കാര്‍ പെട്രോള്‍ കുടിച്ചുവറ്റിക്കുന്നുവോ? ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ, മാസം ഒരുസംഖ്യ ലാഭിക്കാം!
കാര്‍ എന്നത് ഇന്ന് ജീവിതത്തില്‍ അത്യാവശ്യ കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ പല കാര്‍ ഉടമകളുടെയും പരാതി സ്വന്തം വാഹനം എണ്ണ ഊറ്റിക്കുടിക്കുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ മാസശമ്പളത്തിന്റെ വലിയൊരു പങ്ക് ഇന്ധനച്ചെലവിനായി മാറ്റിവെക്കേണ്ടി വരുന്നുവെന്നതാണ് ഇവരുടെ പരാതി. ഇതേകാരണം കൊണ്ട് തന്നെ പലരും കാറെടുക്കാന്‍ മടിക്കുകയും ഉള്ള കാര്‍ വില്‍ക്കുകയും ചെയ്യുന്നു.
നിലവില്‍ നമ്മുടെ നാട്ടില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപക്കടുത്താണ് വില. ദിവസം ശരാശരി 50 കിലോമീറ്റര്‍ യാത്ര ഉള്ളവര്‍ക്ക് 500 മുതല്‍ 700 രൂപ വരെ എണ്ണക്കായി മുടക്കണം. എന്നാല്‍ വാഹനമോടിക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ തിരുത്തിയാല്‍ മാസം പെട്രോളിനായി ചിലവിടുന്ന തുക വലിയൊരളവില്‍ ലാഭിക്കാമെന്ന് നിങ്ങള്‍ക്കറിയാമോ?. വാഹനത്തിന്റെ മൈലേജിനെ ബാധിക്കുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

റൂട്ട് പ്ലാനിംഗ്: നിങ്ങള്‍ ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏത് വഴിയാണ് പോകുന്നതെന്ന ധാരണ ഉണ്ടായിരിക്കുക. ഗതാഗതക്കുരുക്ക് കൂടുതലുള്ളതും മോശം റോഡുകളുള്ളതുമായ റൂട്ടുകള്‍ കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. ഇത്തരം പ്രദേശങ്ങളിലൂടെയുള്ള കാർ യാത്ര ഒഴിവാക്കിയാല്‍ ഇന്ധനം കൂടുതലായി കത്തിത്തീരുന്നത് ഒഴിവാക്കാം.
കൃത്യമായ പരിപാലനം: നമ്മള്‍ ഉപയോഗിക്കും തോറും കാറിന് മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ കൃത്യമായി അത് പരിപാലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാഹനങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ വാഹനം പരിപാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വാഹനത്തിന്റെ ടയര്‍ പ്രഷര്‍ പരിശോധിക്കുകയും എയര്‍ ഫില്‍ട്ടര്‍ വൃത്തിയാക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്താല്‍ കാറിന്റെ മൈലേജ് കുറയില്ല. മാത്രമല്ല കൂടുതല്‍ ദൂരം ഓടാനും നമുക്ക് സാധിക്കും.

ആക്‌സിലറേഷനും ബ്രേക്കിംഗും: പല ഡ്രൈവര്‍മാരുടെയും മോശം ശീലമാണ് റോഡില്‍ വാഹനം ഇല്ലാത്തപ്പോള്‍ വേഗത കൂട്ടുകയും അതേ സമയം തിരക്കുള്ള ജംഗ്ഷനിലേക്ക് എത്തുമ്പോള്‍ സഡന്‍ ബ്രേക്ക് ഇടുകയും ചെയ്യുക എന്നതത്. വണ്ടി പെട്ടെന്ന് വേഗത കൂട്ടുന്നതും നല്ല പോലെ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും ഇന്ധന ഉപഭോഗം കൂട്ടുന്നുവെന്ന് നാം മനസ്സിലാക്കണം. അതിനാല്‍ സ്മൂത്തായ ഡ്രൈവിംഗ് ശീലമാക്കുക.
വേഗത നിയന്ത്രിക്കുക: വണ്ടി ഹൈവേകളില്‍ കയറിയാല്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തിച്ചവിട്ടുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ സുരക്ഷിതത്വത്തിന് മാത്രമല്ല ഇന്ധനം ലാഭിക്കുന്നതിന് വേണ്ടിയും അമിത വേഗത ഒഴിവാക്കണം. കാര്‍ ഉയര്‍ന്ന വേഗതയില്‍ കൂടുതല്‍ ഇന്ധനം നന്നായി ഉപയോഗിക്കുന്നതിനാല്‍ മിതമായ വേഗത നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പോക്കറ്റും തടിയും കാത്ത് സംരക്ഷിക്കും.

എസി ഉപയോഗം: കാറിലെ എയര്‍ കണ്ടീഷനിംഗ് ഉചിതമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുക. എഞ്ചിനില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നാണ് വാഹനത്തിന്റെ എസി പ്രവര്‍ത്തിക്കുന്നത്. എസി പ്രവര്‍ത്തിക്കുമ്പോള്‍ കാറിന്റെ എഞ്ചിന്‍ കപ്പാസിറ്റി പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. അതിനാല്‍, ആവശ്യമുള്ളിടത്ത് മാത്രം എസി ഉപയോഗിക്കുന്നതാണ് നല്ലത്. മിതമായ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന നഗര യാത്രകളില്‍ എസി ഉപയോഗം ലഘൂകരിക്കുന്നത് നന്നാകും. മറിച്ച് ലോംഗ് ഡ്രൈവിന് എസി ഉപയോഗിച്ചാല്‍ പ്രശ്‌നവുമില്ല.
അമിത ഭാരം ഒഴിവാക്കുക: നിങ്ങളുടെ വാഹനത്തില്‍ കയറ്റുന്ന ഭാരവും ഇന്ധനക്ഷമതയും തമ്മില്‍ ബന്ധമുണ്ട്. നിങ്ങള്‍ കാറില്‍ അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ കയറ്റിയാല്‍ മൈലേജ് നിശ്ചയമായും കുറയും. മാത്രമല്ല കാറിനുള്ളില്‍ അനാവശ്യമായ ലോഡുകള്‍ കയറ്റാതിരിക്കുകയും ചെയ്യേണ്ടത് മൈലേജ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് പെട്ടെന്ന നമ്മുടെ ശ്രദ്ധയില്‍ പെടില്ലെങ്കിലും ദീര്‍ഘകാല ഉപയോഗത്തില്‍ നമുക്ക് വലിയ മാറ്റങ്ങള്‍ പ്രകടമാകും.

മൈലേജുള്ള കാര്‍ തെരഞ്ഞെടുക്കുക: കാര്‍ നിര്‍മാതാക്കള്‍ വിവിധ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ആഡംബര ഫീച്ചറുകള്‍ക്കും പെര്‍ഫോമന്‍സിനും പ്രാമുഖ്യം നല്‍കി വരുന്ന കാറുകള്‍ക്കൊപ്പം മികച്ച ഇന്ധനക്ഷമതയുള്ള കാറുകളും വിപണിയില്‍ എത്തുന്നുണ്ട്. അതിനാല്‍ കാര്‍ വാങ്ങുമ്പോള്‍ തരക്കേടില്ലാത്ത മൈലേജുള്ള മോഡല്‍ വാങ്ങുന്നതാകും നല്ലത്. അതിനാല്‍ ഇനി മുതല്‍ മുകളില്‍ പറഞ്ഞ രീതിയില്‍ വാഹനം ഓടിക്കാന്‍ ശ്രദ്ധിച്ചാല്‍ വാഹനത്തിന്റെ മൈലേജ് കൂടുന്നതായി നിങ്ങള്‍ക്ക് തന്നെ അനുഭവപ്പെടുമെന്ന് തീര്‍ച്ച.


Click it and Unblock the Notifications








