'വിന്റര്‍ ഈസ് കമിംഗ്'! ശൈത്യകാലത്ത് കാറിനും വേണം സംരക്ഷണം; ഇക്കാര്യങ്ങള്‍ മനസില്‍ വെക്കണേ
2025 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന ലാപ്പില്‍ ശൈത്യകാലവും വരവായിരിക്കുകയാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പുലര്‍കാലത്ത് നല്ല തണുപ്പും മൂടല്‍മഞ്ഞും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതിശൈത്യത്തില്‍ താപനില കുറയുകയും അന്തരീക്ഷ മലിനീകരണം വര്‍ധിക്കുകയും ചെയ്യുമ്പോള്‍, എഞ്ചിനുകള്‍, ടയറുകള്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ കഠിനമായി പ്രവര്‍ത്തിക്കേണ്ടിവരുന്നു. അതിനാല്‍ ശൈത്യകാലത്ത് ഒരു യാത്ര പുറപ്പെടുന്നതിന് മുമ്പ് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ അല്‍പ്പം പ്രയാസം നേരിടുന്നതായും വിന്‍ഡോകള്‍ക്ക് മങ്ങലുണ്ടാകുന്നതായും ഹെഡ്ലൈറ്റുകള്‍ക്ക് തിളക്കം കുറയുന്നതായും ഡ്രൈവര്‍മാര്‍ക്ക് അനുഭവപ്പെടാം.
കനത്ത മൂടല്‍മഞ്ഞ് നിറഞ്ഞ പ്രദേശങ്ങളില്‍ ശൈത്യകാലത്ത് വാഹനത്തിന്റെ പുറംഭാഗത്ത് നേരിയ കറുത്ത പുകയുടെ അംശം പറ്റിപ്പിടിക്കുന്നത് കാണാം. ഇത്തരം കാര്യങ്ങള്‍ വളയം പിടിക്കുമ്പോള്‍ കാഴ്ചയും കംഫര്‍ട്ടും കുറയ്ക്കാന്‍ സാധ്യതയുണ്ട്. ചില കാര്യങ്ങളില്‍ നമ്മള്‍ മതിയായ ശ്രദ്ധ പതിപ്പിച്ചാല്‍ വാഹനം ശൈത്യകാലം മുഴുവന്‍ സുരക്ഷിതവും കാര്യക്ഷമവുമായി നിലനിര്‍ത്താന്‍ സാധിക്കും. ടെന്‍ഷനില്ലാതെ തണുപ്പ് കാലത്ത് വാഹനം നിരത്തിലിറക്കാനായി പിന്തുടരാവുന്ന ചില വാഹനപരിപാലന ടിപ്പുകള്‍ പറഞ്ഞുതരാം.

എക്‌സ്റ്റീരിയര്‍: ശൈത്യകാലം തുടങ്ങിയതിന്റെ ആദ്യത്തെ അടയാളങ്ങള്‍ സാധാരണയായി കാണപ്പെടുന്നത് വാഹനത്തിന്റെ പുറംഭാഗത്താണ്. അവിടെ മൂടല്‍മഞ്ഞിന്റെ അംശങ്ങള്‍ പെയിന്റിലും ഗ്ലാസുകളിലും പറ്റിപ്പിടിക്കും. ഇവ കടുക്കുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കുന്നത് മൂടല്‍മഞ്ഞ് കനക്കുന്ന പ്രഭാതങ്ങളില്‍ ലൈറ്റുകളും മിററുകളും വ്യക്തമായി കാണാന്‍ സഹായിക്കും. പെയിന്റിന് അധിക സംരക്ഷണം നല്‍കാനായി പ്രൊട്ടക്ടീവ് വാക്‌സ് കോട്ടിംഗ് ഉപയോഗിക്കാം.
ഇത് ശൈത്യകാല വായുവില്‍ തങ്ങിനില്‍ക്കുന്ന അസിഡിക് മലിനീകരണത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും വാഹനത്തെ കാക്കുന്നു. ഈ കോട്ടിംഗ് ഓരോ യാത്രകള്‍ക്കിടയിലും വാഹനത്തിലുണ്ടാകുന്ന അഴുക്ക് എളുപ്പത്തില്‍ കഴുകി കളയാന്‍ സഹായിക്കുന്നു. കനത്ത മഞ്ഞ് മൂലം വാഹനത്തിന്റെ എക്‌സ്റ്റീരിയറില്‍ പൊടിപടലങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യും.

താപനില കുറയുന്നത് ടയര്‍ പ്രഷര്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ട്രാക്ഷനെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ ടയറുകള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ടയറുകളുടെ ട്രെഡ് ഡെപ്ത്ത്, സൈഡ്വാള്‍ കണ്ടീഷന്‍, പ്രഷര്‍ എന്നിവ പരിശോധിക്കുന്നത് തണുത്ത കാലാവസ്ഥയില്‍ റോഡില്‍ നല്ല ഗ്രിപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. ഈ സമയങ്ങളില്‍ കാഴ്ച കുറയുന്നത് കാരണം അപ്രതീക്ഷിതമായി സഡന്‍ ബ്രേക്ക് അപ്ലൈ ചെയ്യേണ്ട സാഹചര്യം നമ്മള്‍ കണക്കു കൂട്ടണം.
ശൈത്യകാലത്ത് മികച്ച വിസിബിലിറ്റി നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം വൈപ്പറുകളും വാഷര്‍ സിസ്റ്റങ്ങളും പരിശോധിക്കുക എന്നതാണ്. ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ പുകമഞ്ഞിന്റെ അംശങ്ങള്‍ വിന്‍ഡ്ഷീല്‍ഡില്‍ വേഗത്തില്‍ അടിഞ്ഞുകൂടുന്ന സാഹചര്യമുണ്ട്. ഇത് മൂലം ഗ്ലാസില്‍ രൂപപ്പെടുന്ന മങ്ങല്‍ കളയാനായി പഴയ വൈപ്പര്‍ ബ്ലേഡുകള്‍ മാറ്റിസ്ഥാപിക്കണം. നോസല്‍ അടഞ്ഞുപോകാതിരിക്കാനും പുലര്‍കാല യാത്രകളില്‍ ക്ലിയര്‍ സ്‌പ്രേ പാറ്റേണ്‍ ഉറപ്പാക്കാനും ശൈത്യകാലത്തിന് അനുയോജ്യമായ വാഷര്‍ ഫ്‌ലൂയിഡ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഇന്റീരിയര്‍: കാറിന്റെ ഉള്‍ഭാഗത്ത്, ശൈത്യകാലത്ത് HVAC സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്നത് വര്‍ധിച്ചുവരുന്ന പൊടിപടലങ്ങളാണ്. വെന്റുകളിലൂടെ പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാനും ഹീറ്ററിനും ബ്ലോവറിനും എയര്‍ഫേ്‌ലാ നിലനിര്‍ത്താനുമായി ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍ നേരത്തെ മാറ്റുന്നത് നന്നാകും. ഇത് യാത്രാസുഖം നല്‍കുന്നതോടൊപ്പം നീണ്ട ട്രാഫിക്കില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുകയും ചെയ്യും.
PM2.5 അളവ് കുറയ്ക്കാന്‍ ക്യാബിന്‍ എയര്‍ പ്യൂരിഫയറുകളുമായി വരുന്ന കാറുകള്‍ ഇന്ന് വിപണിയിലുണ്ട്. നിങ്ങളുടെ കാറില്‍ ഒരു എയര്‍ പ്യൂരിഫയര്‍ ഇല്ലെങ്കില്‍ ശൈത്യകാലത്ത് ഇന്റീരിയര്‍ പൊടിപടലങ്ങളില്‍ നിന്ന് മുക്തമാക്കാനായി ഒരെണ്ണം വാങ്ങിവെക്കാവുന്നതാണ്. വിന്‍ഡോകള്‍ ശൈത്യകാലത്ത് മൂടല്‍മഞ്ഞ് കാരണം മങ്ങുന്നതിനാല്‍ ഡീഫോഗറിന്റെ പ്രവര്‍ത്തനം വളരെ പ്രധാനമാണ്.

വെന്റുകള്‍ വൃത്തിയുള്ളതും പ്രവര്‍ത്തനക്ഷമവുമാണെന്നും ഹീറ്റര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കിയാല്‍ ഡീഫോഗറിന് വിന്‍ഡോകളിലെയും വിന്‍ഡ്‌സ്‌ക്രീനിലെയും മൂടല്‍ വേഗത്തില്‍ നീക്കാനാകും. ഡാഷ്‌ബോര്‍ഡ് വെന്റുകള്‍ വൃത്തിയായി സൂക്ഷിക്കുന്നത് ശരിയായ രീതിയിലുള്ള എയര്‍ഫേ്‌ലാ ഉറപ്പാക്കുന്നു, ഇത് ശൈത്യകാലത്ത് വാഹനത്തിന്റെ ഗ്ലാസ് പ്രതലങ്ങളില്‍ കണ്ടന്‍സേഷന്‍ തടയാന്‍ അത്യാവശ്യമാണ്.
എഞ്ചിന്‍ & മെക്കാനിക്കല്‍ പരിചരണം: ശൈത്യകാലം ഒരു കാറിന്റെ മെക്കാനിക്കല്‍ സംവിധാനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നു. ബാറ്ററിയില്‍ നിന്നാണ് ഇത് ആരംഭിക്കുന്നത്. താപനില കുറയുമ്പോള്‍ സ്വാഭാവികമായും ബാറ്ററികളുടെ കാര്യക്ഷമത കുറയുന്നതിനാല്‍ ശൈത്യകാലം തുടങ്ങുന്നതിന് മുമ്പ് ചാര്‍ജ് ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. വൃത്തിയുള്ള ടെര്‍മിനലുകള്‍, വോള്‍ട്ടേജ്, ശരിയായ ചാര്‍ജിംഗ് രീതി എന്നിവ തണുത്ത പ്രഭാതത്തിലും സാധാണ ദിവസം പോലെ കോള്‍ഡ് സ്റ്റാര്‍ട്ട് ്ബുദ്ധിമുട്ട് കൂടാതെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കും.

ഹീറ്ററിന്റെ അമിത ഉപയോഗവും സ്ഥിരമായി ലൈറ്റും ഉപയോഗിക്കുന്നതിനാല്‍ പഴയ ബാറ്ററികള്‍ക്ക് ശൈത്യകാലത്ത് പണി കൂടുതലായിരിക്കും. ഈ സാഹചര്യത്തില്‍ ചെറിയ യാത്രകള്‍ കഴിവതും ഒഴിവാക്കുക. ശൈത്യകാലത്ത് എഞ്ചിന്‍ ഓയില്‍ കട്ടിയാകുന്നത് ഏറ്റവും ആവശ്യമുള്ള സമയത്ത് എഞ്ചിന്‍ ലൂബ്രിക്കേഷന്‍ വൈകിപ്പിക്കും. ശരിയായ ഗ്രേഡ് ഓയില്‍ തണുപ്പ് കാലത്ത് എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.
കൂളന്റിനും തുല്യമായ പ്രാധാന്യമുണ്ട്. മഞ്ഞ് നിറഞ്ഞ ട്രാഫിക്കില്‍ വാഹനം വേഗത കുറച്ചോ നിശ്ചലമായോ ഇരിക്കുമ്പോള്‍ താപനില സ്ഥിരമായി നിലനിര്‍ത്താന്‍ അതിന്റെ സാന്ദ്രത ശുപാര്‍ശ ചെയ്യുന്ന അളവില്‍ ആയിരിക്കണം. സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്ന ബ്രേക്ക് ഫ്‌ലൂയിഡ്, പവര്‍-സ്റ്റിയറിംഗ് ഫ്‌ലൂയിഡ് എന്നിവയും കാലാവസ്ഥാ മാറ്റങ്ങളോട് പ്രതികരിക്കുന്നു. തണുപ്പില്‍ അവയുടെ വിസ്‌കോസിറ്റി മാറുന്നത് വാഹനത്തിന്റെ പ്രതികരണശേഷിയെ ബാധിക്കുന്നു. ഇവ രണ്ടും ശുപാര്‍ശ ചെയ്യുന്ന അളവില്‍ നിലനിര്‍ത്തുന്നത് ബ്രേക്കിംഗും സ്ഥിരതയും ഉറപ്പാക്കുന്നു.


Click it and Unblock the Notifications








