കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ പരമാവധി പൈസ കിട്ടും! ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ഒരു ഘട്ടം എത്തുമ്പോള്‍ അത് അപ്‌ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കും. ഇത്തരത്തില്‍ കാര്‍ അപ്‌ഗ്രേഡ് ചെയ്യുന്ന ആളുകള്‍ക്ക് അനുഗ്രഹമാണ് കാര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍. നിങ്ങളുടെ പഴയ കാര്‍ നല്‍കി പുതിയ വാഹനം വാങ്ങുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. എന്നിരുന്നാലും, കാര്‍ എക്‌സ്‌ചേഞ്ച് ഓഫറുകളില്‍ നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് അവയെ കുറിച്ച് വളരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍ നമുക്ക് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാകും.
വാഹനം അപ്‌ഗ്രേഡ് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നതിന് വേണ്ടിയാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡീലര്‍മാര്‍ നിങ്ങളുടെ പഴയ കാറിന്റെ മൂല്യം വിലയിരുത്തുകയും പുതിയ വണ്ടി വാങ്ങുമ്പോള്‍ കിഴിവ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അത്യന്തം മത്സരം നിറഞ്ഞ ഇന്ത്യന്‍ വിപണിയില്‍ കാര്‍ എക്‌സചേഞ്ച് പ്രോഗ്രാമുകള്‍ ജനപ്രിയമാണ്. മികച്ച ഡീലില്‍ പഴയ കാര്‍ എക്‌സചേഞ്ച് ചെയ്ത് പുതിയ ഒരെണ്ണം വീട്ടിലെത്തിക്കുന്നതിനായുള്ള ചില ടിപ്പുകള്‍ ഇനി പറഞ്ഞുതരാം.

ഗവേഷണം: പുതിയ കാര്‍ വാങ്ങുന്നതിന് മുമ്പ് നടത്തുന്നത് പോലെ ഒരു ഗവേഷണം എക്‌സ്‌ചേഞ്ച് ചെയ്യുന്നതിന് മുമ്പും നടത്തണം. നിങ്ങളുടെ കാറിന്റെ നിലവിലെ മാര്‍ക്കറ്റ് വില അന്വേഷിച്ചറിയുക എന്നതാണ് ഇതില്‍ പ്രധാനം. യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍ ഒഎല്‍എക്‌സ്, ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് എന്ന് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിച്ചാല്‍ കാറിന്റെ ഏകദേശ മൂല്യം അറിയാന്‍ പറ്റും. കാറിന്റെ മാര്‍ക്കറ്റ് വില മനസ്സിലാക്കി കഴിഞ്ഞാല്‍ ഡീലര്‍മാരുമായി ഫലപ്രദമായി ചര്‍ച്ചകള്‍ നടത്താനും വാഹനത്തിന് ന്യായമായ മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പറ്റും.
സമയം: നിങ്ങള്‍ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സമയം വളരെ പ്രധാനമാണ്. സാമ്പത്തിക വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും അവസാനത്തിലും ഉത്സവ സീസണുകളിലും ഡീലര്‍മാര്‍ പലപ്പോഴും മികച്ച ഓഫറുകള്‍ നല്‍കുന്ന പതിവുണ്ട്. ഈ കാലയളവുകളില്‍ ഡീലര്‍മാര്‍ക്കുള്ള ടാര്‍ഗറ്റ് വളരെ കൂടുതലായതിനാല്‍ പ്ുതിയ വണ്ടി വിറ്റഴിക്കാന്‍ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന് പരമാവധി ആനുകൂല്യം ലഭിക്കാന്‍ ഈ സമയം നോക്കി വെക്കുക.

വാഹനത്തിന്റെ നിലവാരം: കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ പരമാവധി മൂല്യം ഉറപ്പാക്കുന്നതില്‍ അതിന്റെ കണ്ടീഷന് വലിയ പങ്കുണ്ട്. നല്ല വൃത്തിയില്‍ പരിപാലിച്ച് പോരുന്ന വാഹനത്തിന് പരമാവധി മൂല്യം ഉറപ്പാക്കാനാകും. ഡീലറെ സമീപിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം മികച്ച നിലവാരത്തിലാണെന്ന് ഉറപ്പാക്കുക. ചെറിയ അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുക. കാറിന്റെ എക്‌സ്റ്റീരിയറും ഇന്റീരിയറും വൃത്തിയാക്കുക. ഡീലര്‍മാര്‍ ഈ വണ്ടികള്‍ പലപ്പോഴും മറിച്ച് വില്‍ക്കുന്നതിനാല്‍ അവര്‍ വൃത്തി നന്നായി പരിഗണിക്കും.
വിലപേശല്‍: കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നത് പോലെ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സമയത്തും നല്ല രീതിയില്‍ ചര്‍ച്ചകള്‍ നടത്തണം. ഡീലര്‍മാരുമായി ആയെവിനിമയം നടത്തുമ്പോള്‍ മുന്‍ ഗവേഷണങ്ങളില്‍ നിന്ന് മനസ്സിലാക്കിയ മാര്‍ക്കറ്റ് വില വെച്ച് നിങ്ങള്‍ക്ക് വിലപേശാം. അവര്‍ നല്‍കുന്ന ഓഫര്‍ നിങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് തോന്നിയാല്‍ ഒന്നും ആലോചിക്കേണ്ട അവിടെ നിന്നും ഇറങ്ങാം. ഇത്തരം സാഹചര്യങ്ങളില്‍ ഡീലര്‍മാര്‍ പുനര്‍വിചിന്തനം നടത്തുകയും കൂടുതല്‍ മികച്ച വില ഇടുകയും ചെയ്‌തേക്കാം. കാരണം പഴയ വണ്ടി കൊടുത്ത് പുതിയത് വാങ്ങേണ്ടത് അവരുടെ കൂടെ ആവശ്യമാണ്.
അധിക ഓഫറുകള്‍ പരിഗണിക്കുക: സൗജന്യ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ആക്സസറികള്‍ പോലുള്ള അധിക ഓഫറുകള്‍ പലപ്പോഴും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളുടെ കൂടെ ഡീലര്‍മാര്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഈ അധിക ആനുകൂല്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ കാര്‍ പര്‍ച്ചേസ് കൂടുതല്‍ മധുരമുള്ളതാക്കാം. എന്നാല്‍ ഡീലര്‍മാരുടെ മാര്‍ക്കറ്റ് ഗിമ്മിക്കുകളില്‍ വീഴാതെ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം ഈ കാര്യങ്ങള്‍ പരിഗണിച്ചാല്‍ മതി.
ഒന്നിലധികം ഡീലര്‍മാരെ കാണുക: കാര്‍ എക്‌സ്‌ചേഞ്ച് ചെയ്യാനായി ഒരു ഡീലറെ മാത്രം സമീപിക്കുന്നത് മണ്ടത്തരമാണ്. തീരുമാനമെടുക്കുന്നതിന് മുമ്പ് ഒന്നിലധികം ഓപ്ഷനുകള്‍ പരിഗണിക്കണം. ഒരേ വാഹന മോഡലിന് വ്യത്യസ്ത ഡീലര്‍മാര്‍ വ്യത്യസ്ത വിലയും ഓഫറുകളുമായിരിക്കും നല്‍കുക. ഈ ഓഫറുകള്‍ താരതമ്യം ചെയ്ത് ഏറ്റവും ലാഭകരവും പ്രയോജനപ്രദമായ ഡീല്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
ഫിനാന്‍സിംഗ് ഓപ്ഷനുകള്‍: ലോണിട്ടാണ് പുതിയ കാര്‍ വാങ്ങുന്നതെങ്കില്‍ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളോ വാഗ്ദാനം ചെയ്യുന്ന നിബന്ധനകള്‍ ചോദിച്ച് മനസിലാക്കുക. പലപ്പോഴും കാര്‍ കമ്പനികളും ഡീലര്‍മാരും ചില ബാങ്കുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാറുണ്ട്. എക്‌സ്‌ചേഞ്ചില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്ക് ഓഫര്‍ ചെയ്യുന്ന പ്രോഗ്രാം ഉണ്ടെങ്കില്‍ അത് ഏറെ ഉപകാരപ്പെടും. മുകളില്‍ പറഞ്ഞ ടിപ്പുകള്‍ മനസ്സില്‍ വെച്ചാല്‍ കാര്‍ എക്‌സചേഞ്ച് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പരമാവധി മൂല്യം ഉറപ്പാക്കാനും ഓഫറുകള്‍ നേടിയെടുക്കാനും സാധിക്കും.


Click it and Unblock the Notifications








