'മൊട്ടയാകാന്‍' നില്‍ക്കേണ്ട! വണ്ടിയുടെ ടയര്‍ എപ്പോള്‍ മാറ്റണമെന്ന് അറിയാം...
വാഹനം ഏതായാലും അതിലെ ഒരു സുപ്രധാന ഭാഗമാണ് ടയര്‍. വാഹനം താങ്ങിനിര്‍ത്തുന്നതും അത് ഓടാന്‍ സഹായിക്കുന്നതും ടയറുകള്‍ ആണ്. വാഹനത്തിന്റെ വലിപ്പം അനുസരിച്ച് അതിന്റെ വലിപ്പം വ്യത്യാസപ്പെടുന്നു. ഏതൊരു വാഹനത്തിന്റെയും പെര്‍ഫേമാന്‍സിലും കാര്യക്ഷമതയിലും ടയറുകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഒരു ടയര്‍ തേഞ്ഞുതീര്‍ന്നാല്‍ അത് മാറ്റിസ്ഥാപിക്കണം. തേഞ്ഞുതീര്‍ന്ന ടയറുകള്‍ വാഹനത്തിന്മേലുള്ള കണ്‍ട്രോള്‍ കുറയ്ക്കുക മാത്രമല്ല, അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തേഞ്ഞ ടയറുകള്‍ (Worn-Out Tyres) യഥാസമയം തിരിച്ചറിഞ്ഞ് മാറ്റിസ്ഥാപിക്കേണ്ടത് പ്രധാനമാണ്.
പ്രത്യേകിച്ച് താരതമ്യേന സേഫ്റ്റി കുറഞ്ഞ ടൂവീലറുകളുടെ ടയറുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് അവ മാറ്റേണ്ടതാണ്. ഇതിനായി ഒരു ടയര്‍ തേഞ്ഞ് തീര്‍ന്നോ അല്ലെങ്കില്‍ മാറ്റാന്‍ സമയമായോ എന്ന് നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ പറഞ്ഞ് താരം.

ടയര്‍ ട്രെഡ് ഡെപ്ത് പരിശോധിക്കുക: ഓരോ ടയറും വ്യത്യസ്തമായ ട്രെഡ് ഡിസൈനിലാണ് വരുന്നത്. ടയറിന്റെ പ്രതലത്തിലെ ട്രെഡ് പാറ്റേണ്‍ വാഹനത്തിന് റോഡില്‍ ഗ്രിപ്പ് നല്‍കുന്നു. ഒരു ടയറിന്റെ ട്രെഡ് ഡെപ്ത് കണ്ടെത്താന്‍ ചില വഴികളുണ്ട്. അതിനായി ആദ്യം ടയറിന്റെ ട്രെഡ് ഗ്രൂ നിരീക്ഷിക്കുകയാണ് വേണ്ടത്.
ട്രെഡുകളുടെ രൂപകല്‍പ്പന വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, ട്രെഡ് ഡിസൈനില്‍ നല്‍കിയിരിക്കുന്ന ഗ്രൂവുകള്‍ക്ക് ഒരേ ആഴമാണ്. ഈ ആഴം കുറഞ്ഞാല്‍ ടയറിന് ട്രാക്ഷന്‍ ഉണ്ടാകാത്തതിനാല്‍ വാഹനം റോഡില്‍ തെന്നിമാറാന്‍ സാധ്യതയുണ്ട്. തേഞ്ഞുപോയ ടയറില്‍ ട്രെഡ് ഗ്രൂവുകള്‍ക്ക് ആഴം കുറയുന്നു. ഇതിന്റെ ആഴം അളക്കാന്‍ നാണയം ഉപയോഗിച്ച് ഒരു 'വിദ്യയുണ്ട്'.
ഇതിനായി ഒന്നോ രണ്ടോ രൂപയുടെ നാണയം എടുത്ത് ട്രേഡില്‍ ഇടുക. നാണയത്തിന്റെ പുറം അറ്റം ദൃശ്യമാണെങ്കില്‍ ടയര്‍ മാറ്റാനുള്ള സമയമായി. സാധാരണയായി 1.6 മില്ലിമീറ്ററില്‍ താഴെയുള്ള ട്രെഡ് ഡെപ്ത് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. ഇതിനേക്കാള്‍ കുറഞ്ഞ ട്രെഡ് ഡെപ്ത് ഉള്ള ടയറുകള്‍ക്ക് റോഡില്‍ ട്രാക്ഷന്‍ നല്‍കാന്‍ കഴിയില്ല. ഇത് വാഹനങ്ങള്‍ നനഞ്ഞ റോഡുകളില്‍ പ്രത്യേകിച്ച് തെന്നാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്റര്‍ പരിശോധിക്കുക: മോഡേണ്‍ ടയറുകളില്‍ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററുകള്‍ ഉണ്ട്. അവ ട്രെഡിന്റെ മധ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ റബ്ബര്‍ പ്രോട്രഷനുകളാണ്. ഈ ട്രെഡ് വെയര്‍ ഇന്‍ഡിക്കേറ്ററിന്റെ നിലവാരത്തിലേക്ക് ടയര്‍ പ്രതലം തേഞ്ഞിട്ടുണ്ടെങ്കില്‍. ഉടന്‍ തന്നെ ടയര്‍ മാറ്റിസ്ഥാപിക്കണം. അതിനായി ഒട്ടും അമാന്തം കാണിക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു.

ടയറിലെ വിള്ളലുകള്‍ പരിശോധിക്കുക: ടയറിന്റെ വശങ്ങളിലോ പ്രതലത്തിലോ വിള്ളലുകളോ കീറലുകളോ മറ്റോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ടയറിന്റെ സൈഡ്വാള്‍ സ്ഥിരമായി പരിശോധിക്കുക. ഇവ ടയറുകള്‍ പഴകുന്നതിന്റെയോ കേടുപാടുകളുടെയോ ലക്ഷണങ്ങളാകാം. അത്തരമൊരു സാഹചര്യത്തില്‍ ടയര്‍ ദുര്‍ബലമാവുകയും പൊട്ടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. അത്തരം അപകടകരമായ സാഹചര്യം ഒഴിവാക്കാന്‍ ടയറില്‍ ഇത്തരം വിള്ളലോ പൊട്ടലോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കണം. ടയറിന്റെ വശങ്ങളിലും മറ്റും നിറംമാറ്റം ശ്രദ്ധയില്‍ പെട്ടാലും പെട്ടെന്ന് മാറ്റുന്നതാണ് നല്ലത്.
അസമമായ തേയ്മാനം ഒഴിവാക്കുക: ടയറിന്റെ ഒരു വശം മറ്റേതിനേക്കാള്‍ കൂടുതല്‍ തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സ്പെന്‍ഷന്‍ പ്രശ്നമോ, ക്രമരഹിതമായ വീല്‍ അലൈന്‍മെന്‍േറാ, തെറ്റായ ടയര്‍ പ്രഷര്‍ എന്നിവയുടെ ലക്ഷണമാകാം. അസമമായ തേയ്മാനം ടയറിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും നേരത്തെ മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തിക്കുകയും ചെയ്യും. ഇത് അനാവശ്യമായ ചെലവിലേക്ക് നയിക്കുന്നു.
മോശം ഹാന്‍ഡ്ലിംഗ്: വാഹനമോടിക്കുമ്പോള്‍ അമിതമായ വൈബ്രേഷന്‍ അല്ലെങ്കില്‍ കുലുക്കങ്ങളോ അനുഭവപ്പെടുകയാണെങ്കില്‍ അത് ടയറുകള്‍ തേഞ്ഞുപോയതിന്റെ ലക്ഷണമാകാം. നനഞ്ഞ റോഡുകളില്‍ ഈ സാഹചര്യം കൂടുതല്‍ അപകടകരമാകും. ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും ഒരു ആയുസ്സ് ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍, വാഹന ടയറുകള്‍ക്കും ആയുസ്സ് ഉണ്ട്. ഏതൊരു ടയറും പരമാവധി 6 മുതല്‍ 10 വര്‍ഷം വരെ മാത്രമേ ഉപയോഗിക്കാവൂ.
10 വര്‍ഷം കഴിഞ്ഞും ഒരു ടയര്‍ നല്ല നിലയിലാണെന്ന് നമുക്ക് തോന്നിയാലും അത് മാറ്റുന്നതാണ് നല്ലത്. ഒരു ടയറിന്റെ ആയുസ്സ് നിര്‍ണ്ണയിക്കാന്‍ ടയര്‍ എപ്പോള്‍ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരിക്കണം. ഇതിനായി നിങ്ങള്‍ ടയറിന്റെ DOT നമ്പര്‍ നോക്കേണ്ടതുണ്ട്. ഓരോ ടയറിലും കൊത്തിവച്ചിരിക്കുന്ന DOT നമ്പറുകളുടെ അവസാന 4 അക്കങ്ങള്‍ നോക്കിയാല്‍ ടയര്‍ നിര്‍മ്മിച്ച വര്‍ഷവും മാസവും മനസ്സിലാക്കാം.
നമ്മുടെ സുരക്ഷക്കായി ടയറുകള്‍ പതിവായി പരിശോധിക്കുന്നത് ശീലമാക്കണം. നമുക്ക് മാത്രമല്ല മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തി തേഞ്ഞ ടയറുകള്‍ യഥാസമയം മാറ്റേണ്ടത് അത്യാവശ്യമാണ്. ട്രെഡ് ഡെപ്ത്, ഇന്‍ഡിക്കേറ്ററുകള്‍, വിള്ളലുകള്‍, ടയറുകളുടെ ആയുസ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ നിങ്ങളുടെ വാഹനം സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടായാല്‍ ഒട്ടും മടിച്ച് നില്‍ക്കാതെ മെക്കാനിക്കുകളുടെ സഹായം തേടുക.


Click it and Unblock the Notifications








