ഇങ്ങനെ ചെയ്താല്‍ ട്രാഫിക് ജാം ഒരു പ്രശ്‌നമേയല്ല; നമ്മളിത് അറിയാതെ പോയല്ലോ മല്ലയ്യാ...
ഒരു ദിവസത്തിന്റെ ആരംഭം തന്നെ ഗതാഗതക്കുരുക്കില്‍ പെട്ട് തുടങ്ങിയാലുള്ള അവസ്ഥ ആലോചിച്ച് നോക്കു. നമ്മുടെ മൂഡ് തന്നെ പോകുമെന്ന കാര്യം പറയേണ്ടതില്ലെല്ലോ. നമ്മുടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് ഇത് അവരുടെ ദിനചര്യയുടെ ഭാഗമായി മാറിയിരിക്കാം. എന്നാല്‍ ട്രാഫിക് ജാമില്‍ പെടാതെ നിങ്ങളുടെ യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ പറഞ്ഞ് തരാം.
നിങ്ങളുടെ യാത്ര കൃത്യമായി ആസൂത്രണം ചെയ്യുന്നതിലൂടെ ട്രാഫിക് ജാമില്‍ പെട്ട് റോഡില്‍ കാത്തുകെട്ടി കിടക്കുന്നത് ഒഴിവാക്കാനൊക്കും . ട്രാഫിക് ഒഴിവാക്കി യാത്ര തുടരാന്‍ സഹായിക്കുന്ന നിരവധി ഉപകരണങ്ങള്‍ നമുക്ക് ഇന്നുണ്ട്. നിങ്ങള്‍ യാത്ര ചെയ്യുന്ന സമയവും ഗതാഗത രീതികളും മാറ്റുന്നത് ട്രാഫിക് ജാമുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങള്‍ അത്യാവശ്യം തിരക്കുള്ള നഗരപ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ തലവേദനക്കുള്ള ചില പരിഹാര മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് ട്രാഫിക് റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലും റേഡിയോകളിലുമുള്ള വാര്‍ത്താ പരിപാടികള്‍ പലപ്പോഴും യാത്രക്കാരെ സഹായിക്കാന്നതിനായി രാവിലെയും വൈകീട്ടും ട്രാഫിക് അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. കാറില്‍ കയറുന്നതിന് മുമ്പ് ഇത് ശ്രദ്ധിച്ച ശേഷം നിങ്ങള്‍ സാധാരണ സഞ്ചരിക്കുന്ന റൂട്ടില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ബദല്‍ റൂട്ടുകള്‍ സ്വീകരിക്കുക.
ട്രാഫിക് ഫേ്‌ലാ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനങ്ങളുമായാണ് നിരവധി ജിപിഎസ് സിസ്റ്റങ്ങളും വരുന്നത്. നിങ്ങളുടെ റൂട്ടില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മനസ്സിലാക്കാന്‍ ജിപിഎസ് സിസ്റ്റം നിങ്ങളെ സഹായിക്കും. അത്തരം സാഹചര്യങ്ങളില്‍ താരതമ്യേന തിരക്ക് കുറഞ്ഞ റൂട്ടിലേക്ക് അവ വഴികാണിക്കും. ട്രാഫിക് ആപ്പുകള്‍ ഉപയോഗിക്കുകയെന്നതാണ് മറ്റൊരു ടിപ്പ്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍ട്ട് ഇന്‍ നാവിഗേഷന്‍ ടൂളുകളുണ്ട്. ഇവക്ക് ജിപിഎസ് ഉപകരണങ്ങള്‍ പോലെ ഗതാഗതക്കുരുക്കുകള്‍ മോണിറ്റര്‍ ചെയ്യാന്‍ പറ്റും.

ട്രാഫിക് ജാം ഒഴിവാക്കാന്‍ സഹായിക്കുന്നതിനായി ഇത്തരം ട്രാഫിക് ആപ്പുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ട്രാഫിക്കിന്റെ അവസ്ഥ മനസ്സിലാക്കാന്‍ റിയല്‍ ടൈം ക്യാമറ ഫീഡുകള്‍ ഈ ആപ്പുകളില്‍ കാണാം. ഒപ്പം മറ്റ് ഡ്രൈവര്‍മാരുമായി ബന്ധപ്പെടുത്തി ബദല്‍ റൂട്ടുകളെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന സോഷ്യല്‍ ഫീച്ചറുകളും ഉണ്ട്. ട്രാഫിക് ജാം ഒഴിവാക്കാന്‍ മൊബൈല്‍ ഫോണ്‍ സഹായിക്കുമെന്ന് കരുതി ഡ്രൈവിംഗിനിടെ അത് ഒരിക്കലും ഉപയോഗിക്കരുത്.
നിങ്ങള്‍ ഒരിടത്തേക്ക് പുറപ്പെടുമ്പോള്‍ ഒരു റൂട്ട് മാത്രമല്ലാതെ മറ്റ് വഴികളും മനസ്സിലാക്കി വെക്കുക. അതില്‍ ചില റൂട്ടുകള്‍ ദൂരം കൂടുതലും തിരക്ക് കുറഞ്ഞതുമായിരിക്കും. ചില റൂട്ടുകള്‍ വീതിയേറിയതും മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്നതുമായിരിക്കും. ചില എളുപ്പ വഴികളിലൂടെ പോയാല്‍ നമ്മുടെ അതേ വഴിയില്‍ കുറച്ച് ദൂരം മുന്നിലായി കയറാന്‍ പറ്റും.

ട്രാഫിക് ജാം ശ്രദ്ധയില്‍ പെട്ടാല്‍ ഇതില്‍ ഏതെങ്കിലുമൊരു റൂട്ടിലൂടെ യാത്ര ചെയ്താല്‍ നിങ്ങളുടെ സമയവും ഇന്ധനവുമെല്ലാം ലാഭിക്കാം. ഇതിനായി ഗൂഗിള്‍ മാപ്പ് പോലുള്ള ആപ്പുകളുടെ സഹായം തേടാം. അത് കൂടാതെ ഏതോ ഒരു സിനിമ ഡയലോഗ് പോലെ 'ചോയ്ച്ച് ചോയ്ച്ച് പോകാം'. തിരക്കുള്ള സമയം പരമാവധി ഒഴിവാക്കുകയെന്നതാണ് അടുത്ത പരിഹാര മാര്‍ഗം. മിക്ക സ്ഥലങ്ങളിലും രാവിലെയും വൈകുന്നേരവും നല്ല തിരക്കായിരിക്കും. സ്‌കൂള്‍, ഓഫീസ് സമയങ്ങളിലെ തിരക്ക് അറിയാമല്ലോ.
പറ്റുമെങ്കില്‍ ഈ സമയങ്ങളില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുക. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള മറ്റൊരു സാധ്യമായ മാര്‍ഗം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുക എന്നതാണ്. ട്രാഫിക് ഒഴിവാക്കാം എന്നതിനൊപ്പം തന്നെ പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നത് അന്തരീക്ഷ മലിനീകരണം കുറക്കാനും സഹായിക്കും. കണക്ടിവിറ്റിയുണ്ടെങ്കില്‍ മെട്രോ, ട്രെയിന്‍, എന്നിവ പരമാവധി ഉപയോഗപ്പെടുത്തുക. മെട്രോ നഗരങ്ങളില്‍ ബസ് റൂട്ടുകള്‍ പോലും സാധാരണക്കാരെ സമയത്ത് എത്തിക്കാന്‍ സാധിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നു.
അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ട്രാഫിക്കില്‍ വളയം പിടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെ റിലാക്‌സ് ആയി വിശ്രമിക്കാം. ബസുകള്‍ക്ക് മാത്രമായി ബസ് ലെയ്‌നുകള്‍ ഉണ്ട്. അവ മറ്റ് പാതകളെ പോലെ അത്ര തിരക്കേറിയതല്ല എന്നതും കൂടി കൂട്ടിവായിക്കുക. ഏറ്റവും അവസാനമായി നടക്കാവുന്ന ദൂരത്താണ് നിങ്ങളുടെ ലക്ഷ്യസ്ഥാനമെങ്കില്‍ വാഹനം എടുക്കാതിരിക്കുന്നതാണ് ഉത്തമം.
നടക്കാവുന്ന ദൂരത്തേക്ക് വണ്ടിയെടുത്ത് ഇറങ്ങി ട്രാഫിക്കില്‍ പെട്ട് കിടക്കുന്നത് വല്ലാത്ത അവസ്ഥയല്ലേ. ഇത്തരം സാഹചര്യങ്ങളില്‍ സൈക്ലിംഗും പരീക്ഷിക്കാവുന്നതാണ്. ഇപ്പോള്‍ പല റോഡുകളിലും സൈക്കിളുകള്‍ക്കായി പ്രത്യേക ലെയ്‌നുകള്‍ ഉണ്ട്. നടത്തവും സൈക്ലിംഗും ആരോഗ്യത്തിനും ഗുണകരമായതുകൊണ്ട് ഇരട്ടിയാണ് നേട്ടം. അതിനാല്‍ ഇനി ട്രാഫിക്കില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കൂ.


Click it and Unblock the Notifications








