ഇ-ചലാനില്‍ വരെ വ്യാജന്‍! അക്കൗണ്ട് 'ക്ലീന്‍' ആകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സ്വന്തമായി വാഹനം ഉള്ളവരായിരിക്കും നമ്മളില്‍ അധികവും. ഇന്ന് ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ട്രാഫിക് നിയമലംഘനങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എഐ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്കുള്ള ചലാന്‍ ഇപ്പോള്‍ ഓണ്‍ലൈനായിട്ടാണ് വരുന്നത്. ചിലര്‍ ഇത് ഗൗരവത്തില്‍ എടുത്ത് പിഴ പെട്ടെന്ന് അടച്ച് തീര്‍ക്കുന്നു. എന്നാല്‍ ചിലര്‍ അത്ര ഗൗരവത്തില്‍ എടുക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ചലാന്‍ പുറപ്പെടുവിക്കുന്ന ഓണ്‍ലൈന്‍ സംവിധാനവും തട്ടിപ്പ് നടത്താനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ് ചിലര്‍. അതിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.
ഓണ്‍ലൈന്‍ സംവിധാനങ്ങളെയും പുത്തന്‍ തട്ടിപ്പ് രീതികളെയും കുറിച്ച് വലിയ ജ്ഞാനമില്ലാത്ത അയ്യോപാവങ്ങളാണ് ഇത്തരം ചതിക്കുഴികളില്‍ പെടുന്നത്. നിയമലംഘനത്തെ കുറിച്ച് ലഭിക്കുന്ന മെസേജില്‍ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയോ ചെയ്താല്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ക്ലീനാക്കി രക്ഷപ്പെടും. 'ഫിഷിംഗ്' എന്നാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പ് രീതിയെ വിശേഷിപ്പിക്കുന്നത്. പുതിയ വാഹന്‍ പരിവാഹന്‍ ഫിഷിംഗിനെ കുറിച്ചും അതില്‍ എങ്ങനെ കുടുങ്ങാതിരിക്കാം എന്നതിനെ കുറിച്ചും പറഞ്ഞുതരാം.

വാഹന്‍ പരിവാഹന്‍ ഫിഷിംഗ് തട്ടിപ്പ് അല്ലെങ്കില്‍ ഇ-ചലാന്‍ തട്ടിപ്പ് എസ്എംഎസ് വഴി ട്രാഫിക് ലംഘനം ഉണ്ടെന്ന് പറഞ്ഞ് പണം തട്ടാന്‍ ഉദ്ദേശിച്ചുള്ള സൈബര്‍ ആക്രമണ രീതിയാണ്. ഇത്തരം സന്ദേശങ്ങളില്‍ സാധാരണയായി പിഴ അടയ്ക്കാനോ വാഹന്‍ പരിവാഹന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ഉള്ള ഒരു ലിങ്ക് അടങ്ങിയിരിക്കും.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം നിങ്ങളുടെ സ്വകാര്യ ഡേറ്റയിലേക്ക് ആക്സസ് നേടാന്‍ കഴിയും. പണമാണ് പ്രാഥമിക ലക്ഷ്യം എന്നതിനാല്‍ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും അവര്‍ ഊറ്റിയെടുക്കും. ഒരാള്‍ക്ക് സാധാരണയായി ഒരു ഇ-ചലാന്‍ എസ്എംഎസ് ആണ് ലഭിക്കുക.

ലിങ്ക് ഒരു വ്യാജ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും അല്ലെങ്കില്‍ ചിലപ്പോള്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടുകയോ ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ആധാര്‍ നമ്പര്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ മുതലായ വിവരങ്ങള്‍ മോഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായിരിക്കും ഈ വ്യാജ വെബ്‌സൈറ്റ്. എന്നാല്‍ കാഴ്ചയില്‍ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായിരിക്കും.
ഇത്തരം തട്ടിപ്പിന് ഇരയാകുന്നത് എങ്ങനെ ഒഴിവാക്കാം എന്നതായിരിക്കും ഇത് വായിക്കുന്ന നിങ്ങള്‍ക്ക് അറിയേണ്ടത്. ഇത്തരമൊരു തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം മെസേജുകളില്‍ വരുന്ന ഒരു ലിങ്കും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ്. ട്രാഫിക് നിയമലംഘനത്തെ സൂചിപ്പിച്ച് നിങ്ങള്‍ക്ക് ഒരു ഇ-ചലാന്‍ വന്നിട്ടുണ്ടോ എന്ന് അറിയാന്‍ പരിവാഹനിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം.
മതിയായ വിവരങ്ങള്‍ നല്‍കിയാല്‍ വാഹനത്തിന്റെ പേരില്‍ ഏതെങ്കിലും ചലാന്‍ വന്ന് കിടപ്പുണ്ടോ എന്ന് വെബ്‌സൈറ്റിലൂടെ അറിയാനുള്ള സംവിധാനം ഇന്നുണ്ട്. അതുമല്ലെങ്കില്‍ ഇ-ചലാനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ട്രാഫിക് പൊലീസിനെ ബന്ധപ്പെടുക. അല്ലാതെ തട്ടിപ്പുകാര്‍ അയക്കുന്ന മെസേജില്‍ വരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വലിയ വില കൊടുക്കേണ്ടി വരും.
സര്‍ക്കാര്‍ വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റിന് '.gov.in' എക്‌സ്റ്റന്‍ഷന്‍ ഉണ്ടായിരിക്കുമെന്ന കാര്യം ഓര്‍മയില്‍ വെക്കുക. കൂടാതെ വെബ്സൈറ്റിന്റെ ആധികാരികതയെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പാകുന്നതുവരെ അജ്ഞാത വെബ്സൈറ്റുകളില്‍ ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കിടാതിരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ വാഹനത്തിന് ചലാന്‍ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് എളുപ്പമാണ്. അതിനായി ആദ്യം പരിവാഹാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് ഒന്നുകില്‍ ചലാന്‍ നമ്പര്‍, വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ നല്‍കുക.
ശേഷം നല്‍കിയിരിക്കുന്ന ക്യാപ്ച കോഡ് ശരിയായി നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍, തീര്‍പ്പാക്കാത്തതും പണമടച്ചതുമായ ചലാനുകളുടെ ലിസ്റ്റ് കാണാം. നിങ്ങളുടെ വാഹനത്തില്‍ എന്തെങ്കിലും ചലാനുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള എളുപ്പ മാര്‍ഗമാണിത്. ഫോണിലെ ചലാന്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ mParivahaan ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ചലാനുകള്‍ ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവും ഇന്ന് ഉണ്ട്.


Click it and Unblock the Notifications








