കാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും എങ്ങിനെ സംരക്ഷിക്കാം; വെള്ളക്കെട്ടിലൂടെയുള്ള ഡ്രൈവിൽ ശ്രദ്ധിക്കേണ്ടവ
കേരളത്തിലും കര്‍ണാടകയിലെ ബംഗളൂരുവിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. കേരളത്തില്‍ രണ്ട് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ബംഗളൂരുവിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്ക കെടുതിയിലാണ്. വെള്ളം പൊങ്ങിയതോടെ ട്രാക്ടറിലും മറ്റുമാണ് ജനങ്ങളെ രക്ഷപ്പെടുത്തുന്നത്.

ഇത്തരത്തില്‍ ദുരിതബാധിതരെ ട്രാക്ടറില്‍ രക്ഷപെടുത്തുന്ന ഒരു വിഡിയോയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നിരവധി ആഡംബര കാറുകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് ഈ വിഡിയോയില്‍ കാണാം. ലെക്‌സസ് NX SUV, ലക്‌സസ് സെഡാന്‍, ബെന്റ്‌ലി ബെന്റായ്ക, ഔഡി Q7, ലാന്‍ഡ്‌റോവര്‍ റേഞ്ച്‌റോവര്‍ എന്നീ കാറുകള്‍ മുങ്ങിയതായി കാണാം.

മഴ പെയ്താല്‍ നമുക്ക് ബന്ധു വീടുകളിലേക്കോ സര്‍ക്കാര്‍ ഒരുക്കുന്ന സൗകര്യങ്ങളിലേക്കോ മാറി നില്‍ക്കാം. എന്നാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ട കാറുകളുടെ സംരക്ഷണത്തിന് നമുക്ക് എന്താണ് ചെയ്യാന്‍ സാധിക്കുക?.

മറ്റൊരു ഉദാഹരണം എടുക്കുകയാണെങ്കില്‍ വെള്ളപ്പൊക്കം വന്നാല്‍ തെരുവുകളില്‍ വെള്ളം നിറയുന്നതോടൊപ്പം ഗതാഗതക്കുരുക്കിന്റെ പ്രശ്നങ്ങളും നേരിടുന്നു. പാര്‍ക്കിങ്ങില്‍ വെള്ളം കയറുകയോ വെള്ളപ്പൊക്കമുള്ള ഒരു തെരുവിലൂടെ വാഹനമോടിക്കേണ്ടി വരികയോ ചെയ്താല്‍, നിങ്ങളുടെ കാറിനെ പരമാവധി സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില കാര്യങ്ങളുണ്ട്. മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ വിവരിക്കുകയാണ് ചുവടെ:

- നിങ്ങള്‍ മഴ പ്രതീക്ഷിക്കുകയും നിങ്ങളുടെ പാര്‍ക്കിംഗ് ഏരിയയില്‍ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയുകയും ചെയ്തുവെന്ന് കരുതുക. അപ്പോള്‍ തന്നെ നിങ്ങളുടെ പാര്‍ക്കിംഗ് സ്ഥലം ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിക്കൊണ്ട് നിങ്ങളുടെ കാറില്‍ വെള്ളം കയറാനുള്ള സാധ്യത കുറക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ കാര്‍ ഒരു സെഡാനോ ഹാച്ച്ബാക്കോ ആണെങ്കില്‍ പ്രത്യേകിച്ചും ഇത് ആവശ്യമാണ്. കാരണം അത് നിലത്തോട് കൂടുതല്‍ അടുത്ത് ഇരിക്കുന്നതിനാലാണിത്. ഓപ്പണ്‍ ഗ്രൗണ്ടിലാണ് കാര്‍ പാര്‍ക്കിംഗ് എങ്കില്‍, ആലിപ്പഴം പോലുള്ളവയില്‍ നിന്ന് സംരക്ഷിക്കാന്‍ മൂടിവെക്കുക.
- കാറിന്റെ വിന്‍ഡോകള്‍ മുകളിലേക്ക് കയറ്റിയിട്ടുണ്ടെന്ന് രണ്ടുതവണ പരിശോധിക്കുക. ഫാബ്രിക് അല്ലെങ്കില്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് ഘടകങ്ങള്‍ എന്നിവ മഴ കാരണം നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഒരൊറ്റ വിന്‍ഡോ പോലും അടക്കാന്‍ മറക്കരുത്.
- നിങ്ങള്‍ക്ക് നിസഹായനായി നില്‍ക്കേണ്ടി വരുന്ന ചില സമയങ്ങളുണ്ട്. നിങ്ങളുടെ കാര്‍ മലിനമായ മഴവെള്ളം കൊണ്ട് നിറയുന്നത് കാണും. അത് അസാധാരണമല്ല. എന്നാല്‍ കാര്‍ ടയര്‍ മുങ്ങുന്നത് കണ്ടാലോ എക്സ്ഹോസ്റ്റ് പൈപ്പ് വെള്ളത്തിനടിയിലായാലോ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. അങ്ങനെ ചെയ്യുന്നത് വായുവിലൂടെയോ എക്സ്ഹോസ്റ്റിലൂടെയോ എഞ്ചിനിലേക്ക് വെള്ളം കടത്തിവിടും. വെള്ളം സിലിണ്ടറുകളില്‍ പ്രവേശിച്ചാല്‍, അത് പിസ്റ്റണുകളും വാല്‍വുകളും കേടുവരുത്തും. ഇത് പണി തീര്‍ത്ത്പുറത്തിറക്കാന്‍ ചില്ലറ കാശ് മുടക്കിയാല്‍ മതിയാകില്ലെന്ന് വിശദീകരിക്കേണ്ടെന്ന് തോന്നുന്നു. അത്തരം സാഹചര്യത്തില്‍ വെള്ളം പൂര്‍ണ്ണമായും ഇറങ്ങുന്നതുവരെ കാത്തിരിക്കുക.
- വെള്ളപ്പൊക്കമുള്ള ഒരു തെരുവില്‍ കാര്‍ സ്തംഭിച്ചാല്‍ ഇതുതന്നെയാണ് ചെയ്യേണ്ടത്. ടയറിന്റെയോ എക്സ്ഹോസ്റ്റിന്റെയോ പകുതി വരെ കാര്‍ മുങ്ങിക്കിടക്കുമ്പോള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. മിക്ക ഇന്‍ഷുറന്‍സ് പോളിസികളും മഴ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളാല്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
- ആവശ്യമെങ്കില്‍ വെള്ളത്തിന്റെ ആഴം വിലയിരുത്തുക. വാഹനം ഇറക്കാന്‍ പറ്റിയ കുറച്ചെങ്കിലും ഉയര്‍ന്ന പ്രദേശം ഉണ്ടോ എന്ന് നോക്കുക.
- നിങ്ങളുടെ കാര്‍ ഫസ്റ്റ് ഗിയറില്‍ നിര്‍ത്തി പതുക്കെ എടുക്കുക. നിങ്ങള്‍ ഉയര്‍ന്ന വേഗതയില്‍ വെള്ളത്തിലേക്ക് വാഹനം ഇറക്കുകയാണെങ്കില്‍ ട്രാക്ഷനും നിയന്ത്രണവും നഷ്ടപ്പെടുകയും ചെയ്യും.




നിങ്ങള്‍ ഒരു വെള്ളപ്പൊക്കമുള്ള തെരുവിലൂടെ ഡ്രൈവ് ചെയ്യേണ്ടതുണ്ടെങ്കില്‍, ആദ്യത്തെ ടിപ്- അങ്ങനെ ചെയ്യാതിരിക്കുക എന്നതാണ്. വളരെ അത്യാവശ്യമല്ലെങ്കില്‍ വെള്ളപ്പൊക്കത്തിലൂടെയുള്ള ഡ്രൈവിംഗ് പരമാവധി ഒഴിവാക്കുക. ലോഹം, ഇലക്ട്രോണിക്സ്, എഞ്ചിനുകള്‍, എക്സ്ഹോസ്റ്റുകള്‍ എന്നിവ വെള്ളം അത്ര ഇഷ്ടപ്പെടുന്നില്ല. അത്യാവശ്യങ്ങള്‍ ഇല്ലെങ്കില്‍ കഴിയുന്നതും വീട്ടില്‍ തന്നെ തുടരുക. സാധിക്കുമെങ്കില്‍ റൂട്ട് മാറ്റി പോകുക.



വെള്ളപ്പൊക്കത്തിലൂടെ സാവധാനം നീങ്ങുമ്പോള്‍ എഞ്ചിന്‍ സജീവമാക്കുക. ഇത് എക്സ്ഹോസ്റ്റില്‍ നിന്ന് വെള്ളം ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ വണ്ടി നിന്ന ശേഷം എഞ്ചിന്‍ റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വന്നാല്‍ ഉടന്‍ തന്നെ അത് ചെയ്യുക. നിങ്ങള്‍ കൂടുതല്‍ സമയം കാത്തിരിക്കുമ്പോള്‍, എക്സ്ഹോസ്റ്റ് എക്സിറ്റിലൂടെ വെള്ളം പ്രവേശിക്കാം. കാര്‍ സ്തംഭിച്ചിട്ട് കുറേ സമയമായാല്‍ വെള്ളം എഞ്ചിനിലും കയറിയിട്ടുണ്ടെന്ന് മനസ്സിലായാല്‍ അത് സ്റ്റാര്‍ട്ട് ചെയ്യാനോ പുറത്തേക്ക് തള്ളാനോ ശ്രമിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വെള്ളപ്പൊക്കമുണ്ടായ പ്രദേശത്ത് നിന്ന് പുറത്ത് കടന്നാല്‍ ബ്രേക്കുകള്‍ ഉണക്കുക. ഡിസ്‌കുകളില്‍ നിന്നും കാലിപ്പറുകളില്‍ നിന്നോ ഡ്രം ബ്രേക്കില്‍ നിന്നോ വെള്ളം വറ്റിക്കാന്‍ സ്പീഡ് കുറച്ച് ഡ്രൈവ് ചെയ്യുകയും ബ്രേക്ക് ലഘുവായി ഉപയോഗിക്കുകയും ചെയ്യുക.

അവസാനമായി, മിക്ക ഇന്‍ഷുറന്‍സ് പോളിസികളും വെള്ളപ്പൊക്ക നാശനഷ്ടങ്ങള്‍ കവര്‍ ചെയ്യില്ലെങ്കിലും, ചില കമ്പനികള്‍ അത്തരം കാര്യങ്ങള്‍ക്ക് ആഡ്-ഓണ്‍ കവറുകള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് തേഡ് പാര്‍ട്ടി മാത്രമേ ഉള്ളൂവെങ്കില്‍, ഒരു സമഗ്ര കാര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ പരിഗണിക്കുന്നത് മൂല്യവത്താണ്.


Click it and Unblock the Notifications








