ചുളുവിലയ്ക്ക് സെക്കന്‍ഡ് 'ടാക്‌സി' കിട്ടാനുണ്ടേല്‍ കണ്ണുംപൂട്ടി വാങ്ങിക്കോ! പ്രൈവറ്റാക്കേണ്ടത് ഇങ്ങനെ
കാര്‍ എന്നത് ഇന്നും പലര്‍ക്കും സ്വപ്‌നമാണ്. പലപ്പോഴും യൂസ്ഡ് കാറുകള്‍ ആയിരിക്കും വലിയൊരു വിഭാഗം ജനങ്ങളുടെയും കാര്‍ എന്ന സ്വപ്‌നം പൂവണിയാന്‍ സഹായിക്കുക. നമ്മുടെ നാട്ടില്‍ പലയിടത്തും യൂസ്ഡ് കാര്‍ വില്‍പ്പന ഷോറൂമുകള്‍ കൂണുപോലെയാണ് പൊന്തിവരുന്നത്. അതിനിടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാണിജ്യ വാഹനങ്ങള്‍ റീ-രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.
ഡല്‍ഹിയിലും ബെംഗളൂരുവിലും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകാര്‍ നിശ്ചിത കിലോമീറ്റര്‍ ഓടിയ ശേഷം വാഹനങ്ങള്‍ വിറ്റ് ഒഴിവാക്കാറുണ്ട്. ഈ വണ്ടികള്‍ ചുളുവിലക്ക് നാട്ടില്‍ കൊണ്ടുവന്ന് വിറ്റ് കാശാക്കുന്നവരും നിരവധിയാണ്. പുറംനാടുകളില്‍ ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ക്കും നല്ല കൊമേഴ്ഷ്യല്‍ വണ്ടികള്‍ പോക്കറ്റിനിണങ്ങുന്ന വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. പലപ്പോഴും പോക്കറ്റിന് പറ്റിയ മികച്ച മൈലേജ് തരുന്ന നല്ല കണ്ടീഷന്‍ വണ്ടികള്‍ നമ്മള്‍ നാട്ടില്‍ വെച്ചും കാണാറുണ്ട്.

എന്നാല്‍ ഇവയുടെ 'കൊമേഴ്ഷ്യല്‍' ടാഗ് കാരണം പലരും വാങ്ങാന്‍ മടിക്കുന്നു. ഇത്തരം വണ്ടികള്‍ 'പ്രൈവറ്റ്' ആക്കി മാറ്റാനുള്ള പേപ്പര്‍വര്‍ക്കുകളും മറ്റും ചുറ്റിക്കുന്നതാണെന്നാണ് കാരണം പറയുന്നത്. എന്നാല്‍ ചില ലളിതമായ പ്രക്രിയകള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ സ്വകാര്യ രജിസ്‌ട്രേഷനായി പരിവര്‍ത്തനം ചെയ്യാന്‍ പറ്റും. കൊമേഴ്ഷ്യല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഒരു സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് ഘട്ടം ഘട്ടമായുള്ള ഞങ്ങള്‍ വിശദീകരിക്കാം.
ആര്‍ടിഒയുമായി ബന്ധപ്പെട്ട എന്ത് പരിപാടി ചെയ്യുമ്പോഴും ആദ്യം ചെയ്യേണ്ടത് ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കുകയെന്നതാണ്. നിങ്ങള്‍ സ്വകാര്യ പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ആദ്യം കാറിന്റെ കൊമേഴ്ഷ്യല്‍ സ്റ്റാറ്റസ് റദ്ദാക്കണം. മാറാനുള്ള കാരണം സൂചിപ്പിച്ച് ആര്‍ടിഒക്ക് (RTO) ഉപഭോക്താവ് ഒരു അപേക്ഷ എഴുതണം.

ഇതോടൊപ്പം ഒറിജിനല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (ആര്‍സി) ഒരു പകര്‍പ്പ്, ആര്‍ടിഒ ഫോം ACC (പെര്‍മിറ്റിനും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ), ഇന്‍ഷുറന്‍സ്, ഐഡി, വിലാസം തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കാര്‍ ലോണിട്ട് എടുത്തതാണെങ്കില്‍ ബാങ്കില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും (എന്‍ഒസി) ഹാജരാക്കണം. വാണിജ്യ വാഹന പെര്‍മിറ്റ് റദ്ദാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു സ്വകാര്യ വാഹനമായി വീണ്ടും രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കാം.
ഇതിനായി റോഡ് ടാക്‌സ് തുക അടച്ച് ഐഡി, അഡ്രസ് പ്രൂഫ്, പാന്‍ കാര്‍ഡ്, എന്‍ഒസി, പെര്‍മിറ്റ് റദ്ദാക്കല്‍ രേഖ, ഫോം 20 തുടങ്ങിയ രേഖകള്‍ സഹിതം രജിസ്‌ട്രേഷനായി സമര്‍പ്പിക്കണം. അപേക്ഷ പ്രോസസ് ചെയ്ത ശേഷം പ്രൈവറ്റ് രജിസ്‌ട്രേഷനിലുള്ള ആര്‍സി ബുക്ക് നിങ്ങളുടെ കൈയ്യില്‍ എത്തിച്ചേരും. സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലിലുടെ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. നിങ്ങളുടെ രേഖകള്‍ക്കായി സമര്‍പ്പിച്ച എല്ലാ രേഖകളുടെയും പകര്‍പ്പുകള്‍ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ വീണ്ടും ആവശ്യമായി വന്നാല്‍ ഏറെ ഉപകാരപ്രദമായിരിക്കും അത്. ചുരുങ്ങിയ പക്ഷം അവ മൊബൈലില്‍ ഫോട്ടോ എടുത്ത് ഇ-മെയിലിലോ മറ്റോ അറ്റാച്ച് ചെയ്ത് സൂക്ഷിക്കാം. ആവശ്യമായി വന്നാല്‍ ഇത് പ്രിന്റെടുത്താല്‍ മതിയാകും. ആവശ്യമായ രേഖകള്‍ എല്ലാം സംഘടിപ്പിച്ച് മുകളില്‍ പറഞ്ഞ സ്‌റ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ വാണിജ്യ കാറുകള്‍ സ്വകാര്യ വാഹനമാക്കി എളുപ്പത്തില്‍ മാറ്റാം.
താങ്ങാവുന്ന വിലയില്‍ നല്ല കണ്ടീഷനിലുള്ള വാണിജ്യ കാറുകള്‍ കണ്ടാല്‍ ഇനി മടിച്ചുനില്‍ക്കേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഇടനിലക്കാരുടെ സഹായമില്ലാതെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കും. ഡല്‍ഹിയില്‍ ഇപ്പോള്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്ക് ഓടാന്‍ അനുമതിയില്ല. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പോയി കാര്‍ വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.
ആര്‍ടിഒ സേവനങ്ങള്‍ ചുറ്റലാണെന്ന് പറഞ്ഞ് ഇനി അവയോട് നോ പറയണ്ട്. ഇവയെ കുറിച്ച് ചില്ലറ ധാരണയുണ്ടെങ്കില്‍ പുറംനാടുകളില്‍ പോയി ലാഭത്തില്‍ വണ്ടി വാങ്ങാം. അതുകൊണ്ട് കൊമേഴ്ഷ്യല്‍ വാഹനം പ്രൈവറ്റാക്കി ഉപയോഗിക്കാന്‍ താല്‍പര്യമുള്ള നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ചുകൊടുക്കാം. ഇത് ഉപകാരപ്രദമായി തോന്നിയെങ്കില്‍ അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








