ഇലക്ട്രിക് സ്‌കൂട്ടർ ചാര്‍ജ് തീര്‍ന്ന് കുടുങ്ങിയോ? പേടിക്കേണ്ട പരിഹാരമുണ്ട്
ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍ വില കുറക്കുന്നില്ല. അതിനാല്‍ തന്നെ ജനങ്ങള്‍ ഇവികളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഒരു പെട്രോള്‍ ബൈക്കോ സ്‌കൂട്ടറോ ഉപയോഗിക്കുന്ന വ്യക്തിയാണെന്ന് കരുതുക.
വഴിയില്‍ വെച്ച് ഇന്ധനം തീര്‍ന്നാല്‍ സഹായം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. സൈലന്‍സറില്‍ കാല്‍ വെച്ച് മറ്റൊരു വാഹനത്തിന്റെ സഹായത്തോടെയോ പെട്രോള്‍ കുപ്പിയില്‍ വാങ്ങിക്കൊണ്ടു വന്നോ പരിഹാരം കാണാം.എന്നാല്‍ നിങ്ങള്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടറുമായി പുറത്തിറങ്ങുമ്പോള്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ എന്ത് സംഭവിക്കും?. നിങ്ങള്‍ക്ക് ഒരു ഇലക്ട്രിക് ഇരുചക്ര വാഹന ഉടമയാണെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകരിക്കും.

സവാരിക്കിടെ ഇലക്ട്രിക് ടൂവീലറിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ എന്തു ചെയ്യണമെന്ന കാര്യമാണ് ചുവടെ വിവരിക്കാന്‍ പോകുന്നത്. നടുവൊടിക്കുന്ന ഇന്ധന വിലയുള്ളപ്പോള്‍ വലിയ ആശ്വാസമാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍. 100 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ഉള്ളതും കുറഞ്ഞ റേഞ്ചുള്ള ലോ സ്പീഡ് ഇവികളുമെല്ലാം ഇന്ന് വിപണിയില്‍ ലഭ്യമാണ്. താങ്ങാവുന്ന വിലയില്‍ മോശമല്ലാത്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്ല വില്‍പ്പന ലഭിക്കുന്നുണ്ട്.
ഓല ഇലക്ട്രിക്കിന്‍െയും ഏഥര്‍ എനര്‍ജിയുടെയുമെല്ലാം ഉല്‍പ്പന്നങ്ങള്‍ ഉദാഹരണം. അതിനാല്‍ തന്നെ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ സര്‍വസാധാരമായി കാണപ്പെടുന്നു. ബൈക്കില്‍ പെട്രോള്‍ തീര്‍ന്നുപോകുന്ന പോലെ തന്നെ ചില സാഹചര്യങ്ങളില്‍ ഇവികളില്‍ ചാര്‍ജ് തീര്‍ന്ന് പോയേക്കാം. വണ്ടി തലേദിവസം ചാര്‍ജിലിടാന്‍ മറന്ന് പോയാല്‍ മതി സംഗതി കുഴപ്പത്തിലാകാന്‍.

നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി വഴിമധ്യേ തീര്‍ന്നുവെന്നും നിങ്ങളുടെ വീടും അകലെയാണെന്നും കരുതുക. അത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണം?. ആദ്യം തന്നെ പറയട്ടേ അത്തരമൊരു സാഹചര്യത്തില്‍ പരിഭ്രാന്തരാകരുത്. കാരണം നമ്മള്‍ പരിഭ്രാന്തരാകുമ്പോള്‍ പ്രശ്നം വര്‍ധിക്കുകയാണ് ചെയ്യുക. സാധാരണയായി ബൈക്കിലോ സ്‌കൂട്ടറിലോ പെട്രോള്‍ തീര്‍ന്നുപോയ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അല്‍പ്പം പ്രയാസകരമാണ്.
കാരണം നമ്മുടെ നാട്ടിലെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ അത്രകണ്ട് വികസിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ചാര്‍ജിംഗ് സ്‌റ്റേഷന്‍ കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ സ്‌കൂട്ടര്‍ എത്തിക്കുന്നതാകും ഏറ്റവും ലളിതമായ മാര്‍ഗം. തീര്‍ത്തും അപരിചിതമായ പ്രദേശത്താണെങ്കില്‍ ഏതെങ്കിലും വീട്ടുകാരുടെ സഹായമെല്ലാം തേടുന്നത് ശ്രമകരമായ ദൗത്യമായിരിക്കും.

വീട്ടിലോ ഓഫീസിലോ ചെന്ന് നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുകയാണെങ്കില്‍ ആദ്യം ഗൂഗിള്‍ മാപ്പിലൂടെ അവിടേക്ക് എത്ര ദൂരമുണ്ടെന്ന് ആദ്യം കണക്കാക്കുക. നിങ്ങളുടെ ലക്ഷ്യസ്ഥാനം ഏകദേശം രണ്ട്-മൂന്ന് കിലോമീറ്റര്‍ അകലെ മത്രമാണെങ്കില്‍ വണ്ടി തള്ളിക്കൊണ്ട് പോകാം. എന്നാല്‍ ഇത് അല്‍പ്പം പാടാണ്. അത്തരമൊരു സാഹചര്യത്തില്‍ മറ്റാരുടെയെങ്കിലും സഹായത്തോടെ നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ തള്ളുന്നത് നല്ലതാണ്.
ഇതുകൂടാതെ വേറെയും ചില മാര്‍ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തില്‍ നിന്ന് തലയൂരാം. അതിലൊന്നാണ് ചങ്കുകളായ സുഹൃത്തുക്കള്‍. നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാര്‍ജ് തീര്‍ന്ന പ്രദേശത്തിന്റെ ചുറ്റുവട്ടത്ത് ഏതെങ്കിലും സുഹൃത്ത് താമസിക്കുന്നുണ്ടോയെന്ന് നോക്കുക. ടൂവീലര്‍ ഉള്ള സുഹൃത്താണെങ്കില്‍ ഇത് അല്‍പ്പം കൂടി ഗുണകരമാകും.

നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറില്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. വീട്ടിലേക്ക് പോകാതെ നേരെ അടുത്തുള്ള ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിലേക്ക് പോകാം. അവിടെ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ബാറ്ററി ചാര്‍ജുള്ള ബാറ്ററിയുമായി മാറ്റിയെടുക്കാം. ഇത് വളരെ നല്ല ഒരു മാര്‍ഗമാണ്.
വാഹനം തള്ളി ചാര്‍ജിംഗ് സ്‌റ്റേഷനിലോ വീട്ടിലോ അതോ ഓഫീസിലോ എത്തിക്കുന്നത് എളുപ്പമല്ല. കുറച്ച് സമയം വണ്ടി തള്ളിയാല്‍ തന്നെ ക്ഷീണിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരടി വണ്ടി തള്ളാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ പേടിക്കേണ്ട. അവസാനമായി ഒര വഴിയുണ്ട്. റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ സഹായത്തോടെ വണ്ടി വീട്ടിലെത്തിക്കാം. ഇൗ സേവനം നല്‍കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ലഭ്യമാണ്. ഓണ്‍ലൈനിലൂടെ നിങ്ങളുടെ ലൊക്കേഷന്‍ പങ്കുവെച്ചാല്‍ അവര്‍ വണ്ടി വേണ്ട സ്ഥലത്ത് എത്തിക്കും.


Click it and Unblock the Notifications








