പ്രായം 100 പിന്നിടുമ്പോഴും മിഖായേല്‍ ഡ്രൈവിങ് തുടരുന്നു
ചാള്‍സ് മിഖായേല്‍ ഡിസൂസയ്ക്ക് ഇന്ന് നൂറു വയസ്സു തികയുകയാണ്. ഡിസൂസ പാര്‍ക്കുന്ന മംഗലാപുരം നഗരത്തിലുള്ളവര്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായി ഒരു ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകാലം ജീവിച്ചു എന്നതല്ല ഡിസൂസയെ ആദരണീയനാക്കുന്നത്. ഈ പ്രായത്തിലും അദ്ദേഹം അധ്വാനിച്ചു ജീവിക്കുന്നു എന്നതാണ്!
രാവിലെ നാലുമണിക്ക് ഉണരുന്ന ഡിസൂസ എല്ലാ വീട്ടുജോലികളും ഒറ്റയ്ക്ക് നിര്‍വഹിക്കും. ഭക്ഷണം പാകം ചെയ്യല്‍, അലക്കല്‍ തുടങ്ങിയ ജോലികളെല്ലാം തീര്‍ത്തതിനു ശേഷമാണ് ഇപ്പോഴത്തെ തൊഴിലായ ഡ്രൈവിങ്ങിന് ഇറങ്ങുക. മംഗലാപുരത്തെ രണ്ട് ബാങ്കുദ്യോഗസ്ഥരുടെ ഡ്രൈവറായി പ്രവര്‍ത്തിക്കുന്നു ഡിസൂസ. ഒരുപക്ഷേ, തന്റെ നൂറാമത്തെ വയസ്സിലും വളയം പിടിച്ച് ജീവിക്കാനുള്ള വക കണ്ടെത്തുന്ന ഏക ഡ്രൈവറായിരിക്കും ഇദ്ദേഹം.

1914ലെ ഒക്ടോബര്‍ 16നാണ് ചാള്‍സ് മിഖായേല്‍ ഡിസൂസ ജനിച്ചത്. തമിഴ്‌നാട്ടിലെ ഊട്ടിയില്‍. ചാള്‍സ് - മേരി ദമ്പതിമാരുടെ പന്ത്രണ്ടു മക്കളില്‍ പത്താമനായി ഡിസൂസ ജനിച്ചു. ഊട്ടിയിലെ സെന്റ് മേരീസ് ചര്‍ച്ച് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റ് ഡിസൂസയുടെ പക്കലുണ്ട്. പ്രായം തെളിയിക്കാന്‍ ഇദ്ദേഹം സൂക്ഷിച്ചുവെച്ചിട്ടുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് നിരവധി രേഖകളും വേറെയുമുണ്ട്.
ഒന്നാ ലോകയുദ്ധകാലത്ത് ജനിച്ച ഡിസൂസ രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടിഷ് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് സേവനമനുഷ്ഠിച്ചു. 1932ല്‍ തന്റെ 18ാം വയസ്സില്‍ തുടങ്ങിയ പട്ടാളസേവനം 1942വരെ തുടര്‍ന്നു. ആന്ധ്ര പ്രദേശ്, ആസ്സാം, കശ്മീര്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചു.
പിന്നീട് മദ്രാസ് സംസ്ഥാനത്തിനു കീഴില്‍ കുറെക്കാലം ഡ്രൈവറായി ജോലിയെടുത്തു. 1982ല്‍ കര്‍ണാടക സംസ്ഥാനത്തിന്റെ പൊതുമരാുത്ത് വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്തു. റിട്ടയര്‍മെന്റിനു ശേഷം മംഗലാപുരത്ത് പ്രൈവറ്റ് ഡ്രൈവറായി ജോലിയെടുത്തു തുടങ്ങിയതാണ്. അത് ഇപ്പോഴും തുടരുന്നു.
തന്റെ പ്രപിതാമഹര്‍ ഗ്രീസില്‍ നിന്നും ഇന്ത്യയിലെത്തിയതാണെന്ന് ഡിസൂസ പറയുന്നു. ഭാര്യ എലിസാ ഡിസൂസ രണ്ടുവര്‍ഷം മുമ്പ് മരിച്ചു. ഇവര്‍ക്ക് കുട്ടികളില്ല.


Click it and Unblock the Notifications








