ടെന്‍ഷന്‍ വേണ്ട; ബൈക്ക് ഓണര്‍ഷിപ്പ് ഡിജിറ്റലായി കൈമാറ്റം ചെയ്യാനുള്ള വഴികള്‍ ഇതാ...
ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ഇന്നും ഒരു കാര്‍ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അതിനാല്‍ തന്നെ വിശ്വസനീയവും താങ്ങാനാവുന്നതുമായ ഗതാഗത മാര്‍ഗമായി അവര്‍ ടൂവീലറുകളെ ആശ്രയിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂട്ടര്‍ ടൂവീലര്‍ സെഗ്‌മെന്റിന്റെ വളര്‍ച്ച ഇതിനെ അടിവരയിടുന്നു. പുതിയ ബൈക്കുകള്‍ക്കൊപ്പം തന്നെ യൂസ്ഡ് അല്ലെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ മാര്‍ക്കറ്റും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.
സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഷോറൂമുകളുടെ ധാരാളിത്തം മാത്രം കാരണം പ്രശസ്തമായി മാറിയ ചില സ്ഥലങ്ങളും മലബാറിലുണ്ട്. താങ്ങാനാവുന്ന വില, കുറഞ്ഞ ഇന്‍ഷുറന്‍സ് ചെലവ്, മികച്ച പുനര്‍വില്‍പ്പന മൂല്യം എന്നിവ ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് ഒരു യൂസ്ഡ് ടൂവീലര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ലഭ്യമാകുന്നത്. എന്നാല്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ടൂവീലര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങളുണ്ട്.

ഒരു യൂസ്ഡ് ടൂവീലര്‍ വാങ്ങിയാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന് വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുകയെന്നതാണ്. വാങ്ങുന്ന ആള്‍ പേരുമാറ്റുമെന്ന് കരുതി ഒരു കാരണവശാലും സ്വന്തം വാഹനം പേരു മാറ്റാതെ വില്‍ക്കരുത്. ഭാവിയില്‍ അത് നിങ്ങളെ ഊരാക്കുടുക്കിലേക്ക് നയിച്ചേക്കാം. ഉടമസ്ഥാവകാശം കൈമാറാന്‍ മുമ്പ് ഒരുപാട് പേപ്പര്‍ വര്‍ക്കുകള്‍ ഉണ്ടായിരുന്നാല്‍ ഇടനിലക്കാരും ബ്രേക്കര്‍മാരുമായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത്.
എന്നാല്‍ ഇന്ന് അത് ഒരു ഓണ്‍ലൈന്‍ പരീക്ഷക്ക് അപേക്ഷിക്കുന്ന പോലെ എളുപ്പമാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഒരാള്‍ക്ക് സ്വന്തമായി വണ്ടിയുടെ ഉടമസ്ഥാവകാശം ഡിജിറ്റലായി കൈമാറാനുള്ള അപേക്ഷ സമര്‍പ്പിക്കാം. ടൂവീലര്‍ ഉടമസ്ഥാവകാശം എങ്ങനെ ഓണ്‍ലൈനായി കൈമാറ്റം ചെയ്യുന്നത് ഘട്ടം ഘട്ടമായി ചുവടെ വിവരിക്കാം.

ടൂവീലറിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനായി ഒത്തിരി രേഖകള്‍ ആവശ്യമാണ്്. ഇവ ശേഖരിക്കുകയെന്നതാണ് ആദ്യ ഘട്ടം. അസല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (RC), ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (PUC) സര്‍ട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ഫോം 29, ഫോം 30 എന്നിവ കൃത്യമായി പൂരിപ്പിച്ച് വില്‍പ്പനക്കാരനും വാങ്ങുന്നയാളും ഒപ്പിടണം. കൂടാതെ വാഹനത്തിന്റെ ഷാസിയും എഞ്ചിന്‍ നമ്പറും വേണം.
അടുത്ത സ്‌റ്റെപ്പ് വാഹന്‍ സേവ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക എന്നതാണ്. വാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും നല്‍കിയാല്‍ ഇത് ചെയ്യാന്‍ സാധിക്കും. പോര്‍ട്ടലില്‍ കയറിയ ശേഷം 'ട്രാന്‍സ്ഫര്‍ ഓഫ് ഓണര്‍ഷിപ്പ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന ദൃശ്യമാകുന്ന പേജില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കാന്‍ കഴിയും.

ശേഷം വാഹനം വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്. ആവശ്യമായ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ ഇവിടെയുണ്ടാകും. 'അപ്ലോഡ് ഡോക്യുമെന്റ്‌സ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് പാര്‍ട്ടികളുടെയും രേഖകള്‍ അപ്‌ലോഡ് ചെയ്യാനാകും. ശേഷം പെയ്‌മെന്റ് പ്രക്രിയയാണ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്കുചെയ്ത് നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും പോലെ ഇതിനും കുറച്ച് ദിവസമെടുക്കും. റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്്ത ശേഷമാണ് പുതിയ ഉടമയുടെ പേരില്‍ ആര്‍സി ബുക്ക് ഇഷ്യൂ ചെയ്യും.
ചില സ്ഥലങ്ങളില്‍ ആര്‍സി ബുക്ക് ഉടമയുടെ മേല്‍വിലാസത്തില്‍ സ്പീഡ് പോസ്റ്റായി വന്നുചേരും. കേരളത്തില്‍ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ വാഹന ഉടമ ആര്‍ടിഓഫീസുകളില്‍ ചെന്ന് ഇത് ശേഖരിക്കേണ്ടി വരും. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അയാളായിരിക്കും വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണര്‍.
നിങ്ങള്‍ ഒരു വാഹനം വിറ്റ് കഴിഞ്ഞ ശേഷം മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച് പേരുമാറ്റാത്തിടത്തോളം കാലം നിലവിലുള്ള ഉടമ ആരാണോ അയാളാണ് എല്ലാ കേസുകള്‍ക്കും മറ്റും ഉത്തരവാദിയെന്ന കാര്യം പലര്‍ക്കും അറിയില്ല. സുപ്രീംകോടതിയടക്കം ഇത് സംബന്ധിച്ച് നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനം വില്‍ക്കുമ്പോള്‍ മനസ്സമാധാനം കൂടി വില്‍ക്കരുതെന്ന് കേരള മോട്ടോര്‍വാഹന വകുപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഓര്‍മിപ്പിച്ചിരുന്നു.


Click it and Unblock the Notifications








