1.17 കോടി മുടക്കി വാങ്ങിയ ഫാൻസി നമ്പർ കണ്ടോ; ഈ കാശിന് ഡിഫൻഡർ മുറ്റത്ത് കിടന്നേനെ
ഫാൻസി നമ്പറുകൾക്ക് വേണ്ടിയുള്ള ലേലം കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് വളരെ സാധാരണമായ കാര്യം തന്നെയാണ്. എത്ര എത്ര നമ്പറുകൾ കേട്ടിരിക്കുന്നു. അടുത്തിടെ 46 ലക്ഷത്തിന് വരെയാണ് നമ്പർ ലേലത്തിൽ പോയത്. ഹരിയാനയിൽ അടുത്തിടെ നടന്ന വിഐപി നമ്പർ പ്ലേറ്റ് ലേലം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 1.17 കോടി രൂപയ്ക്കാണ് ഈ നമ്പർ പ്ലേറ്റ് വിറ്റു പോയത്. കണ്ണുമിഴിച്ചു നോക്കണ്ട. സംഭവം സത്യമാണ്. 50,000 രൂപയ്ക്ക് ആരംഭിച്ച ലേലം എങ്ങനെയാണ് കോടികളിലെത്തിയതെന്നും, ഈ നമ്പറിന് ഇത്രയധികം മത്സരം ഉണ്ടാകാനുള്ള കാരണമെന്താണെന്നും വിശദമായി തന്നെ ഒന്ന് അറിഞ്ഞ് വച്ചാലോ.
ഓരോ സംസ്ഥാന സർക്കാരും വാഹനങ്ങൾക്കായി ഫാൻസി നമ്പർ പ്ലേറ്റുകൾ ഓൺലൈൻ വഴി ലേലം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യക്തിക്ക് ഈ നമ്പറുകൾ സ്വന്തമാക്കാം. ഹരിയാനയിൽ HR 88 B 8888 എന്ന നമ്പറിനായുള്ള ലേലം ഓൺലൈനായി നിശ്ചിത സമയത്ത് ആരംഭിക്കുകയും. ഇതിന്റെ അടിസ്ഥാന വില 50,000 രൂപയുമായിരുന്നു. ലേലം തുടങ്ങിയത് മുതൽ കടുത്ത മത്സരമാണ് അനുഭവപ്പെട്ടത്.

രാവിലെ ആരംഭിച്ച ലേലത്തിൽ ഉച്ചയോടെ ഈ നമ്പറിന് 88 ലക്ഷം രൂപ വരെ തുക എത്തിയിരുന്നു. എന്നാൽ, ലേലത്തുക വീണ്ടും വർദ്ധിക്കുകയും വൈകുന്നേരം 5 മണിയോടെ 1.17 കോടി രൂപയിൽ ലേലം അവസാനിക്കുകയും ചെയ്തു. ഇത്രയും കാശ് കൊടുത്ത് ഇത് വിളിക്കാൻ എന്താണ് കാരണമെന്ന് കൂടി അറിയണ്ടേ.HR എന്നതിന് ശേഷം വരുന്ന RTO നമ്പർ 88 ആണ്, കൂടാതെ വാഹനത്തിന്റെ നമ്പർ 8888 ആണ്. B എന്ന സീരീസ് അക്ഷരം കാഴ്ചയിൽ 8 പോലെ തോന്നിക്കുന്നത് കൊണ്ട് HR888888 എന്നൊരു പ്രതീതി നൽകുന്നു.
2020 മുതൽ 2025 ജൂലൈ വരെ ചണ്ഡീഗഡിൽ ഏറ്റവും കൂടുതൽ ഒറ്റ നമ്പർ ലേലം നടന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2022 ഏപ്രിലിൽ ഒരാൾ 15.44 ലക്ഷം രൂപയ്ക്ക് നമ്പർ ലേലത്തിൽ പിടിക്കുകയും, 55,585 രൂപ വിലയുള്ള ഒരു സ്കൂട്ടറിന് അത് ഉപയോഗിക്കുകയും ചെയ്തു. സ്കൂട്ടറിന്റെ വിലയുടെ 28 മടങ്ങ് അധികമാണ് നമ്പർ പ്ലേറ്റിനായി അദ്ദേഹം മുടക്കിയത്.

എറണാകുളം ആർടി ഓഫീസിന് കീഴിൽ വരുന്ന KL 07 DG 0007 എന്ന ഫാൻസി നമ്പർ 45.99 ലക്ഷത്തിനാണ് ബിസിനസുകാരനായ മലയാളി സ്വന്തമാക്കിയത്. സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളി വേണു ഗോപാലകൃഷ്‌ണൻ എന്ന വ്യക്തി ഇഷ്‌ട നമ്പരിനായി ലക്ഷങ്ങൾ മുടക്കിയത് വലിയ വാർത്തയായിരുന്നു. തൻ്റെ ഗാരേജിലേക്ക് പുതിയ പുതിയ മോഡലുകൾ എത്തിച്ച് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം.
കേരളത്തിൽ ഒരു ഫാൻസി നമ്പറിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് ഇതാദ്യമാണ്. സംസ്ഥാനത്ത് ഇതുവരെ ഒരു ഫാൻസി നമ്പറിന് ലഭിച്ചതിൽ വച്ച് ഏറ്റവും ഉയർന്ന തുകയാണെന്നത് പിന്നെ പറയേണ്ടതില്ലല്ലോ. 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്പറിനെ മറികടന്നാണ് കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL 07 DG 0007 സ്വന്തമാക്കിയിരിക്കുന്നത്.
ഫാൻസി നമ്പർ വാങ്ങിയ ലംബോർഗിനി ഉറൂസിനും ഏറെ പ്രത്യേകതയുള്ളതാണ്. കേരളത്തിലെ ആദ്യത്തെ ഉറൂസ് പെർഫോമാന്റെ മോഡലാണിതെന്നാണ് റിപ്പോർട്ടുകൾ. 2022-ലാണ് ഇന്ത്യയിൽ ഈ ആഡംബര എസ്‌യുവി ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. പഴയ പതിപ്പിനേക്കാൾ അല്പം കൂടുതൽ പവർ ഉത്പാദിപ്പിക്കുന്ന ഉറൂസിന്റെ പുതുക്കിയ പതിപ്പാണിത്. പഴയ പതിപ്പിലെ എയർ സസ്‌പെൻഷന് പകരമായി ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണമാണ് പെർഫോമന്റെയിലുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








