പെട്രോൾ വിലക്കയറ്റത്തിൽ നിന്ന് പോക്കറ്റ് കാക്കാം; മൈലേജ് വർധിപ്പിക്കാനും രാജ്യത്തെ സഹായിക്കാനും 5 ടിപ്സ്
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ രാജ്യത്തെയും ഇന്ധന വിലയെ ബാധിക്കുന്ന സാഹചര്യത്തില്‍ ദൈനംദിന ജീവിതത്തില്‍ ഇന്ധനം ലാഭിക്കുന്നതിനാവശ്യമായ ശീലങ്ങള്‍ പകര്‍ത്താന്‍ ഉപഭോക്താക്കള്‍ തയാറാകേണ്ടത് അത്യാവശ്യമായി മാറിയിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും പെട്രോള്‍, ഡീസല്‍ ഉപയോഗം പരമാവധി കുറയ്ക്കാനും ഇന്ധനക്ഷമത ലഭിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശൈലികള്‍ ശീലമാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്ധനം ലാഭിക്കാനായി തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം രണ്ടാക്കി ചുരുക്കി മോദി മാതൃക കാണിച്ചിരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലെ ഊര്‍ജ്ജ പ്രതിസന്ധിയും ക്രൂഡ് ഓയില്‍ വില വര്‍ധനവിനെ തുടര്‍ന്ന് ഇന്ന് നടപ്പാക്കിയ എണ്ണ വില വര്‍ധനവുമെല്ലാം കാരണം നട്ടംതിരിയുകയാണ് സാധാരണക്കാര്‍. ഈ സാഹചര്യത്തില്‍ ഇന്ധന സംരക്ഷണം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനൊപ്പം വ്യക്തിഗത യാത്രാച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്നതിനും ട്രാഫിക് ബ്ലോക്കുകള്‍ ഇല്ലാതാക്കുന്നതിനും വലിയ രീതിയില്‍ സഹായിക്കും. വാഹന ഉടമകള്‍ക്ക് തങ്ങളുടെ ഇന്ധന ചെലവ് കുറയ്ക്കാനും ഒപ്പം എഞ്ചിന്‍ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന അഞ്ച് മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം.

അനാവശ്യ യാത്ര ഒഴിവാക്കുക
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക എന്നത്. കൃത്യമായ ലക്ഷ്യമില്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഇന്ധനം പാഴാക്കുന്നതിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നു. ചെറിയ ദൂരങ്ങളിലേക്ക് നടക്കുകയോ അതല്ലെങ്കില്‍ മെട്രോ, ലോക്കല്‍ ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് വലിയ തോതില്‍ ഊര്‍ജ്ജം ലാഭിക്കാന്‍ സഹായിക്കും.
ഡ്രൈവിംഗ് ശൈലി
അടുത്തതായി ശ്രദ്ധിക്കേണ്ടത് ഡ്രൈവിംഗ് ശൈലിയിലെ മാറ്റങ്ങളാണ്. പെട്ടെന്ന് ആക്സിലറേറ്റര്‍ കൊടുക്കുന്നതും കടുപ്പത്തില്‍ ബ്രേക്ക് അമര്‍ത്തുന്നതുമായ അഗ്രസീവ് ഡ്രൈവിംഗ് രീതികള്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിക്കും. വാഹനം പെട്ടെന്ന് വേഗത കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ എഞ്ചിന് കഠിനമായി പ്രവര്‍ത്തിക്കേണ്ടി വരികയും കൂടുതല്‍ ഇന്ധനം ആവശ്യമായി വരികയും ചെയ്യുന്നു. ഹൈവേകളിലും നഗരങ്ങളിലും ഒരേ വേഗത നിലനിര്‍ത്തിക്കൊണ്ട് സുഗമമായി വാഹനം ഓടിക്കുന്നത് ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

എഞ്ചിന്‍ സ്വിച്ച്ഓഫ്
ട്രാഫിക് സിഗ്‌നലുകളിലും റെയില്‍വേ ക്രോസുകളിലും വാഹനം നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എഞ്ചിന്‍ ഓഫാക്കാന്‍ മടിക്കരുത്. ഒരു മിനിറ്റില്‍ കൂടുതല്‍ വാഹനം നിശ്ചലമായി കിടക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇഗ്‌നിഷന്‍ ഓഫ് ചെയ്യുന്നത് വഴി ധാരാളം ഇന്ധനം ലാഭിക്കാം. പല ഡ്രൈവര്‍മാരും ട്രാഫിക്കില്‍ കിടക്കുമ്പോള്‍ എഞ്ചിന്‍ ഐഡ്ലിംഗില്‍ (Idling) ഇടാറാണ് പതിവ്. ഇത് ഇന്ധനം പാഴാക്കുക മാത്രമല്ല, എഞ്ചിന്‍ ചൂടാകുന്നതിനും കൂടുതല്‍ പുക പുറന്തള്ളുന്നതിനും കാരണമാകുന്നു.
ടയര്‍ പ്രഷര്‍
വാഹനത്തിന്റെ മൈലേജിനെ നേരിട്ട് സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ടയര്‍ പ്രഷര്‍. ടയര്‍ പ്രഷര്‍ കുറയുമ്പോള്‍ റോഡുമായുള്ള റോളിംഗ് റെസിസ്റ്റന്‍സ് വര്‍ദ്ധിക്കുകയും വാഹനം മുന്നോട്ട് ചലിപ്പിക്കാന്‍ എഞ്ചിന് കൂടുതല്‍ കരുത്ത് പ്രയോഗിക്കേണ്ടി വരികയും ചെയ്യും. ഇത് മൈലേജ് വലിയ തോതില്‍ കുറയ്ക്കും. ആഴ്ചയിലൊരിക്കല്‍ ടയര്‍ പ്രഷര്‍ പരിശോധിക്കാന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കണം.

വാഹന നിര്‍മാതാക്കള്‍ നിര്‍ദേശിച്ച അളവില്‍ എയര്‍ നിലനിര്‍ത്തുകയും വേണം. വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില മാറുന്നതിന് അനുസരിച്ച് ടയര്‍ പ്രഷറില്‍ വ്യത്യാസങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. കൃത്യമായ ടയര്‍ പ്രഷര്‍ ലെവല്‍ നിലനിര്‍ത്തുന്നത് ടയറുകളുടെ ആയുസ് വര്‍ദ്ധിപ്പിക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കും. ടയര്‍ പ്രഷര്‍ പരിശോധന പമ്പുകളില്‍ സൗജന്യമായതിനാല്‍ ഇത് ശീലമാക്കാം.
കൃത്യമായ മെയിന്റനന്‍സ്
മുകളില്‍ പററ്റ കാര്യങ്ങള്‍ക്കൊപ്പം വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങള്‍ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. നിശ്ചിത സമയങ്ങളിലുള്ള സര്‍വീസിംഗ് വൈകിക്കുന്നത് എഞ്ചിനിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുകയും മൈലേജ് വലിയ രീതിയില്‍ ഇടിയുന്നതിന് കാരണമാകുകയും ചെയ്യും. കൃത്യ സമയത്ത് എഞ്ചിന്‍ ഓയില്‍ മാറ്റുകയും എയര്‍ ഫില്‍ട്ടറുകള്‍ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം.
ഇതോടൊപ്പം എഞ്ചിന്‍ ട്യൂണിംഗ് നടത്തുകയും വേണം. നന്നായി പരിപാലിക്കപ്പെടുന്ന ഒരു എഞ്ചിന്‍ കുറഞ്ഞ ഇന്ധനത്തില്‍ കൂടുതല്‍ ദൂരം ഓടാന്‍ വാഹനത്തെ പ്രാപ്തമാക്കും. ഈ 5 ലളിതമായ ശീലങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ വാഹന ഉടമകള്‍ക്ക് വലിയ സാമ്പത്തിക ലാഭം നേടാനും ഒപ്പം രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാനും സാധിക്കും. ഈ ടിപ്പുകള്‍ ഉപകാരപ്രദമായി തോന്നിയാല്‍ പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.


Click it and Unblock the Notifications