വേനല്‍ക്കാലത്തിന് മുമ്പ് കാറിനെ ഒരുക്കാം; ചൂടിനെ തോല്‍പ്പിക്കാം
കാര്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ നാം അതീവ ശ്രദ്ധ ചെലുത്തേണ്ട കാര്യമാണ് അതിന്റെ പരിപാലനം. നമ്മുടെ നാട് വൈവിധ്യമാര്‍ന്ന കാലാവസ്ഥക്ക് പേര്കേട്ടതാണ്. ഇന്ന് പക്ഷേ ആഗോള താപനത്തിന്റെ ഫലമായി കാലം തെറ്റിയെത്തുന്ന മഴയും താപനില കൂടുന്നതുമെല്ലാം നമ്മുട്ട് പതിവ് കാഴ്ചയായി.
വേനല്‍ക്കാലം അടുത്തെത്തിയിരിക്കുന്നു. വേനല്‍ക്കാലമടുക്കുമ്പോള്‍ നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ നാം പല മുന്‍കരുതലുകളും സ്വീകരിക്കും. നിര്‍ജലീകരണം കുറക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് പോലെ. അത്ര തന്നെ കരുതല്‍ നമ്മുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ കാര്യത്തിലും വേണം. വേനല്‍ക്കാലമിങ്ങെത്തുന്നതിന് മുമ്പ് എങ്ങനെ നിങ്ങളുടെ കാര്‍ ഒരുക്കി നിര്‍ത്താം എന്ന കാര്യമാണ് ഇന്ന് ഈ ലേഖനത്തിലൂടെ പറയാന്‍ പോകുന്നത്.

കാര്‍ എസി പരിശോധിക്കുക: വേനല്‍ക്കാലത്ത് പുറത്ത് നല്ല ചൂടായിരിക്കുമെന്ന കാര്യം പറയേണ്ടതില്ലെല്ലോ. അതിനാല്‍ ആദ്യം ചെയ്യേണ്ടത് വേനല്‍ക്കാലത്തിന് മുമ്പ്, നിങ്ങളുടെ കാറിന്റെ എയര്‍ കണ്ടീഷനിംഗ് (എസി) സിസ്റ്റത്തിന്റെ അവസ്ഥ എങ്ങനെയാണെന്ന് പരിശോധിക്കുകയാണ്. കാരണം കാര്‍ എസി യൂണിറ്റ് തകരാറിലാണെങ്കില്‍ വേനല്‍ക്കാലത്തെ യാത്ര വളരെ കടുപ്പമേറിയതായി മാറും. അത് യാത്രയുടെ മൂഡ് തന്നെ നശിപ്പിക്കും. എസി വെന്റുകള്‍ വൃത്തിയാക്കുകയും ആവശ്യമാണെങ്കില്‍ എസി ഗ്യാസ് നിറയ്ക്കുകയും ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇവ ചില അടിസ്ഥാനകാര്യങ്ങളാണ്. എസി സിസ്റ്റത്തില്‍ എന്തെങ്കിലും ചോര്‍ച്ചയുണ്ടോ എന്ന കാര്യം ഉടമയായ നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാന്‍ സാധിക്കും.
സണ്‍ഷെയ്ഡ്: വേനല്‍ക്കാലത്ത് ഒരു സെറ്റ് സണ്‍ഷേഡുകള്‍ വാങ്ങി കാറില്‍ സൂക്ഷിക്കുന്നത് ഒരു മികച്ച തീരുമാനമായിരിക്കും. നേരിട്ട് വെയിലടിക്കുന്ന സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ സണ്‍ഷേഡുകള്‍ കാറിന്റെ ഇന്റീരിയറിനെ കൂടുതല്‍ തണുപ്പിക്കുമെന്നതാണ് ഇതിന് കാരണം. വിന്‍ഡ്‌സ്‌ക്രീന്‍ മറയ്ക്കാനുള്ള സണ്‍ഷേഡുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. വേനല്‍ക്കാലത്ത് ഇത്തരത്തിലുള്ള സണ്‍ഷേഡുകള്‍ വളരെ ഫലപ്രദമാണെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തുന്നു.

ടയറുകള്‍ പരിശോധിക്കുക: വേനല്‍ക്കാലത്ത് റോഡിലെ താപനില വളരെ ഉയര്‍ന്നിരിക്കും. അതുകൊണ്ട് വേനല്‍ക്കാലത്തിന് മുമ്പ് ടയറുകളുടെ കണ്ടീഷന്‍ പരിശോധിക്കുന്നത് നല്ലതാണ്. ടയറുകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ശരിയാക്കുക. ഭാവിയില്‍ വലിയ അപകടങ്ങള്‍ ഒഴിവാക്കാന്‍ ടയര്‍ മാറ്റുന്നതാണ് പോംവഴിയെങ്കില്‍ അത് സ്വീകരിക്കുക.
കാര്‍ മൂടിയിടുക: വേനല്‍ക്കാലത്ത് കുട്ടികളും കുടുംബവുമെല്ലാം ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാന്‍ പലരും പ്ലാന്‍ ചെയ്തിട്ടുണ്ടാകും. കാര്‍ എടുക്കാതെ വല്ല ദൂര സ്ഥലങ്ങളിലേക്കും യാത്ര പോകുകയാണെങ്കില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം നല്ല പോലെ മൂടിയിട്ട് സൂക്ഷിക്കണം. വേനല്‍ക്കാലത്ത് പൊടിയും കൊടും ചൂടും മൂലം ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കാന്‍ കാര്‍ നല്ല നിലവാരത്തിലുള്ള ഡസ്റ്റ്-പ്രൂഫ് കവര്‍ കൊണ്ട് മൂടിയിടുന്നതാണ് നല്ലത്.

സോളാര്‍ ഫാന്‍: കാറിന്റെ ഇന്റീരിയറില്‍ നിന്ന് ചൂട് വായു നീക്കം ചെയ്യുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ തരം സോളാര്‍ ഫാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ സോളാര്‍ ഫാനുകള്‍ കാറിന്റെ ഡോറുകളില്‍ നല്ല ഒതുക്കത്തില്‍ ഫിറ്റ് ചെയ്യാം. ഒപ്പം തന്നെ ക്യാബിനുള്ളിലെ ചൂട് വായു പുറത്താക്കുകയും ചെയ്യാനാകും.
വരാനിരിക്കുന്ന വേനല്‍ക്കാലത്ത് നിങ്ങളുടെ കാര്‍ പരിപാലിക്കുന്നതിനും നല്ല രീതിയില്‍ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ചില ടിപ്പുകളാണ് മുകളില്‍ വിശദീകരിച്ചിരിക്കുന്നത്. വേനല്‍ക്കാലത്ത് കാറിനെയും നിങ്ങളെയും ബാധിക്കുന്ന ലളിതമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ ഇവ പിന്തുടരുന്നത് നിങ്ങളെ സഹായിക്കും. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ടയറിന്റെ കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ്. കാരണം വേനല്‍ക്കാലത്തിന് മുമ്പായി നിങ്ങളുടെ കാര്‍ ടയറിന്റെ കണ്ടീഷന്‍ പരിശോധിക്കുന്നത് റോഡിലുള്ള മറ്റ് വാഹന യാത്രക്കാരുടെ കൂടി സുരക്ഷക്ക് അത്യാവശ്യമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പായി ചെയ്ത് തീര്‍ത്താല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഉഷ്ണകാലം തരണം ചെയ്യാം.


Click it and Unblock the Notifications








