ഈ കാര്യങ്ങൾ ശീലമാക്കി നോക്കൂ, കാര്‍ സുഖസുന്ദരമായി 3 ലക്ഷം കിലോമീറ്റര്‍ ഓടും
ഇന്നത്തെ കാലത്ത് പുറത്തിറങ്ങുന്ന മോഡേണ്‍ കാറുകള്‍ ശരിയായ രീതിയില്‍ പരിചരിച്ചാല്‍ 3,50,000 കിലോമീറ്ററിലധികം സുഖസുന്ദരമായി ഓടും. എന്നാല്‍ പലരും 1,00,000 കിലോമീറ്റര്‍ എത്തുന്നതിന് മുമ്പുതന്നെ തങ്ങളുടെ വാഹനങ്ങള്‍ വിറ്റഴിക്കാറുണ്ട്. പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവരോ അല്ലെങ്കില്‍ ഇടക്കിടെ വര്‍ക്ക്ഷാപ്പില്‍ കയറി മടുത്തവരോ ആയിരിക്കും ഈ രീതിയില്‍ കാര്‍ വില്‍ക്കുന്നത്. നിങ്ങളുടെ കാര്‍ പത്ത് വര്‍ഷത്തിലധികം ഉപയോഗിക്കാന്‍ പ്ലാന്‍ ഇടുന്നവര്‍ ആണെങ്കില്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും മികച്ചതാവാനും കേടുവരാതിരിക്കാനും സഹായിക്കുന്ന ചില ശീലങ്ങള്‍ പറഞ്ഞുതരാം.
വിശ്വാസ്യതയുള്ള ബ്രാന്‍ഡ്
നിങ്ങള്‍ക്ക് പണിയായി മാറാത്ത ഒരു വാഹനം നോക്കി തെരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം.
വാഹനം വാങ്ങുന്നതിന് മുമ്പ് നന്നായി ഗവേഷണം നടത്തുക. വിശ്വാസ്യതയ്ക്കും ദീര്‍ഘകാല ഈടുറ്റ് നില്‍ക്കുന്ന കാറുകള്‍ പുറത്തിറക്കി സല്‍പ്പേര് സമ്പാദിച്ച ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുക. ടൊയോട്ട, ഹോണ്ട, മാരുതി സുസുക്കി എന്നിവ ഉദാഹരണങ്ങളാണ്. കൃത്യമായി പരിപാലിച്ചാല്‍ ഇവയുടെ വാഹനങ്ങള്‍ പലപ്പോഴും 3,00,000 കിലോമീറ്ററിലധികം തടസങ്ങളില്ലാതെ ഓടും.

പുതിയ ഫീച്ചറുകളും കുറഞ്ഞ വിലയുമുള്ള കാറുകള്‍ ഇപ്പോള്‍ പല ബ്രാന്‍ഡുകളും പുറത്തിറക്കുന്നുണ്ടെങ്കിലും ഭാവിയില്‍ അവ തലവേദനയായേക്കാം. നിങ്ങളുടെ കാറിന്റെ പാര്‍ട്‌സുകള്‍ എളുപ്പത്തില്‍ ലഭ്യമാണോ എന്നും സമീപത്ത് നല്ല സര്‍വീസ് സെന്ററുകള്‍ ഉണ്ടോ എന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഭാവിയില്‍ അതും നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകും.
മോഡിഫിക്കേഷന്‍ നല്ലതല്ല
സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത ഒരു മെഷീനാണ് ഓരോ കാറുകളും. ഇതിന്റെ എല്ലാ ഭാഗങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. വലിയ ഫാന്‍സി വീലുകള്‍, വീതിയേറിയ ടയറുകള്‍, എഞ്ചിന്റെ കമ്പ്യൂട്ടര്‍ ക്രമീകരണങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കും. ഈ മാറ്റങ്ങള്‍ രൂപഭംഗി കൂട്ടിമെങ്കിലും സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, എഞ്ചിന്‍ എന്നിവയ്ക്ക് അധിക സമ്മര്‍ദ്ദം നല്‍കും. കാറില്‍ നടപ്പാക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ കാരണം വാറണ്ടല ലഭിക്കാത്ത സാഹചര്യങ്ങള്‍ വരുമെന്ന കാര്യം ഓര്‍ത്തിരിക്കുക.

ഹ്രസ്വദൂര യാത്രകള്‍ ഒഴിവാക്കുക
ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകാനായി കാര്‍ എടുക്കുന്നത് നിങ്ങള്‍ വിചാരിക്കന്നതിലേറെ വാഹനത്തിന് ദോഷകരമാണ്. എഞ്ചിന്‍ അതിന്റെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് ശരിയായ താപനിലയില്‍ എത്തേണ്ടതുണ്ട്. കുറഞ്ഞ ദൂരത്തേക്ക് മാത്രം ഓടിക്കുമ്പോള്‍ എഞ്ചിന്‍ ആവശ്യത്തിന് ചൂടാകാതെ വരികയും, ഇന്ധനം പൂര്‍ണമായി കത്താതെ എഞ്ചിനുള്ളില്‍ ചെളിപോലെ അടിഞ്ഞുകൂടുകയും കാലക്രമേണ തേയ്മാനം വര്‍ധിപ്പിക്കുകയും ചെയ്യും. ചെറിയ ദൂരങ്ങളിലേക്ക് കാര്‍ എടുക്കാതെ നടന്ന് പോകുകയോ ടൂവീലറുകള്‍ ഉപയോഗിക്കുകയോ ചെയ്യാന്‍ ശ്രമിക്കുക.
സര്‍വീസ് ഷെഡ്യൂള്‍
സര്‍വീസ് ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക. കൃത്യമായ ഇടവേളകളില്‍ ഓയില്‍ മാറ്റുക, ഫില്‍ട്ടറുകള്‍ മാറ്റുക, ടൈമിംഗ് ബെല്‍റ്റുകള്‍ മാറ്റിയിടുക എന്നിവ കാറിന് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. വലിയ അറ്റകുറ്റപ്പണികള്‍ക്കായി ഭാവിയില്‍ പണം മുടക്കുന്നതിനേക്കാള്‍ പത്തിരട്ടി ലാഭകരമാണ് സാധാരണ പരിശോധനകള്‍ക്ക് ചെറിയ തുക ചിലവഴിക്കുന്നത്. നിങ്ങളുടെ കാറിന്റെ മാനുവല്‍ പരിശോധിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള ഷെഡ്യൂള്‍ പാലിക്കുക.
ഓരോ 10,000 കിലോമീറ്ററിലും വീലുകള്‍ അലൈന്‍ ചെയ്യുകയും ബാലന്‍സ് ചെയ്യുകയും ചെയ്യുക. ടൈമിംഗ് ബെല്‍റ്റ് ഏകദേശം 1,00,000 കിലോമീറ്ററിന് ശേഷം മാറ്റേണ്ടിവരും. ട്രാന്‍സ്മിഷന്‍ ഓയില്‍ ഓരോ 50,000 കിലോമീറ്ററിലും മാറ്റണം. ഇത് ഓരോ കാറിനും വ്യത്യാസപ്പെടാം. മൈനര്‍ സര്‍വീസുകള്‍ അപ്രധാനമാണെന്ന് കരുതി ഒഴിവാക്കരുത്. ഈ ചെറിയ പരിശോധനകള്‍ പലപ്പോഴും വലിയതും ചെലവേറിയതുമായ പ്രശ്‌നങ്ങളായി മാറുന്നതിന് മുമ്പ് ചെറിയ തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കും.
എക്‌സ്റ്റന്റഡ് വാറണ്ടി
മിക്ക പുതിയ കാറുകള്‍ക്കും രണ്ടോ മൂന്നോ വര്‍ഷത്തെ വാറണ്ടിയാണ് ലഭിക്കുന്നത്. ഈ വാറണ്ടി അഞ്ചോ ആറോ വര്‍ഷത്തേക്ക് നീട്ടാന്‍ അധിക പണം നല്‍കുന്നത് ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണ്. ഫ്യുവല്‍ ഇന്‍ജക്ടറുകള്‍, സസ്‌പെന്‍ഷന്‍ ഭാഗങ്ങള്‍, സെന്‍സറുകള്‍ എന്നിവപോലുള്ള വിലകൂടിയ അറ്റകുറ്റപ്പണികള്‍ക്ക് എക്സ്റ്റന്റഡ് വാറണ്ടി സംരക്ഷണം നല്‍കുന്നു. കാറില്‍ അനാവശ്യ മോഡിഫിക്കേന്‍ വരുത്തിയാല്‍ വാറണ്ടി നഷ്ടപ്പെടും. അതിനാല്‍, ഇത് വേണമെന്നുള്ളവര്‍ കാര്‍ ഫാക്ടറി കണ്ടീഷനില്‍ സൂക്ഷിക്കുക.

ഫ്‌ലൂയിഡ്, ഫ്യുവല്‍, ടയര്‍
ഫ്യുവല്‍, എയര്‍ ഫില്‍ട്ടറുകള്‍ കാലക്രമേണ അടഞ്ഞുപോകുന്നത് എഞ്ചിന് അനാവശ്യ ഭാരം നല്‍കും. നിങ്ങളുടെ മാനുവലില്‍ പറഞ്ഞിരിക്കുന്ന സമയപരിധി അനുസരിച്ച് അവ മാറ്റുക. എഞ്ചിന്‍ അമിതമായി ചൂടാകുന്നത് തടയാന്‍ കൂളന്റ് ഓരോ രണ്ടോ മൂന്നോ വര്‍ഷത്തിലും മാറ്റിസ്ഥാപിക്കുക. എല്ലാ മാസവും ടയര്‍ പ്രഷര്‍ പരിശോധിക്കുകയും ഓരോ 10,000 കിലോമീറ്ററിലും അലൈന്‍മെന്റ് ചെയ്യുകയും ചെയ്യുക. ഇത് ടയറുകളുടെ ക്രമരഹിതമായ തേയ്മാനം തടഞ്ഞ് സസ്‌പെന്‍ഷന്റെ കേടുപാടുകള്‍ ഒഴിവാക്കും.
കാലാവസ്ഥ ശ്രദ്ധിക്കുക
സൂര്യപ്രകാശം, പൊടി, ഉപ്പ് എന്നിവ കാറിന്റെ പെയിന്റിനെ മങ്ങിക്കുക മാത്രമല്ല, റബ്ബര്‍ സീലുകള്‍, ഗാസ്‌കറ്റുകള്‍, വയറിംഗ് എന്നിവയെയും നശിപ്പിക്കും. പരമാവധി കാര്‍ തണലത്ത് പാര്‍ക്ക് ചെയ്യുകയോ കവര്‍ ഉപയോഗിച്ച് മൂടുകയോ ചെയ്യുക. പെയിന്റ് സംരക്ഷിക്കുന്നതിനായി കാര്‍ പതിവായി കഴുകുകയും വാക്‌സ് ചെയ്യുകയും വേണം. കുറച്ചുനാളത്തേക്ക് കാര്‍ ഓടിക്കുന്നില്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്റ്റാര്‍ട്ട് ചെയ്യുകയും അല്‍പ്പം മുന്നോട്ട് അല്ലെങ്കില്‍ പിന്നോട്ട് മാറ്റുകയും ചെയ്യുക. ഇത് ടയറുകള്‍ക്ക് ഫ്‌ലാറ്റ് സ്‌പോട്ടുകള്‍ വരുന്നത് തടയും.

മുകളില്‍ പറഞ്ഞവയുടെ കൂടെ വിശ്വസനീയമായ പമ്പുകളില്‍ നിന്ന് മാത്രം ഇന്ധനം നിറയ്ക്കുന്നത് ശീലമാക്കുക. നിലവാരമില്ലാത്ത ഇന്ധനം ഇന്‍ജക്ടറുകളും വാല്‍വുകളും ശ്രദ്ധിക്കപ്പെടാതെ നശിക്കാന്‍ ഇടയാക്കും. ശരിയായ ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ 80,000 കിലോമീറ്ററില്‍ ഭൂരിഭാഗം ആളുകളും വിറ്റ് ഒഴിവാക്കുന്ന അതേ കാര്‍ വലിയ അറ്റകുറ്റപ്പണി കൂടാതെ 3,00,000 കിലോമീറ്ററിലധികം ദൂരം വിശ്വസ്തതയോടെ കൊണ്ടുനടക്കാം. കാറിനോടുള്ള ശരിയായി സമീപനം സ്വീകരിച്ചാല്‍ അത് വര്‍ഷങ്ങളോളം നിങ്ങളോടും വിശ്വസ്തത പുലര്‍ത്തും.


Click it and Unblock the Notifications








