നായ്ക്കള്‍ വണ്ടിയുടെ പിറകെ കുരച്ച് ഓടിയാല്‍ എങ്ങനെ രക്ഷപ്പെടാം?
ലോകത്തിലെ ഏറ്റവും വലിയ വാഹന മാര്‍ക്കറ്റില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യ പോലെ തന്നെ വാഹനങ്ങളുടെ എണ്ണവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ടെക്നോളജിയുടെ വേഗത കൂടുന്നതിന് അനുസരിച്ച് ഒപ്പം ഓടിയെത്താന്‍ മനുഷ്യന് വാഹനം കൂടിയേ മതിയാകൂ. ഇന്ന് ഓരോ മനുഷ്യനും അവന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഏതെങ്കിലും വാഹനങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്.
അതിനാല്‍ തന്നെ ഇന്ന് ഒരു ഇരുചക്ര വാഹനമില്ലാത്ത വീട് ഇന്ത്യയില്‍ വിരളമാണെന്ന് മാത്രമേ പറയാനാകൂ. ഓരോ ആളുകളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായി ഇരുചക്രവാഹനങ്ങള്‍ മാറിയിരിക്കുന്നതായി പറഞ്ഞാല്‍ അത് തെറ്റാകില്ല. സമയത്തിന് പൊന്നും വിലയായതിനാല്‍ സമയവും സൗകര്യവും നോക്കി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ ഏറ്റവും അനുയോജ്യമായ ഗതാഗത മാര്‍ഗമായി ടൂവീലറുകള്‍ മാറുന്നു. പോരാത്തതിന് ഇവ പോക്കറ്റ് ഫ്രണ്ട്ലി കൂടെയാണ്.

ഹ്രസ്വദൂര യാത്രകള്‍ക്ക് ഭൂരിഭാഗം പേരും ടൂവീലറുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ടൂവീലര്‍ ഓടിക്കുന്നവരില്‍ പലര്‍ക്കും തലവേദനയാണ് രാത്രിയാത്ര.രാത്രി യാത്രകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക നായ്ക്കളാണ്. നിങ്ങള്‍ ഒരുപക്ഷേ രാത്രി ജോലി കഴിഞ്ഞോ അതുമല്ല വല്ല വിനോദങ്ങളിലും ഏര്‍പ്പെട്ടോ തിരിച്ച, വരുന്ന വേളയിലായിരിക്കും നായ് പിറകെ കൂടി ശല്യമുണ്ടാക്കുന്നത്. അതിനാല്‍ തന്നെ രാത്രി ടൂവീലറുകളുമായി പുറത്തിറങ്ങുന്നവര്‍ ഇത് അനുഭവിച്ചിട്ടുണ്ടാകും.
നായ്ക്കള്‍ പിറകെ ഓടി വാഹനം നിയന്ത്രണം തെറ്റി അപകടം പറ്റിയ ഉദാഹരണങ്ങള്‍ ഉണ്ട്. കേരളത്തിലെ പല റോഡുകളും ഇരുട്ട് വീണാല്‍ ഭരിക്കുന്നത് തെരുവ് നായ്ക്കളാണ്. രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നവര്‍ക്ക് ഏതെങ്കിലും ഒരിടത്ത് നിന്നെങ്കിലും നായ്യുടെ മുന്നില്‍ പെടാതെ രക്ഷപ്പെടാന്‍ സാധിക്കില്ല. ടൂവീലറുകളുടെ മാത്രമല്ല സൈക്കിള്‍ റൈഡര്‍മാരും ഇതേ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ബൈക്കിലോ സൈക്കിളിലോ പോകുമ്പോള്‍ നായ് പിറകെ ഓടിയാല്‍ രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടത്?.

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് താഴെ നമ്മള്‍ വിവരിക്കാന്‍ പോകുന്നത്. കുരച്ച് കൊണ്ട് ബൈക്കിന് പിന്നില്‍ ഓടുന്ന നായ്യെ അവഗണിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. വാഹനം അത്യാവശ്യം നല്ല സ്പീഡില്‍ ഓടിച്ച് പോയാല്‍ നമ്മുടെ പിറകെ ഓടുന്ന നായ് ക്ഷീണിക്കും. അതോടെ അത് പിന്‍വാങ്ങും. വണ്ടി വേഗത്തില്‍ പോകുന്നത് കണ്ടാല്‍ നായ്ക്കളും വേഗത കുറയ്ക്കുന്നു.
എന്നാല്‍ അതീവ ശ്രദ്ധയോടെ വേണം ഈ ഘട്ടത്തില്‍ വാഹനം ഓടിക്കാന്‍. നായ്ക്കളെ കണ്ട് പേടിച്ചോ വെപ്രാളപ്പെട്ടോ വണ്ടി എടുത്താല്‍ വല്ല അപകടവും പിണയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഇത്തരം സാഹചര്യങ്ങളില്‍ മനസ്സാന്നിധ്യം വെടിയരുത്. ഒരു നായ പിറകെ കുരച്ചുകൊണ്ട് ഓടുന്നത് ചിലരെ ഭയചകിതരാക്കും. അത്തരം സമയങ്ങളില്‍ നമ്മുടെ മനസ്സിലേക്ക് ഭയം വരുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തുന്നതാണ് ഏറ്റവും നല്ല കാര്യം.
വാഹനം നിര്‍ത്തുമ്പോള്‍ സ്വാഭാവികമായും ചക്രം കറങ്ങുന്നത് നില്‍ക്കും. അപ്പോള്‍ നായ് കുരയ്ക്കുന്നത് നിര്‍ത്തുന്നതായി കാണാം. കാരണം ടയര്‍ കണ്ടാണ് പലപ്പോഴും നായ്ക്കള്‍ പ്രകോപിതരാകന്നത്. ടയറിന്റെ കറക്കം നില്‍ക്കുന്നതോടെ നായ്ക്കള്‍ ശാന്തരാകും. തുടര്‍ന്ന് വണ്ടിയെടുത്ത് പോകാം. സൈക്ലിസ്റ്റുകള്‍ക്ക് ഉപകാരപ്പെടുന്ന ഒരു ട്രിക്കാണ് അടുത്തത്. സൈക്കിള്‍ റൈഡര്‍മാരുടെ പക്കല്‍ വാട്ടര്‍ ബോട്ടില്‍ ഉണ്ടാകും. നായ്ക്കള്‍ പിറകെ ഓടിയാല്‍ ബോട്ടിലിലുള്ള വെള്ളം നായ്ക്കളുടെ നേരെ സ്പ്രേ ചെയ്യുക.
ഇങ്ങനെ ചെയ്താല്‍ നായ്ക്കളുടെ ശല്യം നില്‍ക്കുമെന്ന് പല സൈക്കിള്‍ റൈഡര്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോള്‍ നായ്ക്കള്‍ ഓടിയാല്‍ തുരത്താനായി ചെറിയ വടി കൂടെ കരുതാറുണ്ട്. നായ്ക്കള്‍ അടുത്ത് കൂടുമ്പോള്‍ ആക്രോഷിക്കുന്നത് അവ പിന്തിരിയാന്‍ കാരണമാകുമെന്ന് ചില സൈക്ലിസ്റ്റുകള്‍ പറയാറുണ്ട്. നായ്ക്കള്‍ വാഹനത്തിന് പിറകില്‍ ഓടുന്നത് തടയാനുള്ള മറ്റൊരു മാര്‍ഗമാണ് അള്‍ട്രാസോണിക് വിസില്‍.
ഇന്ന് വിവിധ വില നിലവാരത്തിലുള്ള അള്‍ട്രാസോണിക് വിസിലുകള്‍ വിപണിയില്‍ ലഭ്യമാണ്. രാത്രിയില്‍ വരുമ്പോള്‍ ഇത്തരമൊരു വിസില്‍ കൈവശം വെക്കുക. നായ്ക്കള്‍ അടുത്ത് കൂടുമ്പോള്‍ ഈ വിസില്‍ അടിച്ചാല്‍ അവ ഓടിപ്പോകും. നായ്ക്കള്‍ക്ക് ശബ്ദം ശല്യമായി അനുഭവപ്പെടുന്നതിനാല്‍ അവയെ തുരത്താനായി ഇത് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഇത്തരത്തില്‍ നായ്ക്കളുടെ ശല്യം ഉണ്ടായിട്ടില്ലേ?. അത്തരം സാഹചര്യത്തില്‍ എന്ത് മാര്‍ഗമായിരുന്നു സ്വീകരിച്ചിരുന്നത്. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ...


Click it and Unblock the Notifications








