന്‍ ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യുകയാണ് പോംവഴി. ഫാസ്ടാഗ് കാര്‍ഡ് എങ്ങനെ ഡിആക്ടിവേറ്റ് അല്ലെങ്കില്‍ നിര്‍ജീവമാക്കാം എന്ന് നമുക്ക് നോക്കാം.
നിങ്ങള്‍ വിറ്റ കാറിലെ ഫാസ്ടാഗ് കാര്‍ഡ് ഡിആക്ടിവേറ്റ് ചെയ്യുന്നതിനായി ആദ്യം ഫാസ്ടാഗ് ഇഷ്യൂ ചെയ്ത കമ്പനിയുടെ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടുകയാണ് വേണ്ടത്. നിങ്ങള്‍ കാര്‍ വിറ്റുവെന്ന വിവരം നല്‍കി ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാവുന്നതാണ്. അതുമല്ലെങ്കില്‍ ഫാസ്ടാഗ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 1033-ല്‍ ബന്ധപ്പെട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ IVR ഓപ്ഷന്‍ വഴി അപേക്ഷിക്കാം. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാനുള്ള പ്രധാന കാരണം മറവിയും അശ്രദ്ധയുമാണ്.
കാര്‍ വില്‍ക്കുന്ന പലരും അതിന്റെ ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാന്‍ മറക്കുന്നു. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ഒരുകാര്യവുമില്ലാതെ നഷ്ടപ്പെടുന്നത് ആര്‍ക്കും സഹിക്കില്ലെല്ലോ. അതിനാല്‍ കാര്‍ വില്‍പ്പന നടത്തുമ്പോള്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനൊപ്പം തന്നെ ഫാസ്ടാഗ് നിര്‍ജീവമാക്കാനും ശ്രദ്ധിക്കുക. ഈ വിവരം നിങ്ങള്‍ക്ക് ഉപകാരപ്രദമായെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുകയും ചെയ്യുക.


Click it and Unblock the Notifications








