മൈലേജ് വര്‍ധിപ്പിക്കാന്‍ ചില മന്ത്രങ്ങള്‍
മൈലേജ് എന്ന മന്ത്രം മറ്റെന്തിനേക്കാള്‍ ദൈവികമായി കാണുന്നവരുടെ രാഷ്ട്രത്തിലാണ് നമ്മുടെ ജീവിതം. പോക്കറ്റിനകത്തേക്കു നോക്കിയാണ് ഇന്ത്യക്കാര്‍ മിക്ക സമയങ്ങളിലും വാഹനമോടിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ അടിച്ച എണ്ണയില്‍ നിന്ന് പരമാവധി മൈലേജൂറ്റിയെടുത്താലേ നമുക്ക് സമാധാനമാവൂ. കൂടുതല്‍ മൈലേജ് കിട്ടാനായി ഡ്രൈവര്‍മാര്‍ പിന്തുടരുന്ന നിയമങ്ങളില്‍ പലതും വെറും അന്ധവിശ്വാസങ്ങളാണെന്ന സംഗതിയും ഇവിടെ വെളിപ്പെടുത്തിക്കൊള്ളട്ടെ. ഇത്തരം 'മൈലേജ് നിയമങ്ങള്‍' പലപ്പോഴും എന്‍ജിന് വലിയ പണികള്‍ നല്‍കുന്നതില്‍ അവസാനിക്കുകയാണി ചെയ്യാറുള്ളത്.
എൻജിനോയിൽ എപ്പോഴൊക്കം മാറ്റണം?
ഇവിടെ, മൈലേജ് വര്‍ധിപ്പിക്കാനുതകുന്ന ചില തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. കാറിനെ നശിപ്പിക്കാതെ എങ്ങനെ മൈലേജ് വര്‍ധിപ്പിക്കാമെന്നതാണ് ചര്‍ച്ച എന്നു പ്രത്യേകം പറയട്ടെ.
ലേഖനം തുടര്‍ന്നുവായിക്കാന്‍ ചിത്രത്താളുകളിലേക്ക് ചെല്ലുക.

മൈലേജ് മന്ത്രങ്ങള്‍ അടുത്ത താള്‍ മുതല്‍ വായിക്കുക.

പതുക്കെ, പതുക്കെ!
മണിക്കൂറില്‍ 60-80 കിലോമീറ്ററുകള്‍ക്കുള്ളിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത കാണിക്കുന്നത്. ഇതിനെക്കാള്‍ വളരെ കൂടുതലോ വളരെ കുറവോ വേഗതയില്‍ കാറോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. 80-90 കിലോമീറ്ററുകള്‍ക്കു മേല്‍ വേഗതയിലാണ് ഹൈവേയില്‍ കാര്‍ നീങ്ങുന്നതെങ്കില്‍ മൈലേജ് കുത്തനെ ഇടിഞ്ഞിരിക്കുന്നു എന്നതു മാത്രമാണ് അര്‍ത്ഥം. അതില്‍ നിന്ന് പിന്‍വാങ്ങുക. ട്രാഫിക്കിലാണെങ്കില്‍ സ്ഥിരതയോടെ വണ്ടിയോടിക്കുക. കാറിനു കയറാന്‍ പറ്റുന്ന എല്ലാ തുളകളിലേക്കും കയറിയിരിക്കാന്‍ ട്രാഫിക്കില്‍ നമുക്കൊരു ത്വര കാണും. അതിത്തിരി കുറച്ചാല്‍ മൈലേജിത്തിരി കൂട്ടാം!

സ്മൂത്തായി വിട്ടാലെന്താണ്?
ആക്‌സിലറേഷനും ഗിയര്‍ ഷിഫ്റ്റും ഒരല്‍പം സ്മൂത്തായി നടപ്പിലാക്കുന്നത് മൈലേജ് കൂട്ടാന്‍ സഹായകരമാണ്. ട്രാഫിക്കില്‍ റെഡ് ലൈറ്റ് ദുരെ നിന്നേ കാണുകയാണെങ്കില്‍ കാറിന്റെ വേഗത പതുക്കെ കുറച്ചുകൊണ്ടുവരിക. സീബ്രാ ലൈനിനടുത്തു കൊണ്ടുവന്ന് സഡന്‍ ബ്രേക്കിടുന്നതാണ് പലരുടെയും പതിവ്. ഈ പതിവ് താങ്കളുടെ മൈലേജ് ആശങ്കയുമായി ഒട്ടും യോജിച്ചു പോകുന്നില്ല.

ഗിയര്‍ കൃത്യത
ഉയര്‍ന്ന ഗിയര്‍നിലകളില്‍ മൈലേജ് കൂടുതല്‍ ലഭിക്കുന്നു എന്നതിനാല്‍ ഫസ്റ്റ് ഗിയര്‍ ഒട്ടും ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്പോഴും ഉയര്‍ന്ന ഗിയറില്‍ നിന്ന് ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. മൈലേജ് കൂടുമെന്ന വിശ്വാസത്തോടെ ചെയ്യുന്ന ഈ പണി പക്ഷേ ഇവിടെ പാളുന്നു. ഉയര്‍ന്ന ഗിയര്‍നിലയില്‍ എന്‍ജിന്‍ ചക്രവീര്യം (ടോര്‍ക്ക്) കുറവായിരിക്കുമെന്നതാണ് പ്രശ്‌നം. കയറ്റം കയറുവാന്‍ ഉയര്‍ന്ന ചക്രവീര്യം ലഭിക്കുന്ന താഴ്ന്ന ഗിയര്‍നിലയിലേക്ക് മാറുകയാണ് ഗിയര്‍ബോക്‌സിനും മൈലേജിനും ഉത്തമം.

ഓഫാക്കുക
ഇത് സാധാരണമായി എല്ലാവരും പിന്തുടരാറുള്ള ഒരു കാര്യമാണ്. 30 സെക്കന്‍ഡിലധികം നിറുത്തിയിടേണ്ടി വരികയാണെങ്കില്‍ കാര്‍ ഓഫ് ചെയ്യുകയാണ് ഉത്തമം. 30 സെക്കന്‍ഡില്‍ കുറവാണ് കാത്തുനില്‍ക്കേണ്ടതെങ്കില്‍ ഓഫാക്കാതിരിക്കുക. എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നതാണ് കാര്യം.

ഏസി ഉപയോഗം
ഏസി ഉപയോഗം മൈലേജ് കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ധാരാളം വൈദ്യുതിയും ഇന്ധനവും ഇതിനുവേണ്ടി കത്തുന്നു. തരക്കേടില്ലാത്ത കാലാവസ്ഥയാണെങ്കില്‍ ഏസി ഉപയോഗിക്കാതിരിക്കുക എന്നതുമാത്രമേ ഇതില്‍ ചെയ്യാനുള്ളൂ. നമ്മുടെ നാട്ടിലെ റോഡ് പരിതസ്ഥിതിയില്‍ വിന്‍ഡോകള്‍ തുറന്നിട്ട് കാറോടിക്കുന്നതും അത്ര നല്ലതല്ല. ക്ലൈമറ്റ് കണ്‍ട്രോള്‍ സന്നാഹമുള്ള കാറുകളിലാണെങ്കില്‍ 'ലോ ബ്ലോവര്‍' മോഡില്‍ ഏസി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കാറിലെ താപനിലയുടെ സ്ഥിരതയ്ക്കായി വലിയ തോതില്‍ ശ്രമിക്കുകയില്ല ഈ മോഡ് എന്നതിനാല്‍ അധികം ഇന്ധനം ചെലവാകില്ല. വിന്‍ഡോകള്‍ താഴ്ത്തി, ഉയര്‍ന്ന വേഗതയില്‍ പായുകയാണെങ്കില്‍ കാറിന്റെ എയ്‌റോഡൈനമിക് ഡ്രാഗ് അഥവാ കാറ്റിനെ മുറിച്ചുകടക്കാനുള്ള ശേഷി കുറയുന്നു. ഇതും ഇന്ധനക്ഷമത കുറയ്ക്കുന്ന ഘടകമാണ്.

ടയര്‍ പ്രഷര്‍
കൃത്യമായ ടയര്‍ പ്രഷര്‍ സൂക്ഷിക്കുക എന്നതാണ് മൈലേജ് വര്‍ധിപ്പിക്കാനുള്ള മറ്റൊരു വഴി. പഠനങ്ങള്‍ പറയുന്നതു പ്രകാരം വാഹനത്തിന്റെ മൈലേജ് 3 ശതമാനം കണ്ടുയര്‍ത്താന്‍ ടയര്‍ പ്രഷറിന്റെ കൃത്യതയ്ക്ക് സാധിക്കും. ടയറുകളുടെ ഇലാസ്തികതയില്ലായ്മ മൂലം സംഭവിക്കുന്ന കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് മൈലേജ് കുറയ്ക്കുന്ന ഒരു ഘടകമാണ്. പഠനങ്ങള്‍ പറയുന്നതു പ്രകാരം കാറിന്റെ മൈലേജ് 1.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കുറഞ്ഞ റോളിംഗ് റസിസ്റ്റന്‍സുള്ള ടയറുകള്‍ക്ക് സാധിക്കും. അലോയ് വീലുകളോടു കൂടിയ പെര്‍ഫോമന്‍സ് ടയറുകളാണ് കാറിലുപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘയാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് നന്നായിരിക്കും. ഉയര്‍ന്ന പ്രകടനശേഷിയുള്ള ടയറുകള്‍ സ്വാഭാവികമായും ഉയര്‍ന്ന ഗ്രിപ്പിനും കൈകാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നതിനാല്‍ കൂടിയ റോളിംഗ് റെസിസ്റ്റന്‍സ് കിട്ടുന്ന വിധത്തില്‍ നിര്‍മിച്ചതായിരിക്കും. ഇത് റോഡില്‍ മൈലേജ് നിരക്ക് ഗണ്യമായി താഴ്ത്തുന്നു. കുറഞ്ഞ റോളിംഗ് പ്രതിരോധമുള്ള ടയറുകള്‍ ബ്രേക്കിംഗിലും മറ്റും പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്ക വേണ്ട. റോളിംഗ് പ്രതിരോധം കുറഞ്ഞ, ഉയര്‍ന്ന ഗുണനിലവാരമുള്ള ടയറുകള്‍ വിപണിയില്‍ ലഭ്യമാണ്. അവ ഉപയോഗിച്ചാല്‍ മതിയാവും.

സര്‍വീസ്
തോന്നിയപോലെ പരിപാലിക്കപ്പെടുന്ന കാറില്‍ നിന്ന് ഏറ്റവും മുന്തിയ മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. സ്ഥിരമായി സര്‍വീസ് ചെയ്യുക. കാറിന്റെ എയര്‍ ഫില്‍റ്റര്‍, ഫ്യുവല്‍ ഫില്‍റ്റര്‍, സ്പാര്‍ക് പ്ലഗ്ഗുകള്‍ എന്നിവ സ്ഥിരമായി പരിശോധനയ്ക്ക് വിധേയമാക്കണം. കാറിന്റെ ഓക്‌സിജന്‍ സെന്‍സര്‍ ഓരോ 60,000 കിലോമീറ്റര്‍ കൂടുമ്പോഴും പരിശോധിക്കണം. എന്‍ജിനില്‍ വേണ്ടത്ര ഓക്‌സിഡന്‍ അനുപാതമുണ്ടോ എന്ന് പരിശോധിക്കുകയാണ് കാറിലെ ഓക്‌സിജന്‍ സെന്‍സര്‍ ചെയ്യുന്നത്. കൃത്യമായ അളവില്‍ ഓക്‌സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്താതിരിക്കുകയും അത് കരിമ്പുകയായി പുറത്തെത്തുകയും ചെയ്യുന്നു. കത്താതെ പോകുന്ന ഇന്ധനം മൈലേജ് നഷ്ടം തന്നെയാണ്. ഓക്‌സിഡന്‍ സെന്‍സറിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ഇവിടെയാണ് കിടക്കുന്നത്.

കാറിലെ ഭാരം
കാറിനകത്ത് ഒരു വീടു മുഴുവന്‍ കുത്തിനിറച്ചാണ് നമ്മള്‍ യാത്ര പോകാറുള്ളത്. ഇത് മൈലേജില്‍ വരുത്തുന്ന കുറവ് എത്രത്തോളമെന്നതിനെക്കുറിച്ച് പലപ്പോഴും ആരും ആലോചിക്കാറില്ല. സാധിക്കുന്നതാണെങ്കില്‍, ഭാരമേറിയ സാധനങ്ങള്‍ കാറിനകത്ത് കേറ്റാതിരിക്കുക.

തണുപ്പുള്ള സമയങ്ങളില്‍ ഇന്ധനം വാങ്ങുക
തണുപ്പില്‍ ഇന്ധനം സാന്ദ്രതയേറിയതായി മാറുന്നു. രാവിലെ, അല്ലെങ്കില്‍ തണുപ്പുള്ള ദിവസങ്ങളില്‍ ഇന്ധനമടിക്കുക എന്നാണ് നിര്‍ദ്ദേശം. ഇത് കൂടുതല്‍ ഇന്ധനം ടാങ്കില്‍ കയറാന്‍ വഴിയൊരുക്കുന്നു. പമ്പില്‍ അളക്കുന്നത് ഇന്ധനത്തിന്റെ വോള്യം ആണെന്നതിനാല്‍ ഇത് തടയാന്‍ അവര്‍ക്ക് സാധിക്കില്ല. ഇങ്ങനെ ഇന്ധനം കയറ്റിയതിനുശേഷം ഇന്ധനടാങ്കിന്റെ അടപ്പ് മുറുക്കിയടയ്ക്കുക.

ട്രിപ്പ് നേരത്തെ പ്ലാന്‍ ചെയ്യുക
ദൂരത്തേക്ക് ട്രിപ്പിനു പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശമാണിത്. പ്ലാനിംഗില്ലാതെ ഒന്നിനും ഇറങ്ങരുത്. എവിടെയുമെത്തില്ല എന്നതല്ല പ്രശ്‌നം. എവിടെയുമെല്ലാതിരിക്കാന്‍ വേണ്ടി നമ്മള്‍ എല്ലായിടത്തും കറങ്ങിക്കൊണ്ടിരിക്കും. ഇത് അബദ്ധമാണ്. ഇത് മൈലേജ് കൂട്ടാനുള്ള നിര്‍ദ്ദേശമല്ല. എണ്ണ ഉപയോഗം കുറയ്ക്കാനുള്ളതാണ്.

നിലവാരമുള്ള ഇന്ധനവും ല്യൂബ്രിക്കന്റുകളും ഉപയോഗിക്കുക
ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ഇന്ധനമടിച്ചാന്‍ കാര്‍ പറപറക്കുമെന്നും മൈലേജ് കൂടുമെന്നുമെല്ലാം ചിലര്‍ പറഞ്ഞുപരത്തും. ഇത്തരം ഇന്ധനം നമ്മുടെ കാറിലും കയറ്റാമെന്നോര്‍ത്ത് നമ്മള്‍ പരതി നടക്കുകയും ചെയ്യും. ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള മീതേന്‍ പോലുള്ള ഇന്ധനങ്ങള്‍ ഡ്രൈഗ് റേസിംഗ് കാറുകളിലും മറ്റും ഉപയോഗിക്കാറുണ്ട്. എന്‍ജിനില്‍ എയര്‍ കംപ്രഷനില്‍ തന്നെ ഇന്ധനം തീപ്പിടിക്കുന്നു; കാര്‍ പറപറക്കുന്നു. നമ്മുടെ പക്കലുള്ള കാറുകള്‍ ഡ്രൈഗ് റേസിംഗ് കാറുകളല്ല. എന്‍ജിന്‍ കംപ്രഷന്‍ റേഷ്യോ തികച്ചും വ്യത്യസ്തമാണ് നിരത്തിലോടുന്ന കാറുകളില്‍. എന്‍ജിന്‍ കംപ്രഷന്‍ റേഷ്യോ അനുസരിച്ചുള്ള ഗുണനിലവാരമുള്ള ഇന്ധനമാണ് കാറില്‍ ഉപയോഗിക്കേണ്ടത്. മികച്ച നിലവാരമുള്ള ല്യൂബ്രിക്കന്റുകള്‍ മാത്രം കാറിലുപയോഗിക്കുക.

ഓട്ടോമാറ്റിക് കാര്‍ മാന്വലിലാക്കുക
മിക്ക ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഒരു പ്രത്യേക സ്പീഡ് കൈവരിക്കുമ്പോഴാണ് അപ്ഷിഫ്റ്റ് ചെയ്യുന്നത്. ഈ 'യാന്ത്രികത' നിരത്തുകളില്‍ പലപ്പോഴും അബദ്ധമാണ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് റോഡിന്റെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുവാനും കൃത്യമായ ചക്രവീര്യം പുറത്തെടുക്കുന്ന ഗിയറിലേക്ക് മാറുവാനും കഴിയില്ല. കുറഞ്ഞ ചക്രവീര്യം മാത്രം ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഗിയര്‍ പലപ്പോഴും ഫസ്റ്റ് ഗിയറില്‍ തങ്ങി നില്‍ക്കുന്നതും തിരിച്ചും സംഭവിക്കുന്നത് കാണാം. പ്രീമിയം കാറുകളില്‍ ഇതൊഴിവാക്കാന്‍ വഴിയുണ്ട്. മാന്വല്‍ ഗിയറിലേക്കു മാറാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കൃത്യമായ ഗിയര്‍ ഷിഫ്റ്റ് നടക്കുന്നതോടെ ഇന്ധനം അനാവശ്യമായി ചെലവാകുന്നത് കുറയുന്നു.

വലിയ വണ്ടികളെ പിന്തുടരുക
വലിയ തിരക്കൊന്നുമില്ലെങ്കില്‍ ചെയ്യാവുന്നതാണിത്. വലിയ വണ്ടികളെ പിന്തുടര്‍ന്ന് കാറോട്ടുക. ഒട്ടും സമ്മര്‍ദ്ദമില്ലാതെ കാറോടിക്കാന്‍ കഴിയുമെന്നതിനൊപ്പം മൈലേജ്പരമായ ചില ഗുണങ്ങളുമുണ്ട്. കോപാകുലമായ നീക്കങ്ങളൊന്നും ഇത്തരം വാഹനങ്ങള്‍ നടത്തുകയില്ല എന്ന പ്രതീക്ഷയിലാണ് ഇപ്പറയുന്നത്. സ്മൂത്തായി കാറോടിക്കാന്‍ ഈ പിന്നാലെപ്പോക്ക് സഹായിക്കുന്നു.

വെളിപാട്
ഡ്രൈവിംഗ് സീറ്റിലിരുന്നാല്‍ ഡ്രൈവ് ചെയ്യാന്‍ പോകുകയാണെന്ന ബോധം തലയിലുദിക്കേണ്ടതുണ്ട്. സീറ്റുബെല്‍റ്റിടലും ഡോര്‍ ലോക്ക് ചെയ്യലുമെല്ലാം സ്റ്റാര്‍ട്ട് ചെയ്ത് പതുക്കെ നീങ്ങുമ്പോള്‍ ചെയ്യുക. ഇതും ഇന്ധനം ലാഭിക്കാനുള്ള വഴിയാണ്.

റിവേഴ്‌സ് പാര്‍ക്ക്
കാര്‍ ഗാരോജിലിടുമ്പോള്‍ റിവേഴ്‌സെടുത്ത് പാര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും. അടുത്ത ദിവസം രാവിലെ എന്‍ജിന്‍ തണുത്തിരിക്കുമ്പോള്‍ റിവേഴ്‌സെടുക്കലും മറ്റും അധിക ഇന്ധനം ചെലവാക്കിക്കുന്നു.

മൈലേജ് നിരക്കുയർത്തൽ യഥാർത്ഥത്തിൽ ഒരു വലിയ സാമൂഹ്യ സേവന പ്രവർത്തനമാണിന്ന്. ആഗോളതാപനത്തിൻറെ കെടുതികൾ ഏറ്റവും സുരക്ഷിതമായ ഭൂമിശാസ്ത്രപരിസരത്തു ജീവിക്കുന്ന നമ്മളെയും ആക്രമിച്ചു തുടങ്ങിയിട്ടുണ്ട്. മൈലേജ് നിരക്കുയർത്താൻ ശ്രമിക്കുന്നു എന്നതിനർഥം പരിസ്ഥിതിയോട് കൂറ് പുലർത്തുന്നു എന്നുകൂടിയാണ്. ഇവിടെ പറഞ്ഞതെല്ലാം താല്ർപര്യമുള്ളവർക്ക് പ്രയോഗത്തിൽ വരുത്താൻ വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യങ്ങളാണ്. എന്തെങ്കിലും പിഴവു കണ്ടെങ്കിൽ കമൻറിട്ട് സഹായിക്കുക.


Click it and Unblock the Notifications








