105 വയസ്സുള്ള അമ്മൂമ്മയ്ക്ക് കാര്‍ സമ്മാനം
ഈ 105ാം വയസ്സിലും നിങ്ങള്‍ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത് എന്ന് ചോദിക്കുന്നവരെ വാര്‍ദ്ധക്യം ബാധിച്ചവരെന്ന് വിളിക്കും എഡിത് കിച്മീയര്‍. 86 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയമുള്ള എഡിത് അമ്മൂമ്മ ഈയിടെ തന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒട്ടും പ്രയാസപ്പെടാതെ പുതുക്കുകയും ചെയ്തു. അത്ര പെട്ടെന്നൊന്നും യാത്ര അവസാനിപ്പിക്കാന്‍ അമ്മൂമ്മ തയ്യാറല്ല!
പലരും പല വിധത്തിലാണ് എഡിത് കിച്മീയറിനെ അറിയുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ എഡിത്തിനെ ഏറ്റവും പ്രായമേറിയ ഫേസ്ബുക്ക് ഉപയോക്താവ് എന്നു വിളിക്കുന്നു. കാലിഫോര്‍ണിയക്കാര്‍ ഇവരെ സംസ്ഥാനത്തെ ഏറ്റവും പ്രായമേറിയ ഡ്രൈവര്‍ എന്നാണ് മനസ്സിലാക്കുന്നത്.

ഇപ്പോള്‍ എഡിത്തിനെ വാര്‍ത്തകളിലെത്തിച്ചത് മറ്റൊരു കാര്യമാണ്. അജ്ഞാതനായ ഒരു ആരാധകന്‍ അവര്‍ക്ക് ഒരു ഹോണ്ട സിവിക് കാര്‍ സമ്മാനിച്ചു. ഈ കാര്‍ 2013 മോഡല്‍ ആണെന്നു കൂടി അറിയുക.
ഫോര്‍ഡ് മോഡല്‍ ടി കാറിലാണ് എഡിത് ഡ്രൈവിംഗ് അഭ്യസിച്ചത്. അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള കാര്‍ മോഡലാണ് മോഡല്‍ ടി. ഈ കാര്‍ ഇറങ്ങിയ കാലത്ത് കണ്ടിട്ടുള്ളവര്‍ തന്നെ കുറയും. അതില്‍ ഡ്രൈവിംഗ് പഠിച്ചയാളുകള്‍ ഒരുപക്ഷെ ഇന്നുണ്ടാകുമോ എന്ന കാര്യം സന്ദേഹിക്കണം.
കഴിഞ്ഞ 40 വര്‍ഷമായി ഒരു സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചുവരികയാണ് എഡിത്. സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവര്‍ക്ക് വൈദ്യസഹായമെത്തിക്കുന്ന പ്രവര്‍ത്തനമാണ് സംഘടന നടത്തുന്നത്. തനിക്ക് സമ്മാനിക്കപ്പെട്ട കാറിലാണ് എഡിത് അമ്മൂമ്മ ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര ചെയ്യുന്നത്.


Click it and Unblock the Notifications








