സ്റ്റണ്ടുകാരുടെ ശ്രദ്ധയ്ക്ക്!!!

പണ്ട്കാലങ്ങളില്‍ ഒന്നിനും കൊള്ളാത്തവന്മാരെ പട്ടാളത്തില്‍ പറഞ്ഞയയ്ക്കുക എന്നതൊരു നാട്ടുരീതിയായിരുന്നു. പട്ടാളബാരക്കുകളിലെ ദുരിതജീവിതം കഴിയുന്നതോടെ ആരും മാനസാന്തരപ്പെട്ടുപോകും എന്നതായിരുന്നു തിയറി. പക്ഷെ ഇന്ന് സാഹചര്യം മാറി. ഒന്നിനും കൊള്ളാത്തവരെ പട്ടാളത്തില്‍ എടുക്കുന്നില്ല. ഇതോടെ ഈ വിഭാഗമാളുകള്‍ നേരെ റോഡിലിറങ്ങി ബൈക്ക് സ്റ്റണ്ട് നടത്താന്‍ തുടങ്ങി.
ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഭൂരിഭാഗം പേരുടെയും തലയില്‍ പൊതുവില്‍ ഒന്നും ഉണ്ടാവാറില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇങ്ങനെ സ്റ്റണ്ട് നടത്തി തലപൊളിഞ്ഞ് റോട്ടില്‍ കിടക്കുന്ന പയ്യന്‍മാര്‍ ഇന്നൊരു സ്ഥിരം കാഴ്ചയാണ്. ഇത്തരക്കാര്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഹെല്‍മെറ്റ്
പലതരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഇന്ന് ലഭ്യമാണ്. പുതിയ ഫാഷനിലുള്ള ചില ഹെല്‍മെറ്റുകള്‍ തലയ്ക്ക് പൂര്‍ണമായ സംരക്ഷണം നല്‍കാന്‍ അപര്യാപ്തമാണ്. പൂര്‍ണമായി തലയ്ക്ക് സംരക്ഷണം നല്‍കുന്ന ഹെല്‍മെറ്റ് തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. താടിയെല്ലിന് സംരക്ഷണം നല്‍കുന്ന ചിന്‍ ഗാര്‍ഡ് ഉള്ള ഹെല്‍മെറ്റ് നോക്കിവാങ്ങണം. പിന്‍വീല്‍ പൊന്തിച്ചുള്ള കളി പലപ്പോഴും താടിയെല്ലിന് ഗുരുതരമായ വൈകൃതങ്ങള്‍ വരുത്തിവെക്കുന്നതായി പഠനങ്ങള്‍ ഫറയുന്നു.
ഗ്ലൗസ്
ഹാന്‍ഡിലില്‍ മികച്ച ഗ്രിപ്പ് നല്‍കുന്നതോടൊപ്പം കൈത്തലത്തിനു സംഭവിക്കാവുന്ന പരുക്കുകളില്‍ നിന്നും ഇത് സംരക്ഷണം നല്‍കുന്നു.
റൈഡിംഗ് ജാക്കറ്റ്
കെവ്‍ലാര്‍ പ്രതിരോധമുള്ള ജാക്കറ്റ് തെരഞ്ഞെടുക്കണം. റോഡില്‍ ശരീരം ഉരഞ്ഞുണ്ടാകുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇതിനാവും.
ബൂട്സ്
സ്റ്റീലിന്‍റെ ആവരണം മുന്‍വശത്തുള്ള ഷൂസ് ആണ് കൂടുതല്‍ അഭികാമ്യം. അടിയില്‍ പരന്ന പ്രതലമുള്ളതാണ് അനുയോജ്യം.
റൈഡിംഗ് പാന്‍റ്സ്
ചെറിയ ഉരസലുകളും മറ്റും ശരീരത്തെ കാര്യമായി ബാധിക്കാതിരിക്കാന്‍ റൈഡിംഗ് പാന്‍റ്സ് സഹായിക്കുന്നു. "നീ ഗാര്‍ഡ്" സഹിതമുള്ളതായിരിക്കണം പാന്‍റ്സ്.
ഇത്രയുമാണ് എടുക്കേണ്ട തയ്യാറെടുപ്പുകള്‍. മറ്റൊന്നുള്ളത് സിനിമകളെ പൂര്‍ണമായി അനുകരിക്കാതിരിക്കുക എന്നതാണ്. ഈയിടെ മോഹന്‍ലാല്‍ ക്ലച്ച് പിടിച്ച് റിയര്‍വീല്‍ പൊന്തിക്കുന്നത് കണ്ടിരുന്നു. ഇത്തരം പ്രവണതകള്‍ അത്യന്തം അപകടകരമത്രേ! ഒരു കാരണവശാലും അനുകരിച്ചുപോകരുത്!


Click it and Unblock the Notifications








