കാറില്‍ ഈ ബട്ടണ്‍ ഉണ്ടോ? കണ്ടറിഞ്ഞ് ഉപയോഗിച്ചാല്‍ ലക്ഷങ്ങള്‍ പോക്കറ്റിലാക്കാം!
നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അതില്‍ ധാരാളം ഫംഗ്ഷനുകളും ബട്ടണുകളും ഫീച്ചറുകളും കാണാം. അതില്‍ പലതിന്റെയും ഉപയോഗം പലര്‍ക്കും കൃത്യമായി അറിയാന്‍ വഴിയില്ല. ഇന്നത്തെ ആധുനിക കാറുകളില്‍ കാണപ്പെടുന്ന ഒരു ബട്ടണിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഈ ബട്ടണ്‍ അല്ലെങ്കില്‍ സംവിധാനം ശരിയായി ഉപയോഗിച്ചാല്‍ ലക്ഷക്കണക്കിന് രൂപ പോക്കറ്റിലാക്കാം.
അത് എങ്ങനെയെന്നാണ് ഇനി പറയാന്‍ പോകുന്നത്. ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും കണ്ടുവരുന്ന എഞ്ചിന്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചറിനെ കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്. ഡ്രൈവര്‍ സീറ്റിന് സമീപത്ത് കാണപ്പെടുന്ന ഒരു ബട്ടണ്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടത്. എഞ്ചിന്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍ കാര്‍ നിഷ്‌ക്രിയമായിരിക്കുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്യുന്നു. നിങ്ങള്‍ക്ക് വീണ്ടും ആവശ്യമുള്ളപ്പോള്‍ ഒരു സെക്കന്‍ഡിനുള്ളില്‍ ഇത് ഓണാക്കാനാകും.

ഈ ബട്ടണ്‍ അല്ലെങ്കില്‍ ഫീച്ചര്‍ ഉണ്ടെങ്കില്‍ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് പറഞ്ഞെല്ലോ അതെങ്ങെനെ എന്നാണോ ചിന്തിക്കുന്നത്. അത് ചുമ്മാ പറഞ്ഞതല്ല കേട്ടോ. നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ട്രാഫിക്കില്‍ പെട്ടാല്‍ അല്ലെങ്കില്‍ ട്രാഫിക് സിഗ്‌നലില്‍ കാര്‍ നിര്‍ത്തേണ്ട സാഹചര്യം വന്നുവെന്ന് കരുതുക. നമ്മുടെ സ്വന്തം ഫീച്ചര്‍ കാറില്‍ ഉണ്ടെങ്കില്‍ വണ്ടി ചാവി തിരിച്ച് ഓഫാക്കേണ്ടതില്ല.
കാര്‍ കുറച്ച് സമയം യാതൊരു ചലനവുമില്ലാതെ നിശ്ചലാവസ്ഥയിലായാല്‍ എഞ്ചിന്‍ സ്വയം ഓഫാകും. സിഗ്‌നലില്‍ വീണ്ടും പച്ച കത്തിയാല്‍ നിങ്ങള്‍ ബ്രേക്കില്‍ ചെറുതായി ഒന്ന് അമര്‍ത്തുകയേ വേണ്ടൂ. എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാകുകയും നിങ്ങള്‍ക്ക് വണ്ടി എടുക്കാനും സാധിക്കും. ട്രാഫിക് സിഗ്‌നലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ വണ്ടി ഏറെ നേരം നിശ്ചലാവസ്ഥയിലായിരിക്കുമ്പോള്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് ഇന്ധനക്ഷമതയെ വല്ലാതെ ബാധിക്കും.
പെട്രോള്‍ വെറുതെ കത്തിത്തീരുമ്പോള്‍ ചോരുന്നത് നമ്മുടെ സ്വന്തം പോക്കറ്റാണെല്ലോ. ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍ ഉണ്ടെങ്കില്‍ അനാവശ്യമായ ഇന്ധന ഉപഭോഗം കുറക്കാനും അതുവഴി ധാരാളം പണം ലാഭിക്കാനും സാധിക്കും. ഈ ഫീച്ചര്‍ സജ്ജീകരിച്ച കാര്‍ സിഗ്‌നലില്‍ നിര്‍ത്തുമ്പോള്‍ എഞ്ചിന്‍ ഓഫാകുന്നതിനാല്‍ പെട്രോള്‍ ഉപഭോഗം ഉണ്ടാകുന്നില്ല എന്നതിനാല്‍ തന്നെ തിരക്കേറിയ നഗരങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഇത്.
നമ്മുടെ പോക്കറ്റിന് മാത്രമല്ല പ്രകൃതിക്കും ഗുണകരമാണ് ഈ ഫീച്ചര്‍. ട്രാഫിക് സിഗ്‌നലില്‍ വാഹനം ഓഫാക്കാതെ അനാവശ്യമായി എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഇതുവഴി നമുക്ക് ഇല്ലാതെയാക്കാം. ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചര്‍ ഓണാണെങ്കില്‍ ട്രാഫിക്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓഫാകുന്നതിനാല്‍ മലിനീകരണം സീറോയാകുന്നു.
എന്നാല്‍ ഈ ഫീച്ചര്‍ എപ്പോള്‍ പ്രവര്‍ത്തിപ്പിക്കണമെന്നത് നമ്മുടെ ഇച്ഛക്ക് അനുസരിച്ചിരിക്കും. ബട്ടണ്‍ ഓണ്‍ ആണെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കൂവെന്ന് ഓര്‍മ വേണം. ഈ ബട്ടണ്‍ ഓഫാണെങ്കില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ഏതൊക്കെ സാഹചര്യങ്ങളിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു മുന്‍കൂര്‍ ധാരണ വേണം.
മുകളില്‍ പറഞ്ഞ പോലെ സിറ്റി ട്രാഫിക്കില്‍ ഇത് ഗുണകരണമാണ്. എന്ന് കരുതി ഹൈവേയിലൂടെ പോകുമ്പോള്‍ ഈ ഫീച്ചര്‍ ഓണാക്കണോ?. നിങ്ങള്‍ ഹൈവേയിലൂടെ ലോംഗ് ട്രിപ്പ് പോകുകയാണെങ്കില്‍ ടോള്‍ ബൂത്തിലാകും അല്‍പ്പ സമയം നിര്‍ത്തേണ്ടി വരിക. ഫാസ്ടാഗ് വന്നതോടെ അതും ഇപ്പോള്‍ ഫാസ്റ്റാണ്. ഹൈവേ യാത്രകളില്‍ ഇത് അത്ര കണ്ട് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.
ഏത് ഫീച്ചറായാലും ഇടക്കിടെ ഓണാക്കുകയും ഓഫാക്കുകയും ചെയ്യുന്നത് നല്ലതല്ലെന്ന് പറയേണ്ട കാര്യമില്ലെല്ലോ. അങ്ങനെ വരുമ്പോള്‍ നഗരയാത്രകളില്‍ ഈ ഫീച്ചര്‍ ഓണാക്കുകയും ദീര്‍ഘദൂര യാത്രകളില്‍ ഓഫാക്കുന്നതുമാകും ഉത്തമം. ഇങ്ങനെ ചെയ്താല്‍ ഇന്ധനച്ചെലവ് ലാഭിക്കാന്‍ പറ്റും. ഒറ്റയടിക്ക് ലക്ഷങ്ങള്‍ ലാഭിക്കാമെന്നല്ല പലതുള്ളി പെരുവെള്ളം എന്നല്ലേ.
ഓരേ ദിവസവും ഒരു ചെറിയ അളവില്‍ ഇന്ധന ഉപയോഗം കുറക്കാനായാല്‍ ദിവസങ്ങള്‍ വെച്ച് കണക്ക് കൂട്ടുമ്പോള്‍ അത് വലിയൊരു സംഖ്യ വരും. കാറില്‍ ഈ ഒരു ബട്ടണ്‍ കണ്ടിട്ടുണ്ടെങ്കിലും പലര്‍ക്കും ഇതിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല. അടുത്ത തവണ നിങ്ങള്‍ യാത്ര ചെയ്യുന്ന കാറില്‍ ഈ ഒരു ഫീച്ചര്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ഉചിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമെല്ലോ. നിങ്ങള്‍ക്ക് ഇതൊരു പുതിയ അറിവാണെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ.


Click it and Unblock the Notifications








