മൂന്ന് വർഷത്തിനിടെ 13 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ, മൈസൂർ ഹൈവേയിൽ നിന്ന് കിട്ടാനുളളത് 90 കോടി രൂപ
റോഡുകളാണ് ഒരു സംസ്ഥാനത്തിൻ്റെ അല്ലെങ്കിൽ ഒരു പ്രദേശത്തിൻ്റെ വികസനത്തിൽ വലിയ പങ്കു വഹിക്കുന്നത് എന്നാണല്ലോ വയ്പ്പ്. എന്നാൽ ഇപ്പോൾ സർക്കാരിന് വരുമാനം കിട്ടുന്നതിലാണ് വലിയ പങ്കു വഹിക്കുന്നു എന്നതാണ് തമാശ. പറഞ്ഞു വരുന്നത് റോഡുകളിലെ ട്രാഫിക് നിയമലംഘനത്തിലൂടെ ലഭിക്കുന്ന പിഴയുടെ കാര്യമാണ് ഉദ്ദേശിച്ചത്. എല്ലാവർക്കും പ്രിയപ്പെട്ട റോഡാണ് മൈസൂരു-ബെംഗളൂരു ദേശീയ പാത. എന്നാൽ മൂന്നുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 13 ലക്ഷം ഗതാഗതനിയമലംഘന കേസുകളാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇതുവരെ ചുമത്തിയത് 90 കോടി പിഴയാണ്. എന്നാല്‍, സർക്കാർ ഇതില്‍ നിന്ന് നാല് കോടി രൂപ മാത്രമാണ് ഈടാക്കിയിരിക്കുന്നത്. 13 ലക്ഷം കേസുകളില്‍ തീര്‍പ്പാക്കിയിരിക്കുന്നതോ വെറും 74,000 എണ്ണവും. നിയമസഭയില്‍ കര്‍ണാടക ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകളാണിത് എന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എ.ടി.എം.എസ്.) നടപ്പാക്കിയതിനെത്തുടര്‍ന്ന് അപകടമരണങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.

119 കിലോമീറ്ററുള്ള 10 വരി ബംഗളൂരു -മൈസൂരു അതിവേഗപാതയില്‍ സ്ഥാപിച്ച എ.ടി.എം.എസ്. ക്യാമറകളിലെയും അതിനുമുന്‍പുള്ള ദൃശ്യങ്ങളും വെച്ചാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്നാണ് നിയമസഭയിൽ പുറത്ത് വിട്ട് റിപ്പോർട്ടിൽ പറയുന്നത്. എറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച കേസുകളാണ്. ഏഴ് ലക്ഷം കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് ലക്ഷം കേസുകളോളം അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനാണെങ്കിൽ, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ എണ്ണം 23,000 പേരാണ്. 2024-ല്‍ ആകെ 4.1 ലക്ഷം കേസുകളിലായി 24 കോടി പിഴ ചുമത്തിയിരുന്നതാണ്. ഇതില്‍ 15,000 കേസുകള്‍ മാത്രമാണ് തീര്‍പ്പാക്കിയിരിക്കുന്നത്. ഉത്തര കേരളത്തിലുള്ളവര്‍ അധികവും ബെംഗളൂരുവിലെത്താന്‍ കൂടുതലായും ആശ്രയിക്കുന്ന റൂട്ടാണിത്.

10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ലെയ്ന്‍ തെറ്റിച്ച് മറികടക്കാന്‍ ശ്രമിക്കുന്നത് അപകടം പെരുകാനുള്ള കാരണങ്ങളിലൊന്നാണ്.
വളവുകളില്‍ വേണ്ടത്ര അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. അത് കൊണ്ട് തന്നെ ഒരുപാട് ഗതാഗത നിയമലംഘനങ്ങൾ നടക്കുന്നുണ്ട്. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത് റോഡ് എഞ്ചിനിയറിങ്ങിൽ വരുന്ന പാകപിഴകളാണ്. ചിലവ് ലാഭിക്കാനായി ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യുന്നതാണ് ഏറ്റവും വലിയ പിഴവായി കാണേണ്ടത്. ഫ്ല്ളൈ ഓവറുകളും അണ്ടർപാസുകളും ഒഴിവാക്കുന്നത് റോഡ് അപകടങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു എന്നതാണ് സത്യം.

ഇതിനൊരു പരിഹാരം എന്ന നിലയിൽ പറയാൻ സാധിക്കുന്നത്, റോഡിൻ്റെ ഇൻഫ്രാസ്ട്രക്ച്ചർ, ഒരു അപകട സമയത്ത് എങ്ങനെ പ്രതികരിക്കണം, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും, റോഡിലൂടെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുളള അവബോധവും, ട്രാഫിക് നിയമങ്ങളും പാലിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് സർക്കാർ മാത്രം വിചാരിച്ചാൽ അപകടം കുറയില്ല, അതിന് ജനങ്ങൾ കൂടെ മനസ് വെച്ചാലേ നടക്കൂ.
അമിതവേഗവും, അശ്രദ്ധയോടെ ഉളള ഡ്രൈവിങ്ങുമാണ് ഏറ്റവും വലിയ പ്രശ്നം. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








