എത്ര വർഷം കൂടുമ്പോൾ ഹെൽമറ്റ് മാറ്റണം? വാങ്ങുമ്പോൾ ISI മാത്രം പോരാ, ഈ 7 കാര്യങ്ങൾ പരിശോധിക്കണം

റോഡപകടങ്ങളില്‍ ഇരുചക്ര വാഹന യാത്രികരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഹെല്‍മറ്റുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരു ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രമായില്ല, അവ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പാക്കുകയും വേണം. ഉചിതമല്ലാത്ത ഹെല്‍മറ്റ് വാങ്ങി ധരിക്കുന്നത് അപകടസമയത്ത് വേണ്ടത്ര സംരക്ഷണം നല്‍കില്ലെന്ന് മാത്രമല്ല, അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശരിയായ പാകത്തിലുള്ളതുമായ ഹെല്‍മറ്റുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനായി നിര്‍ബന്ധമായും പരിശോധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. അതുപോലെ തന്നെ ഒരു ഹെല്‍മെറ്റ് എത്ര കാലം ഉപയോഗിക്കാമെന്ന കാര്യവും പലര്‍ക്കും അറിയില്ല. ഒരു ഹെല്‍മെറ്റ് മാറ്റേണ്ട സമയം എപ്പോഴാണെന്നും, എന്തൊക്കെ സാഹചര്യങ്ങളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഹെല്‍മെറ്റ് മാറ്റിവെക്കണം എന്നത് അടക്കമുള്ള ചില സുപ്രധാന കാര്യങ്ങളും ഈ ലേഖനത്തില്‍ വായിക്കാം.

helmet

1. സര്‍ട്ടിഫിക്കേഷന്‍ പരിശോധിക്കുക

ഹെല്‍മറ്റ് വാങ്ങുമ്പോള്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത് സര്‍ട്ടിഫിക്കേഷനാണ്. ഐഎസ്‌ഐ (ISI) മുദ്രയുള്ള ഹെല്‍മറ്റുകള്‍ ഇന്ത്യയില്‍ നിര്‍ബന്ധമാണ്. ഇതിന് പുറമെ ഇസിഇ (ECE), ഡോട്ട് (DOT) അല്ലെങ്കില്‍ സ്‌നെല്‍ (Snell) തുടങ്ങിയ അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ഹെല്‍മറ്റുകള്‍ കൂടുതല്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്നു. വ്യാജ മുദ്രകള്‍ പതിപ്പിച്ച ഹെല്‍മറ്റുകള്‍ വിപണിയില്‍ വ്യാപകമായതിനാല്‍ അംഗീകൃത ഡീലര്‍മാരില്‍ നിന്നോ ഒഫീഷ്യല്‍ സ്‌റ്റോറുകളില്‍ നിന്നോ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം തന്നെ ഹെല്‍മെറ്റിന്റെ വാറണ്ടി ഉറപ്പ്‌വരുത്തുകയും വേണം.

2. ഏത് തരം ഹെല്‍മറ്റ് തിരഞ്ഞെടുക്കാം

ഇന്ന് വിപണിയില്‍ വിവിധതരം ഹെല്‍മറ്റുകള്‍ ലഭ്യമാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഫുള്‍ ഫേസ് (Full-face) ഹെല്‍മറ്റുകളാണ് ഏറ്റവും മികച്ചത്. ഇവ തലയ്ക്കും താടിക്കും കവിളിനും പരിപൂര്‍ണ സംരക്ഷണമേകുന്നു. ഹാഫ് ഫേസ് ഹെല്‍മറ്റുകള്‍ (Half-face helmets) ഉഷ്ണകാലത്ത് സൗകര്യപ്രദമാണെങ്കിലും അപകടസമയത്ത് റൈഡറുടെ മുഖം സംരക്ഷിക്കില്ല.

open face vs full face helmet

ഒരു ഹെല്‍മെറ്റില്‍ തന്നെ ഫുള്‍ ഫെയ്‌സ്, ഹാഫ് ഫെയ്‌സ് എന്നിവയുടെ സൗകര്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മോഡുലാര്‍ അല്ലെങ്കില്‍ ഫ്‌ലിപ്പ്-അപ്പ് ഹെല്‍മറ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ഓപണ്‍ ആയും ക്ലോസ്ഡ് ആയും ഉപയോഗിക്കാമെന്നതിനാല്‍ ഇത്തരം ഹെല്‍മെറ്റുകള്‍ സുരക്ഷയും കംഫര്‍ട്ടും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്പ് അപ്പ് ഹെല്‍മെറ്റിന്റെ (റീ)മൂവബിള്‍ ചിന്‍ ബാറാണ് അതിനെ സവിശേഷമാക്കുന്നത്.

ചിന്‍ ബാര്‍ അടച്ചിരിക്കുമ്പോള്‍ അത് ഒരു ഫുള്‍ ഫേസ് ഹെല്‍മെറ്റാണ്. ഒരു ബട്ടണ്‍ അമര്‍ത്തി ചിന്‍ഭാഗം മുകളിലേക്ക് ഉയര്‍ത്തിയാല്‍ അത് ഒരുതരം ഓപ്പണ്‍ ഫേസ് ഹെല്‍മെറ്റായി മാറുന്നു. ഗുണങ്ങള്‍ ഉണ്ടെങ്കിലും ഫ്‌ലിപ്പ് അപ്പ് ഹെല്‍മെറ്റിന് ഫുള്‍ ഫേസ് ഹെല്‍മെറ്റുകളേക്കാള്‍ ഭാരം കൂടുതലായിരിക്കും. മാത്രമല്ല ഇവയ്ക്ക് ഒതുക്കവും കുറയും. സുരക്ഷയാണ് നിങ്ങളുടെ മുന്‍ഗണനയെങ്കില്‍, ഫുള്‍-ഫേസ് ഹെല്‍മെറ്റുകള്‍ തന്നെയാണ് ഏറ്റവും നല്ല ചോയ്സ്.

3. വൈസറുകളുടെ പ്രാധാന്യം

ഹെല്‍മറ്റിലെ വൈസര്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. പകലും രാത്രിയും ഒരുപോലെ മികച്ച കാഴ്ച ലഭിക്കാന്‍ ക്ലിയര്‍ വൈസറുകളാണ് അനുയോജ്യം. നിറമുള്ളതോ ടിന്റഡോ ആയ വൈസറുകളാണെങ്കില്‍ രാത്രികാലങ്ങളില്‍ കാഴ്ച മങ്ങും. മാത്രമല്ല ആന്റി സ്‌ക്രാച്ച്, വാട്ടര്‍ഡ്രോപ്പ് റെസിസ്റ്റന്റ്, യുവി പ്രൊട്ടക്ഷന്‍ ഫീച്ചറുകളുള്ള ഹെല്‍മെറ്റാണ് ഉത്തമം. ഉള്‍ഭാഗത്ത് സണ്‍ വൈസര്‍ ഉള്ള മോഡലുകള്‍ വെയിലത്ത് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഉപകരിക്കും.

4. ശരിയായ ഫിറ്റിംഗ് ഉറപ്പാക്കുക

ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ധരിച്ച് നോക്കി ഫിറ്റിംഗ് ശരിയാണെന്ന് ഉറപ്പ് വരുത്തണം. തലയുടെ അളവിന് പാകത്തിലുള്ള ഹെല്‍മെറ്റ് തന്നെ നോക്കി വാങ്ങുക. വളരെ ഇറുകിയതോ വല്ലാതെ അയഞ്ഞതോ ആയ ഹെല്‍മറ്റുകള്‍ അപകടസമയത്ത് ഉപകാരപ്പെടില്ലെന്ന് മാത്രമല്ല 'പണി' തരികയും ചെയ്യും. ഹെല്‍മറ്റ് ധരിച്ച ശേഷം തല കുലുക്കുമ്പോള്‍ അത് അനങ്ങുന്നില്ലെന്നും ചിന്‍ സ്ട്രാപ്പുകള്‍ ശക്തവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണം. കൂടുതല്‍ നേരം ധരിക്കുമ്പോള്‍ തലയ്ക്ക് പ്രഷര്‍ അനുഭവപ്പെടാത്ത രീതിയിലുള്ള ഹെല്‍മെറ്റ് നോക്കി വേണം തിരഞ്ഞെടുക്കാന്‍.

full face helmet

5. എപ്പോള്‍ ഹെല്‍മറ്റ് മാറ്റണം?

സാധാരണഗതിയില്‍ ഒരു ഹെല്‍മറ്റ് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ഉപയോഗിച്ച ശേഷം മാറ്റുന്നതാണ് ഏറ്റവും നല്ലത്. പുറമെ കേടുപാടുകള്‍ ഒന്നുമില്ലാതെ ഇപ്പോഴും നല്ല കണ്ടീഷനിലാണ് ഇരിക്കുന്നതെങ്കിലും ഹെല്‍മറ്റിനുള്ളിലെ സുരക്ഷാ പാളിയായ ഫോം ലൈനിംഗിന് കാലക്രമേണ കേടുപാടുകള്‍ സംഭവിക്കുകയും അതിന്റെ സംരക്ഷണശേഷി കുറയുകയും ചെയ്യാം.

ഉള്ളിലുള്ള കേടുപാടുകള്‍ പുറത്തേക്ക് ദൃശ്യമാകണമെന്നില്ല. എന്തെങ്കിലും ചെറിയ അപകടങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ ഹെല്‍മെറ്റ് പിന്നീട് ശിരസ്സിലണിയാത്തതാണ് നല്ലത്. അതുമാത്രമല്ല ഹെല്‍മറ്റ് ഇടക്കിടെ കൈയ്യില്‍ നിന്നോ ബൈക്കില്‍ നിന്നോ താഴെ വീണിട്ടുണ്ടെങ്കില്‍ അതും പിന്നീട് ഉപയോഗിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ചെറുതാണെങ്കിലും ആ വീഴ്ചകള്‍ ഹെല്‍മെറ്റിന്റെ സംരക്ഷണ കവചത്തെ ദുര്‍ബലപ്പെടുത്തുമെന്നതിനാലാണ് അങ്ങിനെ പറഞ്ഞത്.

6. കംഫര്‍ട്ട് മുഖ്യം

ദൈനംദിന ഉപയോഗത്തിനുള്ള ഹെല്‍മെറ്റ് തേടുന്നവര്‍ സുഖസൗകര്യങ്ങള്‍ക്ക് കൂടി പ്രാധാന്യം കൊടുക്കണം. ദീര്‍ഘദൂര യാത്രകളില്‍ തല വിയര്‍ക്കാതിരിക്കാന്‍ കൃത്യമായ വെന്റിലേഷന്‍ ഹോള്‍സ് ഉള്ള ഹെല്‍മറ്റുകള്‍ നോക്കി വാങ്ങുക. വെന്റിലേഷന്‍ കുറഞ്ഞാല്‍ ശ്വാസംമുട്ടലോ കണ്ണുകള്‍ക്ക് അസ്വസ്ഥതയോ ഉണ്ടാകാം. നീക്കം ചെയ്യാവുന്ന ഇന്നര്‍ പാഡിംഗുകളുള്ള ഹെല്‍മെറ്റ് ആണെങ്കില്‍ അവ ഇടക്ക് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. ആന്റി-ഫോഗ് വൈസറുകള്‍ ശൈത്യകാലത്ത് ദൃശ്യപരത ഉറപ്പാക്കാന്‍ നല്ലതാണ്.

7. വിലയും ഗുണനിലവാരവും

വില കുറഞ്ഞതും റോഡ് അരികില്‍ വില്‍ക്കുന്നതുമായ 'ചട്ടി' ഹെല്‍മറ്റുകള്‍ പരമാവധി ഒഴിവാക്കുക. ഇന്ത്യയില്‍ സാധാരണയായി ഗുണനിലവാരമുള്ള ഒരു ഹെല്‍മറ്റ് വാങ്ങാന്‍ 2,500 രൂപ മുതല്‍ 6,000 രൂപ വരെ ചിലവാകും. പ്രീമിയം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വില 10,000 രൂപയ്ക്ക് മുകളില്‍ വരെ പോകുന്നു. ബജറ്റ് വളരെ പ്രധാനമാണെങ്കിലും സേഫ്റ്റിയുടെ കാര്യത്തില്‍ നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല.

നിലവാരമുള്ള ഹെല്‍മെറ്റിന് വേണ്ടി പണം മുടക്കുന്നത് സ്വന്തം ജീവന്‍ ഇന്‍ഷൂര്‍ ചെയ്യുംപോലെയാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ട് ചലാനില്‍ നിന്ന് രക്ഷപെടാനായി ഹെല്‍മെറ്റ് ധരിക്കാതെ സ്വന്തം സുരക്ഷയെ കരുതി അവ അണിയാന്‍ ശ്രമിക്കുക. നല്ല നിലവാരമുള്ള പാകത്തിലുള്ള സുഖകരമായ ഹെല്‍മറ്റ് വാങ്ങി ധരിച്ചാല്‍ പിന്നെ അത് ശീലമായിക്കോളും. ഹെല്‍മെറ്റ് ധരിക്കുന്നത് ശീലമായിക്കഴിഞ്ഞാല്‍ പിന്നെ ആ 'കിരീടം' ധരിക്കാതെ നിങ്ങള്‍ പിന്നെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യില്ല.

More from DriveSpark

Article Published On: Thursday, February 19, 2026, 17:06 [IST]
English summary
When should you replace bike helmet buying guide safety standards malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X