കാറിലെ വാണിംഗ് ലൈറ്റുകളെ പരിചയപ്പെടാം
കാര്‍ വാങ്ങി കുറച്ചു കാലം കഴിഞ്ഞാല്‍ കുറെയെല്ലാം നമ്മള്‍ മനസ്സിലാക്കിയെടുക്കും. ചില വാണിംഗ് ലൈറ്റുകള്‍ പക്ഷെ, നിരന്തരമായ ഉപയോഗത്തില്‍ വരുന്നവയല്ല. ഉദാഹരണത്തിന് എന്‍ജിന്‍ അമിതമായി ചൂടാവുന്നത് ജാഗ്രതപ്പെടുത്തുന്ന വാണിംഗ് ലൈറ്റ്. ഇത് കത്തിക്കൊണ്ടിരിക്കുകയും സംഗതി എന്തെന്ന് മനസ്സിലാവാതെ നമ്മള്‍ വാഹനം ഓടിച്ചു നീങ്ങുകയും ചെയ്യും. ചിലപ്പോള്‍ ബ്രേക് ഫ്ലൂയിഡ് കുറഞ്ഞത് അറിയിക്കുന്ന ലൈറ്റായിരിക്കും കത്തുന്നുണ്ടാവുക. അത് ഓഫാക്കാനുള്ള വഴി എന്തെന്ന് ആലോചിച്ച് നമ്മൾ വണ്ടി ഓടിച്ചു കൊണ്ടേയിരിക്കും. ഇതിന്റെയൊക്കെ ഫലം വളരെ വൈകാതെ തന്നെ ലഭിക്കാവുന്ന 'എന്‍ജിന്‍ പണി'യാണ്.
സ്വന്തം കാറിലെ വാണിംഗ് ലൈറ്റുകള്‍ നമുക്കൊന്ന് അടുത്ത് പരിചയപ്പെടാം.

എബിഎസ്
ബ്രേക്കിംഗ് സമയത്ത് വീലുകള്‍ ലോക്കാകുകയും, അവയ്ക്ക് ഉരുളാനാവാതെ അനിയന്ത്രിതമായി റോഡില്‍ വഴുതി നീങ്ങേണ്ടി വരികയും ചെയ്യുന്നത് തടയുന്നതാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം. ഈ സംവിധാനത്തിന് എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ചിത്രത്തില്‍ കാണുന്ന വാണിംഗ് ലൈറ്റ് കത്തും. എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്യുമ്പോഴാണ് ഈ വാണിംഗ് ലഭിക്കുക.

ബാറ്ററി വാണിംഗ്
വാഹനം ഓടുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്നില്ലെങ്കില്‍ അത് ജാഗ്രതപ്പെടുത്തുന്നു.

ഫോഗ് ലാമ്പ്
ഫോഗ് ലാമ്പ് ഓണ്‍ ചെയ്താല്‍ ഈ വാണിംഗ് ലൈറ്റ് തെളിയുകയും ഓഫ് ചെയ്യുന്നതു വരെ തുടരുകയും ചെയ്യും.

ചൈല്‍ഡ് സേഫ്റ്റി ലോക്ക്
ഡോറിന്റെ ചൈല്‍ഡ് സേഫ്റ്റി ലോക്ക് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ ഈ ലൈറ്റ് തെളിഞ്ഞു നില്‍ക്കും.

ക്രൂയിസ് കണ്‍ട്രോള്‍
ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിച്ച് വേഗത നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ ഈ വാണിംഗ് ലൈറ്റ് കത്തി നില്‍ക്കും. എല്ലാ കാര്‍ ബ്രാന്‍ഡുകളിലും വാണിംഗ് ലൈറ്റ് ഡിസൈന്‍ ഇങ്ങനെത്തന്നെയാകണം എന്നില്ല എന്നതുകൂടി ഓര്‍ക്കുക.

ഗ്ലോവ് പ്ലഗ് വാണിംഗ്
കുറഞ്ഞ താപനിലയില്‍ ഡീസല്‍ എന്‍ജിനുകള്‍ ചൂടാക്കുവാന്‍ ഗ്ലോവ് പ്ലഗ്ഗുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ഗ്ലോവ് പ്ലഗ്ഗിനും എന്‍ജിനില്‍ത്തന്നെ സംഭവിക്കാവുന്ന മറ്റ് ചില തകരാറുകള്‍ക്കും ഈ ജാഗ്രതാ സിഗ്നല്‍ കത്തും.

ഓയില്‍ പ്രഷര്‍ വാണിംഗ്
ശരിയായ ഓയില്‍ പ്രഷര്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ഈ ലൈറ്റ് കത്തും. ഉടന്‍ എന്‍ജിന്‍ ഓഫ് ചെയ്യുകയാണ് വേണ്ടത്. ആവശ്യമായ അളവില്‍ ഓയില്‍ ഇല്ലെങ്കില്‍ ഇത് സംഭവിക്കാനിടയുണ്ട്. ഓയില്‍ സാന്നിധ്യം വേണ്ടപോലെ ഉണ്ടായിട്ടും വാണിംഗ് ലൈറ്റ് കത്തുകയാണെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമായി വരും.

ടെംപറേച്ചര്‍ വാണിംഗ് ലൈറ്റ്
എന്‍ജിന്‍ അമിതമായി ചൂടാകുന്നത് ജാഗ്രതപ്പെടുത്തുന്നു ഈ ലൈറ്റ്. എന്‍ജിന്‍ ഓഫ് ചെയ്തിടുകയാണ് വേണ്ടത്.

എന്‍ജിന്‍ മാനേജ്‌മെന്റ്
എമിഷനുമായി ബന്ധപ്പെട്ട എന്‍ജിന്‍ തകരാറുകള്‍ സംഭവിച്ചാല്‍ ഈ ലൈറ്റ് തെളിയും.

ഹസാര്‍ഡ് ലൈറ്റ്
വാഹനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടാല്‍ അത് മറ്റ് ഡ്രൈവര്‍മാരെ അറിയിക്കുന്നതിന് ഈ ലൈറ്റ് തെളിയിക്കുന്നു. ഇത് വാഹനത്തിലെ ഡ്രൈവര്‍ക്ക് മാന്വല്‍ ആയി ചെയ്യാവുന്നതാണ്.

ഹൈ ബീം ലൈറ്റ്
വാഹനത്തിന്റെ ഹൈ ബീം ഓണ്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഈ വാണിംഗ് ലൈറ്റ് തെളിഞ്ഞു നില്‍ക്കും.

ഇന്ധനക്കുറവ്
വണ്ടിയില്‍ എണ്ണ കുറവാണെന്നത് അറിയിക്കുന്ന വാണിംഗ് ലൈറ്റ്

ഓപ്പണ്‍ ഡോര്‍ ഇന്‍ഡിക്കേറ്റര്‍
ഡോര്‍ ശരിയായി അടഞ്ഞിട്ടില്ലെങ്കില്‍ ഈ വാണിംഗ് ലൈറ്റ് വഴി ഡ്രൈവറെ അറിയിക്കുന്നു.

ബ്രേക്ക് സിസ്റ്റം അലര്‍ട്ട്
ബ്രേക്ക് ഫ്ലൂയിഡ് കുറഞ്ഞാലാണ് ഈ വാണിംഗ് ലൈറ്റ് കത്തുക. വിദഗ്ധസേവനം തേടുകയാണ് വേണ്ടത്.

ഫ്രണ്ട് എയര്‍ബാഗ്
പാസഞ്ചര്‍ എയര്‍ബാഗ് സ്വിച്ച് ഓഫ് ചെയ്തിട്ടിരിക്കുകയാണെന്നത് ഓര്‍മപ്പെടുത്തുന്നു ഈ ലൈറ്റ്.

വിന്‍ഡ്ഷീല്‍ഡ് ഡിഫ്രോസ്റ്റ്
മുമ്പിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഡീഫോഗ്ഗര്‍ ആവശ്യം കഴിഞ്ഞതിനു ശേഷവും പ്രര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ജാഗ്രതപ്പെടുത്തുന്നു.

പിന്‍ വിന്‍ഡോ ഡീഫ്രോസ്റ്റ്
പിന്‍ വിന്‍ഡോ ഡിഫ്രോസ്റ്റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ ലൈറ്റ് തെളിയും. ആവശ്യം കഴിഞ്ഞാല്‍ ഓഫാക്കുക; ബാറ്ററി ഉപഭോഗം കുറയ്ക്കുക.

സീറ്റ് ബെല്‍റ്റ്
വാഹനം നീങ്ങിയതിനു ശേഷവും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഈ ലൈറ്റ് നമ്മെ ജാഗ്രതപ്പെടുത്തുന്നു. നമ്മുടെ മിക്ക വാഹനങ്ങളിലും 'ബീപ്' ശബ്ദം പുറപ്പെടുവിക്കും.

ടയര്‍ പ്രഷര്‍
ഓണേഴ്‌സ് മാന്വലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ടയര്‍ പ്രഷര്‍ ഇല്ലെങ്കില്‍ ഈ ലൈറ്റ് കത്തിക്കൊണ്ടിരിക്കും. സാരമാക്കാനില്ല എന്നാണെങ്കില്‍ ഓഫ് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








