റെയിൽവേ സ്റ്റേഷൻ ബോർഡിലെ ആ അക്കങ്ങൾ വെറുതെയല്ല! സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം രേഖപ്പെടുത്തുന്നത് എന്തിന്?
റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ നാമെല്ലാം സ്‌റ്റേഷനുകളുടെ ബോര്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടാകും. ചിലര്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതപ്പെടുന്ന സ്‌റ്റേഷനുകള്‍ അടങ്ങുന്ന ആ ബോര്‍ഡിന്റെ ഫോട്ടോസ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍, സ്റ്റേഷന്റെ പേരിന് താഴെ നല്‍കിയിരിക്കുന്ന സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (Height Above Mean Sea Level). മിക്ക യാത്രക്കാരും കാര്യമായി ശ്രദ്ധിച്ച് കാണില്ല. ട്രെയിനുകള്‍ സുരക്ഷിതമായി ഓടുന്നതിന് പിന്നില്‍ ഈ കൊച്ചു അക്കങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ഓരോ സ്റ്റേഷന്റെയും ഉയരം കൃത്യമായി രേഖപ്പെടുത്തുന്നതിന് പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ ഈ ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം.
സമുദ്രനിരപ്പില്‍ നിന്നുള്ള ശരാശരി ഉയരത്തെയാണ് MSL (Mean Sea Level) എന്ന് വിളിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉയരം അളക്കുന്നതിനുള്ള ആഗോള മാനദണ്ഡമാണിത്. ഒരു സ്റ്റേഷന്‍ ബോര്‍ഡില്‍ 348 മീറ്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആ പ്രദേശം സമുദ്രനിരപ്പിനേക്കാള്‍ അത്രയും ഉയരത്തിലാണെന്നാണ് അര്‍ത്ഥമാക്കുന്നത്. റെയില്‍വേ എഞ്ചിനീയര്‍മാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ വിവരം അത്യാവശ്യമാണ്.

റെയില്‍വേ ട്രാക്കുകള്‍ എല്ലായിടത്തും ഒരേ നിരപ്പിലല്ല നിര്‍മ്മിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീളുന്ന ട്രാക്കുകളില്‍ പലയിടത്തും കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകാറുണ്ട്. ഇതിനെ സാങ്കേതികമായി ഗ്രേഡിയന്റുകള്‍ (Gradients) എന്ന് വിളിക്കുന്നു. ട്രെയിനുകള്‍ കയറ്റം കയറുമ്പോഴും ഇറക്കം ഇറങ്ങുമ്പോഴും ആവശ്യമായ എഞ്ചിന്‍ കരുത്തും ബ്രേക്കിംഗ് നിയന്ത്രണവും കണക്കാക്കാന്‍ ഈ ഉയര വ്യത്യാസങ്ങള്‍ എഞ്ചിനീയര്‍മാരെ സഹായിക്കുന്നു.
ഗുഡ്‌സ് ട്രെയിനുകളുടെ കാര്യത്തില്‍ ഇത്തരം ഡേറ്റ വളരെ നിര്‍ണായകമാണ്. ടണ്‍ കണക്കിന് ഭാരമുള്ള ചരക്കുകളുമായി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് പോകുന്ന ഗുഡ്‌സ് ട്രെയിനുകള്‍ക്ക് ഉയര വ്യത്യാസം അനുസരിച്ച് ഇന്ധനമോ വൈദ്യുതിയോ കൂടുതല്‍ ആവശ്യമായി വരും. ട്രാക്കിന്റെ ഉയരം കൃത്യമായി അറിവുണ്ടെങ്കില്‍ എഞ്ചിന്‍ കരുത്തും ഊര്‍ജ്ജ ഉപഭോഗവും കൃത്യമായി മുന്‍കൂട്ടി നിശ്ചയിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നു.
ട്രാക്കുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്ന വേളയിലും ഈ ഹൈറ്റ് മാര്‍ക്കിംഗുകള്‍ പ്രധാനമാണ്. മഴവെള്ളം ട്രാക്കില്‍ കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കുന്നത് സ്റ്റേഷനുകളുടെ ഉയരം പരിഗണിച്ചാണ്. കൃത്യമായ ആസൂത്രണം വഴി കനത്ത മഴ ട്രാക്കുകളില്‍ വിതയ്ക്കാന്‍ സാധ്യതയുള്ള നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് സാധിക്കുന്നു.
മുംബൈ പോലുള്ള തീരദേശ നഗരങ്ങള്‍ സമുദ്രനിരപ്പിനോട് ചേര്‍ന്നാണ് കിടക്കുന്നത്. എന്നാല്‍ ഷിംല പോലുള്ള ഹില്‍ സ്റ്റേഷനുകള്‍ വളരെ ഉയര്‍ന്ന നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രളയസാധ്യത കൂടുതലാണ്. ഉയര വ്യത്യാസം കണക്കിലെടുത്താണ് വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിടാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യകാല സര്‍വ്വേകളില്‍ തന്നെ ഇത്തരം അളവുകള്‍ എടുക്കുന്ന രീതി നിലവിലുണ്ടായിരുന്നു. അക്കാലത്ത് എഞ്ചിനീയര്‍മാര്‍ ഭൂമിയുടെ ഉയരം അളന്ന് രേഖപ്പെടുത്തുന്നത് ഒരു പ്രധാന ടെക്‌നിക്കല്‍ റഫറന്‍സായി കണ്ടിരുന്നു. കാലം മാറിയതോടെ ഇന്ന് ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നെങ്കിലും സ്റ്റേഷന്‍ ബോര്‍ഡുകളില്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം രേഖപ്പെടുത്തുന്ന രീതി ഇന്നും റെയില്‍വേ പിന്തുടര്‍ന്ന് പോരുന്നു.
കേവലം ഒരു ബോര്‍ഡിലെ അക്കങ്ങള്‍ എന്നതിലുപരി രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ സുരക്ഷിതമായി ഓടുന്നതിന് പിന്നില്‍ ഈ മാര്‍ക്കിംഗുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. ട്രെയിനുകളുടെ വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഈ ലളിതമായ ഡേറ്റ സഹായിക്കുന്നു. ഓരോ യാത്രക്കാരനും ട്രെയിനില്‍ സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് പിന്നില്‍ അറിഞ്ഞോ അറിയാതെയോ ഈ SML കണക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഒരു അറിവ് നിങ്ങള്‍ക്ക് പുതിയതാണോ?. ആണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചുകൊടുക്കാന്‍ മറക്കല്ലേ.


Click it and Unblock the Notifications








