ഇലക്ട്രിക് ടൂവീലര്‍ ഉടമയാണോ? മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ മറക്കല്ലേ...
മഴക്കാലത്ത് നമ്മുടെ വാഹനങ്ങള്‍ക്ക് എക്സ്ട്രാ കെയര്‍ കൊടുക്കുന്നവരാണ് നമ്മള്‍. അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. പെട്രോള്‍ ടൂവീലറുകള്‍ പോലെ മണ്‍സൂണ്‍ കാലത്ത് ഇലക്ട്രിക് ടൂവീലറുകള്‍ക്കും പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വെള്ളക്കെട്ടിലൂടെയും മറ്റും ഇവികള്‍ സുഖസുന്ദരമായി പോകുന്നത് കണ്ട് മഴ ഞങ്ങളെ ഏശില്ലെന്ന് ഏതെങ്കിലും ഇവി ഉടമ കരുതിയാല്‍ അവര്‍ക്ക് തെറ്റി. മഴയും അന്തരീക്ഷത്തിലെ ഈര്‍പ്പവും വാഹനത്തിന്റെ ഇലക്ട്രിക് ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാനായി ചില ടിപ്പുകള്‍ പറഞ്ഞുതരാം.
വാട്ടര്‍പ്രൂഫ് കവറുകള്‍ ഉപയോഗിക്കുക: ഇലക്ട്രിക് വാഹനങ്ങളെ മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു വാട്ടര്‍പ്രൂഫ് കവര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. കവര്‍ വാഹനത്തെ പൂര്‍ണമായി മൂടുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ വാഹനത്തിന് ചെറിയ രീതിയില്‍ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയില്‍ വെന്റിലേഷന്‍ ഉണ്ടാകണം. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കാന്‍ ശ്രദ്ധിക്കുക.

വാഹനം നനവില്ലാത്ത ഉണങ്ങിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. മോട്ടോര്‍സൈക്കിളോ സ്‌കൂട്ടറോ എപ്പോഴും മേല്‍ക്കൂരയുള്ള സ്ഥലത്തോ ഗരാജിലോ പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. അത്തരം സ്ഥലങ്ങള്‍ ലഭ്യമല്ലെങ്കില്‍ താല്‍ക്കാലികമായി മഴ കൊള്ളാതിരിക്കാനായി ഷെഡുകള്‍ ഉപയോഗിക്കാം. ഇലക്ട്രിക് ടൂവീലറുകളില്‍ വെള്ളം തട്ടിയാല്‍ ബാറ്ററി, മോട്ടോര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.
ബാറ്ററി സംരക്ഷണം: മണ്‍സൂണ്‍ കാലത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും അധികം കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ളത് ബാറ്ററിക്കാണ്. അതിനാല്‍ ബാറ്ററി ടെര്‍മിനലുകള്‍ പതിവായി പരിശോധിക്കുക. ടെര്‍മിനലുകളില്‍ തുരുമ്പ്, ഈര്‍പ്പം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഇലകട്രിക് ടൂവീലറില്‍ നീക്കാം ചെയ്യാന്‍ പറ്റുന്ന (റീമൂവബിള്‍) ബാറ്ററിയാണ് വരുന്നതെങ്കില്‍ അവ ഊരി വീടിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കാം.

ചാര്‍ജ് ചെയ്യാന്‍ ഉണങ്ങിയതും കാറ്റുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക. വയറിംഗ്, കണക്ടറുകള്‍, ചാര്‍ജിംഗ് പോര്‍ട്ട് എന്നിവ മഴയില്‍ നിന്ന് സംരക്ഷിക്കാന്‍ വാട്ടര്‍പ്രൂഫ് ടേപ്പ് അല്ലെങ്കില്‍ സിലിക്കണ്‍ സീലന്റ് ഉപയോഗിക്കുക. ഈ ഭാഗങ്ങള്‍ പതിവായി പരിശോധിക്കുകയും കേടുപാടുകള്‍ ഉണ്ടെങ്കില്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുകയും ചെയ്യണം.
ടയറുകളും ബ്രേക്കുകളും: മഴക്കാലത്ത് റോഡുകള്‍ നനഞ്ഞിരിക്കുന്നതിനാല്‍ തെന്നിമാറാതിരിക്കാന്‍ ടയറുകളുടെ ട്രെഡ് പാറ്റേണ്‍ പരിശോധിക്കുക. ടയര്‍ മാറ്റാനുള്ള സമയമായിട്ടുണ്ടെങ്കില്‍ മടിച്ചുനില്‍ക്കരുത്. ടയറുകള്‍ പോലെ തന്നെ മണ്‍സൂണ്‍ സമയത്ത് ബ്രേക്ക് പാഡുകളിലും ശ്രദ്ധ വേണം. ചെളി അടിഞ്ഞ്കൂടി ബ്രേക്കിംഗ് സിസ്റ്റത്തെ ബാധിക്കുമെന്നതിനാല്‍ മഴക്ക് ശേഷം ബ്രേക്ക്പാഡ് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

മുകളില്‍ പറഞ്ഞ ലളിമായ ടിപ്പുകള്‍ പിന്തുടര്‍ന്നാല്‍ മണ്‍സൂണ്‍ കാലത്ത് നിങ്ങളുടെ ഇലക്ട്രിക് ഇരുചക്രവാഹനം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ സാധിക്കും. മണ്‍സൂണ്‍ കാലത്ത് ചെളിയും അഴുക്കും വാഹനത്തിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനം പതിവായി വൃത്തിയാക്കുകയും മാസത്തില്‍ ഒരിക്കല്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി പരിശോധിക്കുകയും ചെയ്യുക. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ ഇവിയുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








