സ്‌കൂട്ടറിന്റെ മൈലേജ് കുറവാണെന്ന പരാതിയുണ്ടോ? ഈ ടിപ്പുകള്‍ പരീക്ഷിച്ച് നോക്കൂ...
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വാഹനങ്ങളില്‍ ഒന്നാണ് സ്‌കൂട്ടര്‍ (Scooter). പ്രായോഗികതായാണ് സ്‌കൂട്ടറുകളെ ഏവര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. അതുകൊണ്ട് തന്നെ ദൈനംദിന യാത്രയ്ക്ക് സ്‌കൂട്ടറുകള്‍ ഇപ്പോഴും ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നു. ഇടുങ്ങിയതും ഗതാഗതക്കുരുക്കുള്ളതുമായ റോഡുകളില്‍ ഇവ എളുപ്പത്തില്‍ ഓടിക്കാം. മാത്രമല്ല എല്ലാവര്‍ക്കും ഓടിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ന് മിക്ക വീടുകളിലും സ്‌കൂട്ടറുകള്‍ കാണാം. ഒരു ബൈക്കിന്റെ തന്നെ വില കെടുക്കേണ്ടി വരുമെങ്കിലും സ്‌കൂട്ടര്‍ കൊണ്ടുള്ള പ്രായോഗിക ഗുണങ്ങള്‍ പരിഗണിച്ച് ഇന്ന് യൂത്തന്‍മാര്‍ വരെ അത് കണ്ണുംപൂട്ടി വാങ്ങുന്നു.
ഇന്നത്തെ സ്‌കൂട്ടറുകളില്‍ പലതും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നവയാണ്. ഹൈബ്രിഡ് സാങ്കേതികവിദ്യയടക്കം സജ്ജീകരിച്ച സ്‌കൂട്ടറുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലുണ്ട്. എന്നിരുന്നാലും കമ്മ്യൂട്ടര്‍ ബൈക്കുകളുടെ അത്രയും മൈലേജ് സ്‌കൂട്ടുറുകള്‍ക്ക് കിട്ടില്ല. നിങ്ങള്‍ ഒരു സ്‌കൂട്ടര്‍ ഉടമയും അതിന് മൈലേജ് കുറവാണെന്ന് പരാതിപ്പെടുകയും ചെയ്യുന്ന ആളാണോ?. എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. സ്‌കൂട്ടറിന് മികച്ച മൈലേജ് ലഭിക്കാനുള്ള ചില ടിപ്പുകള്‍ പറഞ്ഞ് തരാം.

പതിവ് സര്‍വീസ്: സ്‌കൂട്ടര്‍ നല്ല കണ്ടീഷനില്‍ നിലനിര്‍ത്താനായി പതിവ് സര്‍വീസുകള്‍ അല്ലെങ്കില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് ആവശ്യമാണ്. 2000 കിലോമീറ്റര്‍ ഓടി കഴിഞ്ഞാല്‍ സ്‌കൂട്ടറിന്റെ എയര്‍ ഫില്‍ട്ടര്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ മാറ്റുകയും ചെയ്യുക. എയര്‍ ഫില്‍ട്ടര്‍ അടഞ്ഞുപോയാല്‍ എഞ്ചിന്റെ കാര്യക്ഷമത കുറയും. ഇതിനുപുറമെ കമ്പനിയുടെ തന്നെ ഒറിജിനല്‍ സ്പാര്‍ക്ക് പ്ലഗുകള്‍ മാത്രം ഉപയോഗിക്കുക. 6000 മുതല്‍ 8000 കിലോമീറ്റര്‍ വരെ ഓടിയതിനുശേഷം അവ മാറ്റുക.
ടയര്‍ പ്രഷര്‍: മതിയായ എയര്‍ ടയറില്‍ ഇല്ലെങ്കില്‍ അത് റോളിംഗ് റെസിസ്റ്റന്‍സ് വര്‍ധിപ്പിക്കുന്നു. ഈ കാരണം കൊണ്ട് എഞ്ചിന്‍ കുറച്ചധികം അധ്വാനിക്കേണ്ടി വരുന്നു. ഇതിനായി ഓരോ ആഴ്ചയും ടയര്‍ പ്രഷര്‍ പരിശോധിച്ച് നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിക്കുന്ന പിഎസ്‌ഐയില്‍ നിലനിര്‍ത്തുക. ടയര്‍ പ്രഷര്‍ ശരിയായി നിലനിര്‍ത്തിയാല്‍ ഇന്ധനക്ഷമത മൂന്ന് മുതല്‍ 5 ശതമാനം വരെ വര്‍ധിപ്പിക്കാം.
റൈഡിംഗ് ശീലങ്ങള്‍: സ്‌കൂട്ടര്‍ അമിത വേഗതയില്‍ ഓടിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ഇടുന്നതും ഇന്ധന ഉപഭോഗം കൂടാന്‍ കാരണമാകുന്നു. ത്രോട്ടില്‍ നന്നായി നിയന്ത്രിച്ച് ക്രമേണ വേണം വേഗത വര്‍ദ്ധിപ്പിക്കാന്‍. മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗത സ്ഥിരമായി നിലനിര്‍ത്താന്‍ ശ്രമിക്കുക. എക്കോണമിയില്‍ റൈഡ് െചെയ്യുന്നത് മൈലേജ് മെച്ചപ്പെടുത്തും. ട്രാഫിക് ബ്ലോക്കിലും മറ്റും പെട്ട് കഴിഞ്ഞാല്‍ എഞ്ചിന്‍ ഓഫ് ചെയ്യാന്‍ ശ്രമിക്കുക.
ഓവര്‍ലോഡ് ഒഴിവാക്കുക: സ്‌കൂട്ടറിലെന്നല്ല ഏത് വാഹനത്തിന്റെയും ഇന്ധനക്ഷമത കുറയാന്‍ കാരണമാകുന്ന ഒരു സംഗതിയാണ് അമിത ഭാരം കയറ്റുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ അനാവശ്യമായ വസ്തുക്കളോ അനുബന്ധ ഉപകരണങ്ങളോ സ്‌കൂട്ടറില്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. സ്‌കൂട്ടറില്‍ ഒരിക്കലും രണ്ട് പേരില്‍ കൂടുതല്‍ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. വിശാലമായ ഫേ്‌ലാര്‍ബോര്‍ഡ് ഉണ്ടെന്ന് കരുതി അവിടെ ഒരുപാട് സാധനങ്ങള്‍ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക.
റൂട്ട് പ്ലാന്‍ ചെയ്യുക: ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ശരിയായ വഴി തെരഞ്ഞെടുക്കുക. അതായത് യാത്ര സുഖമമാക്കാന്‍ ഗതാഗതക്കുരുക്കള്‍ ഇല്ലാത്തതും ട്രാഫിക് കുറവുള്ളതുമായ വഴികള്‍ തിരഞ്ഞെടുക്കുക. മാപ്പില്‍ കിലോമീറ്റര്‍ കുറവാണെങ്കിലും ചില റൂട്ടുകളില്‍ കയറ്റിറക്കങ്ങള്‍ കൂടുതലായിരിക്കും. കൂടുതല്‍ ഇന്ധനം ചെലവാകുന്നതിനാല്‍ കുന്നിന്‍ പ്രദേശങ്ങള്‍ ഒഴിവാക്കം. ഏറ്റവും എളുപ്പവും ഗതാഗതക്കുരുക്ക് കുറഞ്ഞതുമായ റൂട്ടുകള്‍ കണ്ടെത്താന്‍ നാവിഗേഷന്‍ ആപ്പുകള്‍ നിങ്ങളെ സഹായിക്കുന്നു.
സ്‌കൂട്ടറിന് നല്ല മൈലേജ് കിട്ടാന്‍ നിറയ്ക്കുന്ന ഇന്ധനത്തിലും ശ്രദ്ധ വേണം. ഗുണനിലവാരമുള്ള ഇന്ധനം നിറച്ചാല്‍ വാഹനത്തിന്റെ മൈലേജ് വര്‍ധിക്കുന്നതായി കാണാം. അതുപോലെ തന്നെ ഭാരം കുറഞ്ഞ അലോയ് വീലുകള്‍ പോലുള്ള ഭാഗങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇന്ധനക്ഷമത കുറയ്ക്കുന്ന വലിയ എക്സ്ഹോസ്റ്റുകള്‍ ഫിറ്റ് ചെയ്യാതിരിക്കുക. ഇത്തരം ലളിതമായ ടിപ്പുകള്‍ പരീക്ഷിച്ചാല്‍ നിങ്ങളുടെ സ്‌കൂട്ടറിന്റെ മൈലേജ് കൂട്ടാം. ഇതില്‍ പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും ടിപ്പുകള്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








