PDI ചെയ്യാതെ പുതിയ കാര്‍ വാങ്ങരുത്! ചെലവ് 1 മണിക്കൂര്‍, ലൈഫ്‌ടൈം ആശ്വാസം
അത്തം തുടങ്ങിയതോടെ മലയാളികള്‍ ഓണം മൂഡിലാണ്. ഓണക്കാലത്ത് ഒരു പുതിയ കാര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഒത്തിരിയുണ്ടാകും. പുതിയ കാര്‍ വാങ്ങുന്നത് ഒരു പ്രത്യേക തരം അനുഭവമാണ്. പല ആളുകളെ സംബന്ധിച്ചും വീട് പോലെ അവരുടെ ജീവിതത്തില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാണ് കാര്‍. അതുകൊണ്ട് തന്നെ കാറിന്റെ ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവ്, ഡെലിവറി എന്ന് തുടങ്ങി ഓരോ ഘട്ടങ്ങളും ശ്രദ്ധാപൂര്‍വം ചെയ്യുന്നു. എന്നാല്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ നമ്മളില്‍ പലരും വിസ്മരിക്കുന്ന ഒരു ഘട്ടമുണ്ട്. പിഡിഐ (PDI) എന്ന് ചുരുക്കി വിളിക്കുന്ന പ്രീഡെലിവറി ഇന്‍സ്‌പെക്ഷനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പിഡിഐ: അറിയാത്തവര്‍ക്കായി ആദ്യം പിഡിഐ എന്താണെന്ന് ആദ്യം പറയാം. PDI എന്ന് പറയുന്നത്, പുതിയ കാര്‍ കൈപ്പറ്റുന്നതിന് മുമ്പ് ഷോറൂമില്‍ തന്നെ കാര്‍ മുഴുവനായും സൂക്ഷ്മതയോടെ പരിശോധിക്കുന്ന പ്രക്രിയയാണ്. ഇതില്‍ കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, മെക്കാനിക്കല്‍ ഘടകങ്ങള്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, രേഖകള്‍ എന്നിവ ഉള്‍പ്പെടും.

നിങ്ങള്‍ വാങ്ങുന്ന കാര്‍ 100% പെര്‍ഫെക്ട് കണ്ടീഷനില്‍ ഉള്ളതും നിര്‍മാതാവും ഡീലറും വാഗ്ദാനം ചെയ്ത രീതിയിലുള്ളതുമാണെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. ഉപഭോക്താവിന് കാര്‍ ഡീലറില്‍ നിന്ന് ഡെലിവറിയെടുക്കുന്നതിന് മുമ്പ് വിശദമായി പരിശോധിക്കാനായി ലഭിക്കുന്ന ഈ അവസരം ഒഴിവാക്കിയാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്.
പ്രാധാന്യം: നിങ്ങള്‍ക്ക് ശരിയായ കാര്‍ കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഈ പ്രക്രിയ വഴി സാധിക്കും. VIN (വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍), എഞ്ചിന്‍ നമ്പര്‍, മോഡല്‍, വേരിയന്റ് എന്നിവ പരിശോധിച്ച് നിങ്ങള്‍ ബുക്ക് ചെയ്തതു തന്നെയാണെന്ന് ഉറപ്പാക്കാം. രണ്ടാമത്തേതും വളരെ പ്രധാനപ്പെട്ടതാണ്. പിഡിഐ നടത്തുന്നത് വഴി നമ്മള്‍ വാങ്ങാന്‍ പോകുന്ന കാറിന് വല്ല തകരാര്‍ ഉണ്ടോ എന്ന് കണ്ടെത്താം.
വാഹന നിര്‍മാണശാലയില്‍ നിന്ന് ഷോറൂമിലേക്ക് കൊണ്ടുവരുന്ന സമയത്ത് സ്‌ക്രാച്ചുകള്‍, ഡെന്റുകള്‍, ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താം. എല്ലാ ഫീച്ചറുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പിഡിഐ വഴി സാധിക്കും. ഇന്നത്തെ കാറുകളില്‍ ഇന്‍ഫോടെയിന്‍മെന്റ്, AC, ലൈറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, സെന്‍സറുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉണ്ട്. ഇവയെല്ലാം PDI സമയത്ത് ടെസ്റ്റ് ചെയ്യാം.
ഒരു പുതിയ കാറില്‍ സാധാരണയായി 30-100 km വരെ റീഡിംഗ് കാണാം. അതില്‍ കൂടുതലാണെങ്കില്‍ ഡീലറോട് വിശദീകരണം ചോദിക്കണം. പിഡിഐ വഴി എയര്‍ബാഗുകള്‍, ABS, സീറ്റ് ബെല്‍റ്റുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറകള്‍ എന്നിവ എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാം. കാര്‍ ഡെലിവറിയെടുത്ത ശേഷം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ പരിഹരിക്കുന്നത് കുറച്ച് ബുദ്ധിമുട്ടായിരിക്കും. PDI സമയത്ത് തന്നെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ഡീലറെ കൊണ്ട് ഉടന്‍ പരിഹരിക്കാം.

പിഡിഐ ചെക്ക്‌ലിസ്റ്റ്: കാറിന്റെ എക്‌സ്റ്റീരിയറില്‍ സ്‌ക്രാച്ചുകള്‍, ഡെന്റുകള്‍, പെയിന്റ് വ്യത്യാസങ്ങള്‍ പരിശോധിക്കുക. ടയര്‍, അലോയ് വീല്‍, സ്‌പെയര്‍ വീല്‍ എന്നിവയും ഗ്ലാാസ്, മിറര്‍, ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റര്‍ എന്നിവയും പരിശോധിക്കുക. ഇന്റീരിയറില്‍ സീറ്റുകള്‍, അഫോള്‍സ്റ്ററി, ഡാഷ്‌ബോര്‍ഡ് കണ്ടീഷന്‍ എന്നിവ ചെക്ക് ചെയ്യുക. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, AC, കണ്‍ട്രോള്‍സ് എന്നിവയ്‌ക്കൊപ്പം ഓഡോമീറ്റര്‍ റീഡിംഗും നോക്കുക.
ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, ബ്രേക്ക് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍, ഹോണ്‍, വൈപ്പര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍ എന്നീ ഇലക്ട്രിക്കല്‍ ഭാഗങ്ങളും പരിശോധനക്ക് വിധേയമാക്കുക. ഇവയല്ലാതെ കാറില്‍ മെക്കാനിക്കലായ പരിശോധനകളും നടത്തുക. ആദ്യം കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എഞ്ചിന്‍ ശബ്ദം ശ്രദ്ധിക്കുക. ശേഷം ബ്രേക്ക്, സ്റ്റിയറിംഗ്, ക്ലച്ച് പ്രവര്‍ത്തനം പരിശോധിക്കുക.

ഒപ്പം തന്നെ ഹുഡിന് കീഴില്‍ എഞ്ചിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഫ്‌ലൂയിഡ് തുടങ്ങി ഫ്‌ലൂയിഡുകള്‍ പരിശോധിക്കാന്‍ മറക്കരുത്. ഏറ്റവും അവസാനത്തെ ഘട്ടമാണ് ഡോക്യുമെന്റ് പരിശോധന. ഇന്‍വോയ്‌സ്, പേയ്‌മെന്റ് രസീത്, ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ പേപ്പര്‍, വാറണ്ടി ബുക്ക്‌ലെറ്റ്, സര്‍വീസ് മാനുവല്‍ എന്നിവ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സ്‌പെയര്‍ കീയും ടൂള്‍ കിറ്റും ഉണ്ടല്ലോ എന്ന് നോക്കുക.
ഒരു കാര്‍ വാങ്ങുമ്പോള്‍ പിഡിഐ എന്ന വളരെ സുപ്രധാനമായ ഘട്ടം ഉള്ള കാര്യം പലര്‍ക്കും അറിയില്ല. പ്രീഡെലിവറി ഇന്‍സ്‌പെക്ഷന്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമേ ചെലവാക്കേണ്ടി വരികയുള്ളൂ. എന്നാല്‍ അതുവഴി നിങ്ങള്‍ക്ക് സുരക്ഷിതവും തകരാറുകളില്ലാത്തതുമായ കാര്‍ കൈപ്പറ്റാന്‍ കഴിയും. പുതിയ കാര്‍ വാങ്ങുന്ന എല്ലാവരും പിഡിഐ എന്നത് ഓപ്ഷനലായി അല്ലാതെ നിര്‍ബന്ധമായും ചെയ്യേണ്ട ഘട്ടമായി കണക്കാക്കണം.


Click it and Unblock the Notifications








