ആരും പറഞ്ഞുതരാത്ത രഹസ്യം! കാറിന്റെ മൈലേജ് കൂട്ടാന്‍ ഇങ്ങനെയും ചില വിദ്യകള്‍ ഉണ്ടായിരുന്നോ?
കാര്‍ വാങ്ങുമ്പോള്‍ ഉപഭോക്തൃ മുന്‍ഗണന കാലകാലങ്ങളായി മാറി വരുന്നതായി നമുക്ക് കാണാം. എന്നാല്‍ എല്ലാ കാലാത്തും ഇന്ത്യക്കാര്‍ പരിഗണിക്കുന്ന ഒന്നാണ് മൈലേജ്. ഒരു ലിറ്റര്‍ പെട്രോളോ ഡീസലോ അടിച്ചാല്‍ എത്ര കിട്ടുമെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകള്‍ എടുത്താല്‍ അവയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് ഉയര്‍ന്ന ഇന്ധനക്ഷമതയാകും. ഹൈബ്രിഡ്, സിഎന്‍ജി കാറുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് അടിവരയിടുന്നു. ഇന്ധനവില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ കാറിന് പരമാവധി മൈലേജ് ലഭിക്കാന്‍ ആരായാലും ആഗ്രഹിക്കും.
അത് പണക്കാരനായാലും പാവപ്പെട്ടവനായാലും എണ്ണക്കാശ് ലാഭിക്കാനാണ് ആരും ശ്രമിക്കുക. ഇന്നത്തെ കാലത്ത് എയര്‍ കണ്ടീഷനിംഗ് ഇല്ലാത്ത കാറുകള്‍ വളരെ ഇല്ലെന്ന് തന്നെ പറയാം. നിങ്ങളുടെ കാറിലെ എസി വിവേകത്തോടെ ഉപയോഗിക്കുന്നത് മൈലേജ് വര്‍ദ്ധിപ്പിക്കാനും ഡ്രൈവിംഗ് ആസ്വാദ്യകരമാക്കാനും സഹായിക്കും. എസി കാര്യക്ഷമമായി ഉപയോഗിച്ച് ഇന്ധനം ലാഭിക്കാനുള്ള ചില വിദ്യകളാണ് ഇനി പറയാന്‍ പോകുന്നത്.

തണലത്ത് പാര്‍ക്ക് ചെയ്യുക: നിങ്ങള്‍ ഒരു കാര്‍ ഉടമയാണെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന് കാര്‍ തണലില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്. അതുമല്ലെങ്കില്‍ സണ്‍ഷെയ്ഡ് ഉപയോഗിക്കുക. ഇത് കാറിന്റെ ഇന്റീരിയര്‍ കൂടുതല്‍ ചൂടാകുന്നത് തടയുകയും അതുവഴി തണുപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത് കാര്‍ സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ എസിയുടെ ജോലിഭാരം കുറയ്ക്കുന്നു. കാറിന്റെ അകത്തളം ചൂടല്ലെങ്കില്‍ എസിക്ക് അത്ര കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരില്ല. അങ്ങനെ വരുമ്പോള്‍ ഇന്ധന ഉപഭോഗം കുറയുന്നു.
എസി പവര്‍: അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം എല്ലാ സമയത്തും എസി ഫുള്‍ പവറില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാനാണ്. കുറച്ച് മിനിറ്റ് ആവറേജ് പവറില്‍ ക്രമീകരിച്ച് കാര്‍ തണുത്തുകഴിഞ്ഞാല്‍ ഫാന്‍ വേഗത കുറയ്ക്കുക. ഈ രീതി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കാറിന്റെ മൈലേജ് വര്‍ധിപ്പിക്കുകയും നിങ്ങളുടെ പോക്കറ്റിന് ആശ്വാസമേകുകയും ചെയ്യും.

എസി റീസര്‍ക്കുലേഷന്‍ മോഡ്: നിങ്ങളുടെ കാര്‍ തണുപ്പിച്ച ശേഷം എസി റീസര്‍ക്കുലേഷന്‍ മോഡിലേക്ക് മാറ്റുക. ഈ സംവിധാനം പുറത്ത് നിന്നുള്ള വായു വലിച്ചെടുക്കുന്നതിനുപകരം തണുത്ത വായു ഉള്ളില്‍ സര്‍ക്കുലേറ്റ് ചെയ്യിക്കുന്നതിനാല്‍ എസിയുടെ കാര്യക്ഷമത മെച്ചപ്പെടുന്നു. ഇതുവഴി ഇന്ധനവും കൂടുതല്‍ പണവും ലാഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
എസി പരിപാലനം: കാര്‍ എസി ഫില്‍ട്ടര്‍ പതിവായി വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് അത്യാവശ്യമാണ്. എസി ഫില്‍ട്ടറുകള്‍ വൃത്തികേടായിരുന്നാല്‍ സിസ്റ്റത്തില്‍ അധികം സമ്മര്‍ദം വരികയും ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എസി ഫില്‍ട്ടറുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് കാര്യക്ഷമമായ പ്രവര്‍ത്തനവും മികച്ച ഇന്ധനക്ഷമതയും ഉറപ്പാക്കുന്നു.

വിന്‍ഡോകളും ഡോറുകളും: എസി ഉപയോഗിക്കുമ്പോള്‍ എല്ലാ വിന്‍ഡോയും ഡോറുകളും പൂര്‍ണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് തണുത്ത വായു പുറത്തേക്ക് പോകുന്നതില്‍ നിന്ന് തടയുന്നു. അതുവഴി എസി കുറച്ച് പ്രവര്‍ത്തിക്കാനും ഇന്ധനം ലാഭിക്കാനും അനുവദിക്കുന്നു. അല്ലാത്തപക്ഷം എസി പ്രവര്‍ത്തിക്കാന്‍ അധിക ചിലവ് വരുമെന്ന് ഓര്‍ക്കുക.
സിറ്റി-ഹൈവേ ഡ്രൈവിംഗ്: നിങ്ങള്‍ വാഹനം ഓടിക്കുന്ന റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എസിയുടെ പ്രവര്‍ത്തനം ക്രമീകരിക്കാം. സിറ്റി ട്രാഫിക്കില്‍ നിങ്ങള്‍ പതുക്കെ വാഹനം ഓടിക്കുകയാണെങ്കില്‍ എസി ഓഫാക്കി വിന്‍ഡോകള്‍ തുറന്നിടുന്നത് പരിഗണിക്കുക. എന്നിരുന്നാലും, ഹൈവേകളില്‍ അമിതമായ എയറോഡൈനാമിക് ഡ്രാഗ് ഒഴിവാക്കാന്‍ വിന്‍ഡോകള്‍ അടച്ച് എസി ഉപയോഗിക്കുക. അല്ലാത്തപക്ഷം ഇന്ധന ഉപഭോഗം വര്‍ധിക്കും.
താപനില ക്രമീകരണം: എസി നല്ല തണുപ്പില്‍ സെറ്റ് ചെയ്യേണ്ട ആവശ്യമില്ല. 22-24 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനില ഇന്ധന ഉപഭോഗം കുറയ്ക്കുമ്പോള്‍ തന്നെ മതിയായ തണുപ്പ് നല്‍കുന്നു. തണുപ്പ് കൂടുതലാണെങ്കില്‍ എഞ്ചിന്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരികയും അതുവഴി കൂടുതല്‍ ഇന്ധനം കത്തിത്തീരുകയും ചെയ്യും. ഈ ടിപ്പുകൾ പിന്തുടരുന്നത് വഴി എസി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല മൈലേജ് കൂട്ടാനും സാധിക്കും. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications








