'ഓണ്‍റോഡ്' തട്ടിപ്പില്‍ വീഴല്ലേ; പുതിയ കാറെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കീശ ചോരില്ല!
തങ്ങളുടെ സ്വപ്‌ന വാഹനം സ്വന്തമാക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തമായാണ് ഉത്സവകാലം പലരും കണക്കാക്കുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി (Diwali 2023). വെളിച്ചത്തിന്റെയും സമൃദ്ധിയുടെയും ഈ ഉത്സവകാലത്ത് സ്വപ്‌നം സാക്ഷാത്്കരിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ ഉത്സവകാലത്ത് കാറോ മറ്റ് വാഹനങ്ങളോ വാങ്ങുമ്പോള്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ചും നിങ്ങളുടെ പുതിയ കാറിന്റെ ഓണ്‍-റോഡ് വിലയുടെ കാര്യത്തില്‍. ഈ ലേഖനത്തിലൂടെ പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ സാധാരണയായി ഒരാള്‍ വരുത്തുന്ന പിഴവുകളും ഓണ്‍റോഡ് വിലയിലെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടയെതന്നും പറഞ്ഞുതാരാം. ഒരു കാര്‍ നിരത്തിലെത്തിക്കാന്‍ ആവശ്യമായ എല്ലാ ചെലവുകളും ഉള്‍ക്കൊള്ളുന്നതാണ് അതിന്റെ ഓണ്‍റോഡ് വിലയെന്ന് പറയുന്നത്.

അടിസ്ഥാന വില, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍, മറ്റ് ബാധകമായ ഫീസുകള്‍ എന്നിവയെല്ലാം ഓണ്‍റോഡ് വിലയില്‍ ഉള്‍പ്പെടുന്നു. ഈ വിലകള്‍ സുതാര്യവും ഫിക്‌സഡുമാണ്. എന്നാല്‍ ഇത് പെരുപ്പിച്ച് കാണിച്ച് ചില ഡീലര്‍മാര്‍ ഉപഭോക്താക്കളെ കബളിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതുവഴി നിങ്ങളുടെ പോക്കറ്റില്‍ നിന്ന് വലിയ തുക ചോരാന്‍ സാധ്യതയുണ്ട്.
നമുക്കാദ്യം കാര്‍ വാങ്ങുമ്പോള്‍ പൊതുവെ സംഭവിച്ചേക്കാവുന്ന ചില തെറ്റുകള്‍ നോക്കാം. ശരിയായ ഗവേഷണത്തിന്റെ അഭാവമാണ് ഒന്നാമത്തേത്്. നിങ്ങള്‍ തിരഞ്ഞെടുത്ത കാര്‍ മോഡലിന്റെ ഓണ്‍-റോഡ് വിലയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കില്‍ നിങ്ങള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്. പല ഉപഭോക്താക്കളും ഡീലര്‍മാരെ അന്ധമായി വിശ്വസിക്കുന്നതോടെ മറഞ്ഞിരിക്കുന്ന ബില്ലുകള്‍ പലതും കയറിക്കൂടും. ഓണ്‍റോഡ് വിലയെ കുറിച്ച് വ്യക്തമായ ധാരണ വരുത്താതെ വരുമ്പോള്‍ ഫൈനല്‍ ബില്‍ കൈയ്യില്‍ കിട്ടുമ്പോള്‍ ഞെട്ടും.

ഓണ്‍റോഡ് വിലയില്‍ ചില്ലറ പേശലുകള്‍ നടത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍ പലരും ഇത് ചെയ്ത് കാണുന്നില്ല. ഡീലര്‍മാര്‍ അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച വില മുന്‍കൂറായി ഓഫര്‍ ചെയ്‌തേക്കില്ല. എന്നാല്‍ അവരോട് വിലപേശല്‍ നടത്തിയാല്‍ ഒരുപക്ഷേ ഓണ്‍റോഡ് വിലയില്‍ ഗണ്യമായ കുറവ് വരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പോക്കറ്റ് കീറാതെ ന്യായമായ ഓണ്‍റോഡ് വില നല്‍കി കാര്‍ സ്വന്തമാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇനി പറയാം.
വണ്ടി വാങ്ങുന്നതിന് മുമ്പ് തെരഞ്ഞെടുത്ത കാറിന് നിങ്ങളുടെ പ്രദേശത്തുള്ള ഓണ്‍റോഡ് വിലയെ കുറിച്ച് ഒരു ധാരണ കൈവരുത്തുക. നിര്‍മ്മാതാവിന്റെ വെബ്സൈറ്റ്, ഓട്ടോമോട്ടീവ് ഫോറങ്ങള്‍ അല്ലെങ്കില്‍ പ്രൈസിംഗ് വെബ്സൈറ്റുകള്‍ പോലുള്ള വിശ്വസനീയമായ ഇടങ്ങളിലൂടെ ഇത് സാധ്യമാകും. മറ്റൊരു പ്രധാനപ്പെട്ട സംഗതി പെയ്‌മെന്റിന് മുമ്പേ വിശദമായ ക്വട്ടേഷന്‍ ആവശ്യപ്പെടുക. ഓണ്‍റോഡ് വിലയിലെ എല്ലാ ഘടകങ്ങളും രേഖപ്പെടുത്തിയ വിശദമായ ക്വട്ടേഷന്‍ ആവശ്യപ്പെടാന്‍ ശ്രദ്ധിക്കുക.

കാറിന് ചെലവാകുന്ന തുക കൃത്യമായി ഒത്തുനോക്കി സുതാര്യത ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. ഒരു ഡീലര്‍ഷിപ്പ് മാത്രം സന്ദര്‍ശിച്ച് കാര്‍ വാങ്ങരുത്. ഒന്നിലധികം ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് വിലകള്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കുക. ഓണ്‍റോഡ് വിലകള്‍ താരതമ്യം ചെയ്യാന്‍ നിരവധി ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് ക്വട്ടേഷന്‍ വാങ്ങുക. അമിത ചാര്‍ജുകള്‍ ഈടാക്കുന്നുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇത് നിങ്ങളെ സഹായിക്കും. അമിതമായതോ അനാവശ്യമോ ആയി തോന്നുന്നതോ ആയ അധിക ചാര്‍ജുകളില്‍ ശ്രദ്ധ ചെലുത്തുക.
എന്തെങ്കിലും പിശക് തോന്നുന്നുവെങ്കില്‍ വ്യക്തത ആവശ്യപ്പെടുകയോ ആവശ്യമെങ്കില്‍ നിയമോപദേശം തേടുകയോ ചെയ്യാം. പിന്നെ മറക്കാതെ വിലപേശല്‍ നടത്താം. കാര്‍ നിര്‍മാതാക്കളെ കൂടാതെ പലപ്പോഴും ഡീലര്‍ഷിപ്പുകളും ഓഫറുകള്‍ നല്‍കാറുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് തുറന്ന ചര്‍ച്ചയിലൂടെ സാധിക്കും. ദീപാവലി സമയത്ത് കാറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍ ലഭിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ കൂടുതലായി ഷോറൂമുകളിലേക്ക് എത്തുന്ന സമയം കൂടലയാണ്.

എന്നാല്‍ നിങ്ങളുടെ പോക്കറ്റ് കീറാതിരിക്കാന്‍ ഓണ്‍-റോഡ് വിലയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി കൃത്യമായ ഗൃഹപാഠങ്ങള്‍ ചെയ്ത്, ക്വട്ടേഷനുകള്‍ വാങ്ങി ഒന്നിലധികം ഡീലര്‍ഷിപ്പുകളില്‍ അന്വേഷിച്ച് പരമാവധി വിലപേശി വേണം സ്വപ്‌ന കാറിന്റെ ഡെലിവറിയെടുക്കാന്‍. മറഞ്ഞിരിക്കുന്ന ചെലവുകള്‍ കണ്ടെത്തി ഒഴിവാക്കി ലാഭകരമായ വിലയില്‍ കാര്‍ സ്വന്തമാക്കാന്‍ മുകളില്‍ പറഞ്ഞ ടിപ്പുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്നു. ഈ ലേഖനം നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യുമല്ലോ.


Click it and Unblock the Notifications








