പ്രളയം ബാധിച്ച സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ എങ്ങിനെ തിരിച്ചറിയാം?
ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളാണ് നിങ്ങളെങ്കില്‍ യൂട്യൂബില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ചാനലുകള്‍ സ്ഥിരമായി കാണാറുണ്ടാകും. അതില്‍ ചില കടകളിലോ യാര്‍ഡുകളിലോ ഉള്ള വാഹനങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ അവതാരകന്‍ ഈ കാര്‍ വെള്ളപ്പൊക്കം/പ്രളയം ബാധിച്ചിട്ടില്ലെന്ന് എടുത്ത് പറയുന്നത് കാണാം.

വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്ന കാറുകള്‍ക്ക് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ബെംഗളൂരു നഗരത്തില്‍ അടുത്തിടെ വെള്ളം പൊങ്ങിയപ്പോള്‍ നിരവധി ആഡംബര കാറുകള്‍ അടക്കം വെള്ളത്തില്‍ മുങ്ങിയ കാഴ്ച നാം കണ്ടിട്ടുണ്ട്.

ഈ കാറുകള്‍ മൂല്യനിര്‍ണ്ണയത്തിനായി വര്‍ക്ക്ഷോപ്പുകളിലേക്ക് കൊണ്ടുപോകുകയും ഡി-രജിസ്ട്രേഷനും പൊളിക്കുന്നതിനും വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. എന്നിരുന്നാലും, മിക്കപ്പോഴും ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും മറ്റ് നഗരങ്ങളിലെയും പട്ടണങ്ങളിലെയും യൂസ്ഡ് കാര്‍ വിപണികളിലാണ് എത്തപ്പെടുന്നത്.

മിക്ക കേസുകളിലും പ്രളയം ബാധിച്ച ഒരു കാര്‍ ഒരു ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ ഫോറത്തിലോ വില്‍പ്പനക്കാരുടെ യാര്‍ഡിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ ദൃശ്യമാകും. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നാണ് നിങ്ങള്‍ അടുത്ത വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ വെള്ളപ്പൊക്കം ബാധിച്ച കാര്‍ കണ്ടെത്തി ഒഴിവാക്കാനുള്ള ചില വിദ്യകളാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ പോകുന്നത്.

1. കാറിന്റെ VIN നമ്പര്‍ പരിശോധിക്കുക
തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് യൂസ്ഡ് വാഹനത്തിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (VIN) എപ്പോഴും പരിശോധിക്കുന്നത് ഒരു നല്ല ശീലമാണ്. കാറിന്റെ ആക്‌സിഡന്റ് അല്ലെങ്കില്‍ റിപ്പയര്‍ വര്‍ക്ക് ഹിസ്റ്ററിയടക്കം പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ VIN-ന് നിങ്ങളെ സഹായിക്കും. വെള്ളപ്പൊക്കം ബാധിച്ച കാറുകളുടെ കാര്യത്തില്‍ മഴയില്‍ കാര്‍ കേടായതാണോ എന്നും അത് നന്നാക്കിയിട്ടുണ്ടോ എന്നും തിരിച്ചറിയാന്‍ VIN നിങ്ങളെ സഹായിക്കും.

2. അപ്‌ഹോള്‍സ്റ്ററി, ഗന്ധം പരിശോധന
ഫാബ്രിക് സീറ്റുകളില്‍ ശക്തമായി അമര്‍ത്തുകയും ബൂട്ട് കാര്‍പെറ്റുകള്‍ പരിശോധിക്കുകയും ചെയ്യുക. ഏന്തെങ്കിലും ദുര്‍ഗന്ധം വമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വാഹനത്തിനുള്ളില്‍ അല്‍പനേരം ഇരിക്കുക.
വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകള്‍ക്ക് സാധാരണയായി അപ്‌ഹോള്‍സ്റ്ററിയില്‍ ഈര്‍പ്പത്തിന്റെയോ നനവിന്റെയോ അടയാളങ്ങള്‍ കാണാം.

സത്യസന്ധതയില്ലാത്ത ഒരു ഡീലര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഏതറ്റം വരെയും പോയെന്നിരിക്കും. തെറ്റായി വിന്യസിച്ച ഫ്‌ലോര്‍ മാറ്റുകള്‍, ഹെഡ് ലൈനര്‍ അല്ലെങ്കില്‍ ബൂട്ട് മാറ്റുകള്‍ എന്നിവ നീക്കം ചെയ്ത് തിരികെ വെച്ചതിന്റെ സൂചനയാണ്. ഈര്‍പ്പത്തിന്റെയോ ദുര്‍ഗന്ധത്തിന്റെയോ അത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ കണ്ടാല്‍ പിന്‍മാറിയേക്കുക. അപ്‌ഹോള്‍സ്റ്ററിയുടെ നിറവ്യത്യാസവും വെള്ളം കയറിയതിന്റെ ലക്ഷണമാണ്.

3. തുരുമ്പുണ്ടോ എന്ന് പരിശോധിക്കുക
വെള്ളവും ലോഹവും തമ്മില്‍ അത്ര നല്ല ബന്ധമല്ല. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഒരു കാറില്‍ സാധാരണ സാഹചര്യങ്ങളില്‍ വെള്ളം എത്താത്ത സ്ഥലങ്ങളില്‍ തുരുമ്പെടുക്കുന്ന ലക്ഷണങ്ങള്‍ കാണിക്കും. ചെറിയ രീതിയില്‍ ജലസമ്പര്‍ക്കം ഉണ്ടായാലും തുരുമ്പെടുക്കുന്നത് പ്രതിരോധിക്കുന്ന തരത്തിലാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും വെള്ളപ്പൊക്കം ബാധിച്ച കാറിന്റെ എഞ്ചിന്‍ ബേയ്ക്ക് ചുറ്റുമുള്ള നട്ടുകള്‍, ബോള്‍ട്ടുകള്‍, ഹിംഗുകള്‍ എന്നിവ തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ടാകും. ഡോര്‍ പാനലുകളുടെ അറ്റങ്ങളും അകത്തും തുരുമ്പിന്റെ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.

4. എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും പരിശോധിക്കുക
ദീര്‍ഘനേരം ജല സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കാറിന്റെ ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ കേടാകുന്നു. ഒരു വാഹനത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇവ അത്യന്താപേക്ഷിതമാണ്, കൂടാതെ സിസ്റ്റത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനുമാകും.

കാറിന്റെ ഇലക്ട്രിക്കല്‍ പെരിഫറലുകള്‍ ഓണാക്കിയ ശേഷം റെസല്യൂഷനായി ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പരിശോധിക്കുക. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ എല്ലാം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും എന്തെങ്കിലും വാണിങ് ലൈറ്റുകള്‍ ഓണാണോ എന്നും നോക്കുക. അസാധാരണമായ എന്തെങ്കിലും ശബ്ദം പുറപ്പെടുവിക്കുന്നുണ്ടോ അല്ലെങ്കില്‍ വാഹനത്തെ അധിക ലോഡിന് കീഴിലാക്കുന്നുണ്ടോ എന്നറിയാന്‍ എസി ഓണാക്കുക.

വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിന്റെ ഒരു അടയാളം ഈര്‍പ്പം ആണ്. ഹെഡ്ലാമ്പുകള്‍ക്കോ ടെയില്‍ലാമ്പുകള്‍ക്കോ ഉള്ളിലോ ഇന്‍സ്ട്രുമെന്റ് പാനലിനുള്ളിലോ പിന്‍ വിന്‍ഡ്സ്‌ക്രീനിന്റെ കോണുകളിലോ ഫെന്‍ഡര്‍ മൗണ്ടഡ് ഇന്‍ഡിക്കേറ്ററുകള്‍ക്കുള്ളിലോ ഇത് കാണാം.

ഓഡിയോ സിസ്റ്റം സ്പീക്കറുകളില്‍ നിന്നുള്ള നിശബ്ദമായതോ പൊട്ടിത്തെറിക്കുന്നതോ ആയ ശബ്ദങ്ങള്‍ വാഹനം വെള്ളത്തില്‍ മുങ്ങിയതിന്റെ അടയാളങ്ങളാണ്. മോഡേണ്‍ കാറുകള്‍ക്ക് വിവിധ ഫംഗ്ഷനുകള്‍ക്കായി സെന്‍സറുകള്‍ ഉണ്ട്. കൂടാതെ വെള്ളപ്പൊക്കം ബാധിച്ച സെന്‍സറുകള്‍ വേഗത്തില്‍ പ്രവര്‍ത്തനരഹിതമായിത്തുടങ്ങും.

5. എഞ്ചിന്‍ പരിശോധന
ഇതിനായി, ഒരു പ്രൊഫഷണലിനെ സമീപിച്ച് മൂല്യനിര്‍ണ്ണയം നടത്തുന്നതിനാണ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുക. വെള്ളപ്പൊക്കമുണ്ടായാല്‍ സിലിണ്ടറുകള്‍, പിസ്റ്റണുകള്‍ തുടങ്ങിയ നിര്‍ണായക എഞ്ചിന്‍ ഭാഗങ്ങളിലേക്ക് വെള്ളം പ്രവേശിക്കുന്നു. അത്തരമൊരു വാഹനം ഓണാക്കിയാല്‍ എഞ്ചിന്‍ വെള്ളം കംപ്രസ് ചെയ്യാന്‍ ശ്രമിക്കും, അതിന് കഴിയാത്തതിനാല്‍ മൊത്തം എഞ്ചിന്‍ കേടുപാടുകള്‍ക്ക് കാരണമാകും. തുടര്‍ന്ന് തുരുമ്പെടുക്കുന്ന പ്രശ്‌നവും ഉണ്ട്.

എഞ്ചിന്‍ വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ചോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എഞ്ചിന്‍ ഓയില്‍ ഡിപ്സ്റ്റിക്ക് പുറത്തെടുത്ത് വെള്ളത്തിന്റെ അടയാളങ്ങള്‍ നോക്കുക എന്നതാണ്. കാറിന്റെ ഓയില്‍ ചേമ്പറില്‍ വെള്ളം കയറിയിട്ടുണ്ടെങ്കില്‍, രണ്ടും നന്നായി കലരാത്തതിനാല്‍ ആ സ്റ്റിക്കില്‍ മില്‍ക്കി ഓയിലോ വെള്ളത്തുള്ളികളോ കാണിക്കും. ഓയില്‍ കൂടുതല്‍ മിനുസമാര്‍ന്നതും സ്പര്‍ശിക്കുമ്പോള്‍ ഒട്ടാത്തതുമായിരിക്കണം. പറ്റിപ്പിടിച്ചാല്‍ വെള്ളം പ്രവേശിച്ച് എണ്ണയുമായി കലര്‍ന്നിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

ഒരു വാഹനത്തിനുള്ളില്‍ ട്രാന്‍സ്മിഷന്‍, പവര്‍ സ്റ്റിയറിംഗ്, ബ്രേക്ക് ഫ്‌ലൂയിഡ് എന്നിങ്ങനെ വിവിധ തരം ഓയില്‍ അടിസ്ഥാനമാക്കിയുള്ള ദ്രാവകങ്ങള്‍ ഉണ്ട്. സമഗ്രമായ പരിശോധന ആണ് ഉദ്ദേക്കുന്നതെങ്കില്‍ മേല്‍പറഞ്ഞ പരിശോധനാ പ്രക്രിയ അവക്കും ബാധകമാക്കണം.

നമ്പര്‍ പ്ലേറ്റുകളുടെ അഭാവമാണ് വെള്ളപ്പൊക്കത്തില്‍ കേടുപാടു സംഭവിച്ച കാറിന്റെ മറ്റൊരു ലക്ഷണം. നമ്പര്‍ പ്ലേറ്റുകളില്ലാതെ ഒരു ഓണ്‍ലൈന്‍ ഫോറത്തിലോ വില്‍പ്പനക്കാരുടെ പക്കലോ നിങ്ങള്‍ ഒരു വാഹനം കണ്ടുവെന്ന് വെക്കുക. കച്ചവടക്കാരന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പങ്കിടാന്‍ തയ്യാറുമല്ലെങ്കില്‍ ആ കാറിന് അത്ര നല്ല ചരിത്രമല്ല ഉള്ളതെന്നും വെള്ളപ്പൊക്കത്തില്‍ കേടായ വാഹനമാകാനും സാധ്യതയുണ്ട്.

യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ നിന്ന് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മള്‍ട്ടി-പോയിന്റ് ചെക്കുകള്‍ നടത്തുകയും വില്‍ക്കുന്ന വാഹനത്തിന് വാറന്റി നല്‍കുകയും ചെയ്യുന്ന രജിസ്‌റ്റേഡ് ഡീലര്‍മാരെയോ സ്ഥാപനങ്ങളെയോ സമീപിക്കുന്നതാണ് നല്ലത്. വാങ്ങിയ ശേഷം അക്കിടി പറ്റാതിരിക്കാന്‍ വാഹനം വാങ്ങുന്നതിന് മുമ്പ് അല്‍പം സൂക്ഷ്മത പാലിക്കാന്‍ ശ്രമിക്കാം.


Click it and Unblock the Notifications








