ഫുള്‍ സേഫ്റ്റി വേണോ അതോ മുഖം കാണിച്ച് 'ചെത്തി' നടക്കണോ? ഇത് വായിച്ചിട്ട് ഹെല്‍മെറ്റ് വാങ്ങാം
ഇന്ത്യയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ ഓടിക്കുമ്പോള്‍ അത്യാവശ്യമായി വേണ്ട സംഗതിയാണ് ഹെല്‍മെറ്റ്. അപകടമുണ്ടായാല്‍ നിങ്ങളുടെ തലയെ സംരക്ഷിക്കുക മാത്രമല്ല, കൂടുതല്‍ സൗകര്യപ്രദമായും ആത്മവിശ്വാസത്തോടെയും വാഹനമോടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഹെല്‍മെറ്റുകളുടെ വ്യത്യസ്ത തരങ്ങളും ശൈലികളും ലഭ്യമാണ്. ഒരാള്‍ക്ക് എത്ര സുരക്ഷ വേണമെന്നതിന് അനുസരിച്ചാണ് ഓപ്പണ്‍ ഫെയ്സ് അല്ലെങ്കില്‍ ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റ് എന്നിവ തിരഞ്ഞെടുക്കുന്നത്. രണ്ട് തരം ഹെല്‍മെറ്റുകളും റൈഡറുടെ തലക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അവയുടെ കവറേജും അതുകൊണ്ടുള്ള ഗുണങ്ങളും വ്യത്യസ്തമാണ്. അവ വിശദമായി ചുവടെ വായിക്കാം.
ആദ്യം നമുക്ക് ഫുള്‍ ഫെയ്സ് ഹെല്‍മെറ്റിന്റെ കാര്യം എടുക്കാം. മുഖം, താടി, താടിയെല്ല് എന്നിവയുള്‍പ്പെടെ മുഴുവന്‍ തലയെയും സംരക്ഷിക്കുന്ന ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ വിപുലമായ കവറേജ് നല്‍കുന്നു. ഈ സമഗ്രമായ സംരക്ഷണം വഴി ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെടുന്ന സമയത്ത് മൂക്ക്, പല്ലുകള്‍ അല്ലെങ്കില്‍ താടിയെല്ലുകള്‍ പോലെയുള്ള ഭാഗങ്ങളിലെ പരിക്കുകളുടെ സാധ്യത വളരെ കുറയ്ക്കുന്നു.

നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (NHTSA) പോലുള്ള സ്ഥാനപങ്ങളുടെ ഗവേഷണങ്ങള്‍ പ്രകാരം ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റുകളേക്കാള്‍ ഫലപ്രദമായി മാരകമായ പരിക്കുകളെ ചെറുക്കുന്നു. ഹെല്‍മെറ്റ് ധരിക്കാത്തതിനെ അപേക്ഷിച്ച് ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ മരണ സാധ്യത 37 ശതമാനം കുറയ്ക്കുമെന്ന് എന്‍എച്ച്ടിഎസ്എ പഠനം കണ്ടെത്തി.
വായുവും വെളിച്ചവും തട്ടി അല്‍പ്പം കാറ്റ് കൊണ്ട് പോകാമെന്നതിനാലും വണ്ടിയോടിക്കുമ്പോള്‍ നമ്മുടെ മുഖം മറ്റുള്ളവര്‍ക്ക് ദൃശ്യമാകുമെന്നതിനാലും പലര്‍ക്കും കംഫര്‍ട്ട് ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ ആയിരിക്കും. എന്നാല്‍ ഈ തരം ഹെല്‍മെറ്റുകള്‍ ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ കവറേജാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി തലയുടെ മുകള്‍ ഭാഗവും മുഖത്തിന്റെ ഭാഗവും മാത്രം ഇത് സംരക്ഷിക്കുന്നു.

ഇവ കൂടുതല്‍ സുഖകരവും മികച്ച വെന്റിലേഷനു നല്‍കുന്നതാണെങ്കിലും അപകട സമയത്ത് മുഖത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള പരിക്കുകളില്‍ നിന്ന് സംരക്ഷണം പ്രതീക്ഷിക്കരുത്. റൈഡര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെങ്കിലും ഫുള്‍ ഫെയ്‌സ് ഹെല്‍മെറ്റുകളുടെ അതേ തലത്തിലുള്ള സംരക്ഷണം ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ നല്‍കുന്നില്ല. റൈഡിംഗ് ഗിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ സുരക്ഷയും കംഫര്‍ട്ടും സന്തുലിതമായിരിക്കാന്‍ ശ്രദ്ധിക്കണം.
ഒരു ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് സംഗതികളാണ് ഗുണനിലവാരവും ഫിറ്റും. ഇവ രണ്ടും സുരക്ഷയ്ക്ക് നിര്‍ണായകമാണ്. നിങ്ങള്‍ക്ക് തലക്ക് അനുയാജ്യമായ ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍മെറ്റ് അപകടങ്ങളില്‍ തലയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. അത് ഫുള്‍ഫെയ്സ് ഹെല്‍മെറ്റോ ഓപണ്‍ ഫെയ്സ് ഹെല്‍മെറ്റോ ആയിക്കോട്ടെ.

നിങ്ങള്‍ക്ക് പരമാവധി സംരക്ഷണം ലഭിക്കാന്‍ ശരിയായ ഫിറ്റിലുള്ള ഹെല്‍മെറ്റാണ് വാങ്ങിയിരിക്കുന്നതെന്ന കാര്യം ഉറപ്പാക്കണം. ഹെല്‍മെറ്റുകള്‍ അധികം ഇറുകിയതോ എന്നാല്‍ അധികം ലൂസ് ഉള്ളതോ ആകരുത്. നിങ്ങള്‍ ഒരു ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ തലയുടെ അളവ് എടുത്ത് നിങ്ങളുടെ കൃത്യമായ സൈസ് മനസ്സിലാക്കി വാങ്ങാന്‍ ശ്രമിക്കുക. മാത്രമല്ല ഹെല്‍മെറ്റുകള്‍ ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കുകയും വേണം. ഉദാഹരണമായി ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മെറ്റുകള്‍ നോക്കി വാങ്ങാം.
ഓപ്പണ്‍ ഫെയ്സ് അല്ലെങ്കില്‍ ഫുള്‍ ഫെയസ് ഹെല്‍മെറ്റ് തെരഞ്ഞെടുക്കുന്നത് ആത്യന്തികമായി വ്യക്തിപരമായ മുന്‍ഗണനകളെ ആശ്രയിച്ചിരിക്കുന്നു. ഫുള്‍ ഫെയസ് ഹെല്‍മെറ്റുകള്‍ മികച്ച സംരക്ഷണം നല്‍കുമ്പോള്‍ കംഫര്‍ട്ടും വ്യക്തിഗത ആവശ്യങ്ങളും പരിഗണിക്കണം. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയും നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഏറ്റവും മികച്ച സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റ് തിരഞ്ഞെടുക്കുകയുമാണ് വേണ്ടതെന്നാണ് ഇക്കാര്യത്തില്‍ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. സേഫ്റ്റി ഫീച്ചറുകളോടൊപ്പം സൗകര്യം കൂടി സന്തുലിതമാക്കുന്നത് മികച്ച തീരുമാനമായിരിക്കും.
രണ്ട് തരത്തിലുള്ള ഹെല്‍മെറ്റുകള്‍ക്കും അതിന്‍േറതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഫുള്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ കൂടുതല്‍ സമഗ്രമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെങ്കിലും ചില റൈഡര്‍മാര്‍ക്ക് ഭയങ്കരമായി അടച്ചിട്ടതായും ശ്വാസം മുട്ടുന്നതായും തോന്നിയേക്കാം. ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റുകള്‍ കൂടുതല്‍ സുഖകരമാണെങ്കിലും മുഖത്തിനുള്ള സംരക്ഷണം കുറവാണ്. വ്യക്തിഗത, സേഫ്റ്റി മുന്‍ഗണനകള്‍ അടിസ്ഥാനപ്പെടുത്തി വേണം ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍.


Click it and Unblock the Notifications








