മഴക്കാലത്ത് ഇങ്ങനെ ചെയ്താല്‍ കാറിന് നല്ല മൈലേജ് കിട്ടും! എന്നാലും നമ്മളിതറിയാതെ പോയല്ലോ
കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴയാണ്. ടീവീലറുകൾ ഷെഡിൽ കയറുന്ന സമയമായി മണ്‍സൂണ്‍ കാലത്ത് കാർ ഉടമകള്‍ നേരിടുന്ന നിരവധി പ്രതിസന്ധികള്‍ ഉണ്ട്. വെള്ളക്കെട്ടിലുടെയും മറ്റും വാഹനം ഇറക്കേണ്ട സാഹചര്യങ്ങളില്‍ കാര്‍ ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിലൂടെ നിങ്ങള്‍ ഇതിനോടകം വായിച്ചിട്ടുണ്ടാകും.
മഴക്കാലത്ത് ഏതായാലും ഇരുചക്ര വാഹനങ്ങളേക്കാള്‍ സുരക്ഷിതം കാറാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലെല്ലോ. മണ്‍സൂണ്‍ കാറിന്റെ സുരക്ഷ, പെര്‍ഫോമന്‍സ് എന്നിവയെ ബാധിക്കുന്നതിനൊപ്പം മൈലേജ് കുറയയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും നിങ്ങളുടെ കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കും. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

യാത്ര പ്ലാന്‍ ചെയ്യുക: മഴക്കാലത്ത് യാത്ര കൃത്യമായി പ്ലാന്‍ ചെല്‍ നിരവധി ഗുണങ്ങളുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ റോഡികളിലൂടെ താഴ്ന്ന ഗിയറില്‍ വാഹനം ഓടിക്കുമ്പോള്‍ ഇന്ധനം കൂടുതല്‍ ചെലവാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇതുവഴി അപകട സാധ്യത കുറക്കുന്നതിനൊപ്പം ഇന്ധനവും കുറച്ച് ചെലവാക്കിയാല്‍ മതിയാകും.
ടയര്‍ പ്രഷറും ട്രെഡ് ഡെപ്ത്തും: മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ മൈലേജ് മെച്ചപ്പെടുത്തുന്നതിന് ടയറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ ടയറില്‍ നിര്‍മ്മാതാവ് നിര്‍ദേശിച്ച ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ടയര്‍ പ്രഷര്‍ കുറയുന്നത് ഇന്ധന ഉപഭോഗം കൂട്ടുകയും മൈലേജ് കുറയുകയും ചെയ്യുന്നു.

മഴക്കാലത്ത് റോഡുകള്‍ എപ്പോഴും നനഞ്ഞിരിക്കുന്നതിനാല്‍ ടയര്‍ ട്രെഡുകളില്‍ ഒരു കണ്ണ് വേണം. കാരണം ഇത്തരം നനഞ്ഞ റോഡുകളില്‍ നല്ല ട്രാക്ഷന്‍ ലഭിക്കണമെങ്കില്‍ ടയറുകള്‍ക്ക് മതിയായ ട്രെഡ് ഡെപ്ത് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ടയര്‍ ട്രെഡ് ഡെപ്ത് പര്യാപ്തമല്ലെങ്കില്‍ അത് അപകടം ക്ഷണിച്ച് വരുത്തും.
എഞ്ചിന്‍ ഓഫ് ചെയ്യുക: മഴക്കാലത്ത് മരം വീണും വെള്ളം പൊങ്ങിയുമെല്ലാം ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് കൂടുതലുള്ള റോഡുകളില്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്നാല്‍ കാര്‍ ഐഡില്‍ ചെയ്യുന്നതിനു പകരം എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് മൈലേജ് ലഭിക്കാനായി ചെയ്യേണ്ടത്.

ഐഡ്ലിംഗ് ചുമ്മാ ഇന്ധനം കത്തിക്കുന്നത് മൈലേജ് കുറയാന്‍ കാരണമാകുന്നതിനാല്‍ എഞ്ചിന്‍ ഓഫ് ചെയ്യുക. കാര്‍ ചുമ്മാ ഒരു മിനിറ്റ് ഇതേപോലെ ട്രാഫിക്കില്‍ കിടക്കുമ്പോള്‍ കത്തി തീരുന്ന ഇന്ധനത്തില്‍ കുറവ് മാത്രമേ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെലവാകൂ. ഇനി ഗതാഗതക്കുരുക്കില്‍ പെട്ടാല്‍ ഐഡില്‍ ചെയ്യുന്നതിന് പകരം എഞ്ചിന്‍ ഓഫ് ചെയ്യുന്നത് ശീലമാക്കൂ.
വേഗത: മഴക്കാലത്തായാലും മറ്റേത് കാലാവസ്ഥയിലായാലും നമ്മുടെ ഡ്രൈവിംഗ് രീതിയും മൈലേജും തമ്മില്‍ ബന്ധമുണ്ട്. പെട്ടെന്നുള്ള ആക്‌സിലറേഷനും സഡന്‍ ബ്രേക്കിംഗും മഴക്കാലത്ത് അപകടമുണ്ടാക്കുക മാത്രമല്ല ഇന്ധനക്ഷമത കുറക്കുകയും ചെയ്യുന്നു. ആക്‌സിലറേറ്റില്‍ കാലമര്‍ത്തുന്നത് കൂടുതല്‍ ഇന്ധനം ഉപയോഗിക്കാന്‍ കാരണമാകും. അതിനാല്‍ നിശ്ചിത പരിധിക്കുള്ളില്‍ സ്ഥിരമായ വേഗത നിലനിര്‍ത്തുന്നതാണ് നല്ലത്. മഴക്കാലത്ത് അപകട സാധ്യത കുറക്കാനും ഇന്ധനക്ഷമത കൂട്ടാനും സഡന്‍ ബ്രേക്കിടേണ്ട സാഹചര്യം ഇല്ലാത്ത രീതിയില്‍ ശരാശരി വേഗതയില്‍ മാത്രം വാഹനം ഓടിക്കുക.

പരിപാലനം: നന്നായി പരിപാലിക്കുന്ന കാര്‍ നല്ല മൈലേജും നല്‍കുമെന്നോര്‍ക്കണം. കാറിന്റെ എക്‌സ്റ്റീരിയര്‍ നന്നായി പരിപാലിച്ചാല്‍ ഡ്രാഗിംഗ് കുറയ്ക്കുകയും എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാരണം നല്ല മൈലേജ് ലഭിക്കും. ഈ കാരണം കൊണ്ട് തന്നെ കാര്‍ വൃത്തിയായി പരിപാലിക്കാന്‍ ശ്രമിക്കുക. ഇതിനോടൊപ്പം മൈലേജ് കൂടാന്‍ കാറിനുള്ളില്‍ എന്തെങ്കിലും അനാവശ്യ ഭാരം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കുക. വാഹനത്തിനുള്ളിലെ അധിക ലോഡ് മൈലേജ് കുറക്കുമെന്ന കാര്യം അറിയാമല്ലോ.
സര്‍വീസ്: മഴക്കാലത്ത് നിങ്ങളുടെ കാര്‍ കണ്ടീഷനാണെന്ന് ഉറപ്പാക്കാന്‍ സര്‍വീസ് മുടക്കരുത്. അതിനാല്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്ന രീതിയില്‍ കാറിന്റെ സര്‍വീസ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉടമകള്‍ ശ്രദ്ധിക്കണം. കാറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുമ്പോള്‍ ഇന്ധനക്ഷമതയും കൂടും. അതിനാല്‍ കാര്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇവയോടൊപ്പം മഴക്കാലത്ത് കാറിലെ എസി ഉപയോഗത്തിലും ശ്രദ്ധ വേണം. എസി ഇടാതെ കാര്‍ ഓടിച്ചാല്‍ അത് വിന്‍ഡ്ഷീല്‍ഡില്‍ ഫോഗ് അടിയാന്‍ കാരണമാകും. എസി കൂടിപ്പോയാല്‍ അത് മൈലേജ് കുറക്കുകയും ചെയ്യും. അതിനാല്‍ എസിയുടെ തണുപ്പ് മിതമായി വെക്കുന്നതാണ് നല്ലത്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പലര്‍ക്കും അറിയാവുന്നതായിരിക്കും. ഇവ മഴക്കാലത്ത് മാത്രമല്ല മറ്റ് കാലാവസ്ഥകളിലും കാറിന്റെ മൈലേജ് കൂട്ടാന്‍ സഹായിക്കും. അതുവഴി നിങ്ങളുടെ കീശകീറാതെയും സൂക്ഷിക്കാം.


Click it and Unblock the Notifications








