ബൈക്ക് മോഷണം എങ്ങനെ തടയാം? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍ 13.47 ദശലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റുപോയതായാണ് കണക്കുകള്‍. ബൈക്കുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് രാജ്യത്ത് വാഹന മോഷണക്കേസുകളും പെരുകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതിന് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസം കാണില്ല. ഇന്ന് വിലകുടിയ കാറുകളില്‍ കാണുന്ന പോലെ തസ്‌കരന്‍മാരെ അകറ്റി നിര്‍ത്താനുള്ള സാങ്കേതികവിദ്യകളുമായി ബൈക്കുകളും വരുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ കൈവശം ഉള്ള ബൈക്കിന് അതിന്റെ സംരക്ഷണം കിട്ടിക്കൊള്ളണം എന്നില്ലെല്ലോ. ഇരുചക്ര വാഹനങ്ങളുടെ മോഷണം തടയാനുളള ചില പൊടിക്കൈകളാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ആന്റി തെഫ്റ്റ് അലാറം: മോട്ടോര്‍ സൈക്കിള്‍ മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്നാണ് ആന്റി-തെഫ്റ്റ് അലാറം ഇന്‍സ്റ്റാള്‍ ചെയ്യുുക എന്നത്. ഇത് വാഹനത്തില്‍ ഘടിപ്പിച്ചാല്‍ അതിന്റെ ശബ്ദം കാരണം വാഹന മോഷണ ശ്രമം ചുറ്റുവട്ടത്തുള്ള ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്. എന്നാല്‍ ഇത് വാങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുക.
സാധാരണ കാറുകളില്‍ ഫിറ്റ് ചെയ്യുന്ന ആന്റി തെഫ്റ്റ് അലാറത്തില്‍ നിന്ന് വ്യത്യസ്തമായി തോന്നുന്നത് തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ബൈക്ക് മോഷ്ടിക്കാന്‍ ശ്രമമുണ്ടായാല്‍ നിങ്ങളുടെ വണ്ടിയാണ് അതെന്ന് പ്രത്യേകം തിരിച്ചറിയാന്‍ സഹായകമാകും അത്. ഇതിനൊപ്പം അലാറത്തിന്റെ സെന്‍സിറ്റിവിറ്റി നന്നായി ട്യൂണ്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. നല്ല ക്വാളിറ്റിയുള്ള ആന്റി തെഫ്റ്റ് അലാറം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

കില്‍ സ്വിച്ച്: പല മോഡേണ്‍ മോട്ടോര്‍സൈക്കിളുകളും ഒരു കില്‍ സ്വിച്ചോടെയാണ് വരുന്നത്. നിങ്ങളുടെ ബൈക്കില്‍ അത്തരത്തില്‍ ഒന്ന് ഇല്ലെങ്കില്‍ ഒരെണ്ണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതായിരിക്കും. ഒരു സ്റ്റാര്‍ട്ടര്‍ കില്‍ സ്വിച്ച് സ്പാര്‍ക്ക് പ്ലഗുകളില്‍ വൈദ്യുതി എത്തുന്നത് തടഞ്ഞ് മോട്ടോര്‍സൈക്കിളിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു. കില്‍ സ്വിച്ച് പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത സ്ഥലത്ത് ഘടിപ്പിക്കുക. സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. ഇത് നിങ്ങളുടെ ബൈക്ക് മോഷ്ടിക്കപ്പെടുന്നത് തടാന്‍ സഹായിക്കും.
ഒന്നിലധികം ലോക്കുകള്‍: ഇത് ഒരു പഴഞ്ചന്‍ പരിപാടിയാണെന്ന് തോന്നിയേക്കാം. എന്നാല്‍ ബൈക്ക് മോഷണം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ടെക്‌നിക്കുകളില്‍ ഒന്നാണ് ഒന്നിലധികം ലോക്കുകള്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍സൈക്കിളില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന ലോക്കുകള്‍ക്ക് പുറമേ കുറഞ്ഞത് രണ്ടോ അതിലധികമോ ലോക്കുകള്‍ ഉപയോഗിക്കാം. ഹാന്‍ഡില്‍ ലോക്കുകള്‍, ഡിസ്‌ക് ബ്രേക്ക് ലോക്കുകള്‍, ഇഗ്‌നിഷന്‍ ലോക്കുകള്‍, ഫോര്‍ക്ക് ലോക്കുകള്‍ എന്നിവ ഉപയോഗിക്കുന്നത് ബൈക്കിന് കൂടുതല്‍ സുരക്ഷ നല്‍കുന്നു.

ഹാന്‍ഡില്‍ ലോക്ക് ബൈക്ക് ചലിക്കുന്നത് തടയുമ്പോള്‍ ഡിസ്‌ക് ബ്രേക്ക് ലോക്ക് ചക്രങ്ങള്‍ കറങ്ങില്ലെന്ന് ഉറപ്പാക്കും. ഇഗ്‌നിഷന്‍ ഓഫാക്കി ലോക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഇഗ്‌നിഷന്‍ ലോക്ക് പ്രവര്‍ത്തിക്കുകയുള്ളൂ. ചക്രങ്ങളുടെ ഫോര്‍ക്കുകള്‍ സുരക്ഷിതമാക്കാന്‍ ഫോര്‍ക്ക് ലോക്കുകള്‍ സഹായിക്കും.
ഭാരമുള്ള ഒന്നില്‍ ലോക്ക് ചെയ്യുക: നിശ്ചലാവസ്ഥയില്‍ നില്‍ക്കുന്ന അത്യാവശ്യം ഭാരമുള്ള എന്തെങ്കിലും വസ്തുവിനോട് ചേര്‍ത്ത് വാഹനം പൂട്ടിയിടുന്നത് നല്ലതാണ്. ഇത് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുക മാത്രമല്ല കള്ളന്മാരെ തടയാനും സഹായിക്കും. കട്ടിയുള്ള ചെയിനോ കേബിളോ പാഡ്ലോക്കോ ഉപയോഗിച്ച് വേണം ലോക്ക് ചെയ്യാന്‍. എളുപ്പം തകര്‍ക്കാന്‍ സാധിക്കാത്ത നല്ല നിലവാരമുള്ള ലോക്കോ കേബിളോ ഉപയോഗിച്ച് വേണം പൂട്ടിയിടാന്‍.
പൂട്ട് നിലത്തിടരുത്: വാഹനം ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ പൂട്ട് തറയില്‍ അല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പൂട്ട് നിലത്താണെങ്കില്‍ കള്ളന്‍മാര്‍ക്ക് അത് എളുപ്പത്തില്‍ തകര്‍ത്ത് വണ്ടിയുമായി കടന്ന് കളയാം. ലോക്ക് തറയില്‍ നിന്ന് ഉയരത്തിലാണെങ്കില്‍ കള്ളന്‍മാര്‍ക്ക് അതത്ര എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കില്ല. കള്ളന്‍മാരില്‍ നിന്ന് നിങ്ങളുടെ സ്വന്തം വാഹനം സംരക്ഷിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
എല്ലാവര്‍ക്കും സ്വന്തം വണ്ടി വളരെ പ്രിയപ്പെട്ടതായിരിക്കും. ഏത് സാഹചര്യത്തിലാണ് കള്ളന്‍മാര്‍ ഒരു ശ്രമം നടത്തുകയെന്ന് പറയാന്‍ സാധിക്കില്ല. ചിലര്‍ വാഹനം നിര്‍ത്തി പോകുമ്പോള്‍ താക്കോല്‍ എടുക്കാന്‍ മറക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ശീലം ഉണ്ടെങ്കില്‍ അതും അപകടകരമാണ്. സൂക്ഷിച്ചാല ദുഖിക്കേണ്ട കാര്യമില്ലെല്ലോ.


Click it and Unblock the Notifications








