മിസ്ത്രി: ആ 100 കിലോമീറ്ററിനുള്ളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 60-ലധികം ജീവനുകള്‍
ഇന്ത്യയില്‍ ഓരോ ദിവസവും നിരവധി പേര്‍ക്കാണ് നിരത്തുകളില്‍ ജീവന്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ അടുത്ത കാലത്ത് രാജ്യത്തെ ഞെട്ടിച്ച ഒരു വാഹനാപകട മരണമായിരുന്നു ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടേത്. മെര്‍സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‌യുവിയില്‍ സഞ്ചരിക്കുകയായിരുന്ന മിസ്ത്രി സെപ്റ്റംബര്‍ നാലിന് മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്.

അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികള്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മിസ്ത്രി മരിക്കാനിടയാക്കിയ അപകടം നടന്നത് അഹമ്മദാബാദ് മുംബൈ ദേശീയപാതയിലായിരുന്നു. സംഭവ സ്ഥലം ഉള്‍ക്കൊള്ളുന്ന 100 കിലോമീറ്റര്‍ ദൂരത്തില്‍ ഈ വര്‍ഷം നിരവധിയാളുകള്‍ വാഹനാപകടത്തില്‍ മരിച്ചതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം ഇതുവരെ കുറഞ്ഞത് 62 പേരെങ്കിലും ഈ പ്രദേശത്ത് അപകടങ്ങളില്‍ മരിച്ചു.

മുംബൈ അഹ്‌മദാബാദ് ഹൈവേയില്‍ താനെയിലെ ഗോദ്ബുന്ദറിനും പാല്‍ഘര്‍ ജില്ലയിലെ ദപാചാരിക്കും ഇടയില്‍ ഈ വര്‍ഷം ഇതുവരെ 262 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 623 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ 192 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇവിടെ മിക്ക അപകടങ്ങള്‍ക്ക് പിന്നിലും അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ്. ഇതോടൊപ്പം അറ്റകുറ്റപ്പണികള്‍ നടത്താത്ത റോഡ്, ട്രാഫിക് മുന്നറിയിപ്പുകളുടെ അഭാവം, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ നടപടികളില്ലാത്തത് എന്നിവയും അപകടങ്ങള്‍ക്ക് കാരണമാവുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മിസ്ത്രി മരിക്കാനിടയായ അപകടം നടന്ന പാലത്തിന്റെ രൂപകല്‍പ്പനയിലെ അപാകതകളും ദുരന്തത്തിന്റെ ഒരു കാരണമായതായി നേരത്തെ കണ്ടെത്തിയത്. പൊലീസും ഗതാഗാത വകുപ്പും നിയോഗിച്ച ഫോറന്‍സിക് സംഘവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പാലത്തിന്റെ പാരപെറ്റ് മതില്‍ ഷോള്‍ഡര്‍ ലെയിനിലേക്ക് നീണ്ടുകിടക്കുകയായിരുന്നു. അപകടം നടന്ന ചരോട്ടിക്കടുത്തുള്ള പ്രദേശം ഒരു ബ്ലാക്ക്സ്പോട്ടാണെന്നും ഈ വര്‍ഷം മാത്രം 25 പ്രധാന അപകടങ്ങളിലായി 26 മരണങ്ങള്‍ സംഭവിച്ചതായി മഹാരാഷ്ട്ര ഹൈവേ പൊലീസ് പിടിഐയോട് പറഞ്ഞു.

ചാരോട്ടിക്ക് സമീപം മൂന്ന് വരി ഹൈവേയാണ്. മുംബൈയിലേക്കുള്ള പാതയില്‍ സൂര്യ നദിക്ക് കുറുകെയുള്ള പാലത്തില്‍ എത്തുന്നതിന് മുമ്പ് ഇവിടെ ഒരു വളവുണ്ട്. പാലത്തില്‍ കയറുന്നതിന് മുമ്പ് മൂന്നുവരി ഹൈവേ രണ്ട് വരി പാതയായി മാറുന്നുണ്ട്. വേഗനിയന്ത്രണ നടപടികളുടെയും ട്രാഫിക് മുന്നറിയിപ്പുകളുടെയും അഭാവം ഈ പാതയിലെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കുന്നു. റോഡ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) കീഴിലാണ് വരുന്നതെങ്കിലും അറ്റകുറ്റപ്പണികളും ടോള്‍ പിരിവും സ്വകാര്യ സ്ഥാപനമാണ് നടത്തുന്നത്.

സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളും മെര്‍സിഡീസ് ബെന്‍സിന്റെ പിന്‍സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതാണ് ജീവന്‍ നഷ്ടപ്പെടാനുള്ള കാരണമായി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന അനഹിത പണ്ടോളും ഡാരിയസ് പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അനാഹിതയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് സൂചന.

സംഭവത്തിന് പിന്നാലെ വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചിരുന്നു. സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താനുള്ള നിയമം ഇതോടെ അധികാരികള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങി.

ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ഇത് നടപ്പിലാക്കുകയും പിന്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ചുമത്തുകയും ചെയ്തു. പിന്‍ യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ നോട്ടിഫിക്കേഷന്‍ ശബ്ദം ഉടന്‍ തന്നെ രാജ്യത്തെ എല്ലാ കാറുകളിലും ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാറുമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

മിസ്ത്രിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്. സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് നിയമം ഉണ്ടെങ്കിലും പൊലീസുകാരും നിയമലംഘകര്‍ക്ക് പിഴ വിധിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 പേരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. 1000 രൂപയാണ് പിഴ.

അതുപോലെ തന്നെ സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകളുടെ വില്‍പനയും കേന്ദ്രം നിര്‍ത്തിച്ചു. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് ഭീമന്‍മാര്‍ ഇത്തരം ഡമ്മി ക്ലിപ്പുകളുടെ വില്‍പ്പന നിര്‍ത്തി. ഇതോടൊപ്പം തന്നെ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി 6 എയര്‍ബാഗുകള്‍ കാറുകളോടൊപ്പം സ്റ്റാന്‍ഡേര്‍ഡായി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് ബജറ്റ് കാറുകളുടെ വിലവര്‍ധനവിന് കാരണമാകുമെന്നും ആളുകള്‍ വീണ്ടും ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ പോകുമെന്നുമാണ് നിര്‍മാതാക്കളുടെ പക്ഷം. എന്നാല്‍ എയര്‍ബാഗുകളുടെ എണ്ണം കൂട്ടിയാല്‍ നിര്‍മാതാക്കള്‍ പറയുന്ന വലിയ വിലയക്കയറ്റം ഉണ്ടാകില്ലെന്നും സുരക്ഷയുടെ പ്രാധാന്യം പൊതുജനം മനസ്സിലാക്കുമെന്നുമായിരുന്നു ഗഡ്കരിയുടെ നിലപാട്. എയര്‍ബാഗ് സ്റ്റാന്‍ഡേഡായി നല്‍കുന്നതിന് നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം 1,55,622 പേരാണ് ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങളില്‍ മരിച്ചത്. 2014 മുതല്‍ റോഡപകട മരണങ്ങള്‍ വര്‍ധിക്കുകയാണ്. മരിച്ചവരില്‍ 69,240 പേര്‍ ഇരുചക്ര വാഹന യാത്രക്കാരാണ്. ഇന്ത്യയില്‍ പ്രതിദിനം ഏകദേശം 426 പേര്‍ക്കാണ് റോഡില്‍ ജീവന്‍ നഷ്ടമാകുന്നത്.


Click it and Unblock the Notifications








