15,000 -ത്തോളം വാഹനങ്ങൾ കട്ടപ്പുറത്ത്, ആപ്പിലായി സർക്കാർ ആപ്പീസുകൾ; പൊളിക്കൽ നയം ഒരു ഏടാകൂടം
കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പേജ് പോളിസി അഥവാ പൊളിക്കൽ നയം സംസ്ഥാന സർക്കാരിന് വൻ തലവേദനയാണ് സൃഷ്ടിച്ചു കോണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. സംസ്ഥാന സര്‍ക്കാരിന്റ വിവിധ വകുപ്പുകളിലായി ഫിറ്റ്നെസ് കാലാവധി കഴിഞ്ഞ് റോഡിൽ ഇറക്കാനാവാതെ 15,000 വാഹനങ്ങളാണ് കട്ടപ്പുറത്തായിരിക്കുന്നത്. 15 വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദായവയാണ് ഇവ, പുത്തൻ നയപ്രകാരം ഇവയ്ക്ക് ഇനി ഒരു സർവ്വീസ് ഇല്ല. ഇതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കും കൃത്യനിർവവ്ഹണത്തിനുമായി തദ്ദേശ സ്ഥാപനങ്ങളിലടക്കം വാഹനങ്ങൾ ഇല്ലാത്ത സ്ഥിതിയിലാണ്. പലയടത്തും ഇതിനാൽ സ്ഥിതിഗതികൾ വളരെ മോശപ്പെട്ട അവസ്ഥയിലാണ്.
ഓരോ വകുപ്പിലും കാലാവധി കഴിഞ്ഞ് ഉപോഗശൂന്യമായി കിടക്കുന്ന എത്ര വാഹനങ്ങൾ ഉണ്ടെന്ന് അറിയാന്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദ്ധമായ പഠനം ആംഭിച്ചിട്ടുണ്ട്. കട്ടപ്പുറത്ത് കെട്ടി കിടക്കുന്ന വാഹനങ്ങളുടെ വില നിശ്ചയിക്കാന്‍ കൂടിയാണ് ഈ കണക്കെടുപ്പ് എന്നതും ശ്രദ്ധേയമാണ്. മുമ്പ് ഈ വില നിശ്ചയിക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ക്കായിരുന്നു നൽകിയിരുന്നത്.

എന്നാൽ ഇതിനായി പോയി കണക്ക് എടുക്കാൻ വകുപ്പുകളില്‍ വാഹനം ഇല്ലാത്ത പ്രതിസന്ധിയാണുള്ളത്, അതിനാൽ കണക്കെടുപ്പ് അല്പം വേഗത്തിൽ ആക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിനെ ഇപ്പോൾ ഇക്കാര്യം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (AMVI) -മാരെയാണ് ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്.
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാന്‍ സ്ക്രാപ്പിംഗ് കേന്ദ്രം ഒരുക്കാനുള്ള ദര്‍ഘാസ് നടപടികളും ഉടന്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയപ്രകാരമാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ പ്രവർത്തന കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. 15 വര്‍ഷം കഴിഞ്ഞാല്‍ വാഹനങ്ങളുടെ RC റദ്ദായതായാണ് പരിവാഹന്‍ സൈറ്റിൽ കാണുക. ഈ തീരുമാനതോടെയാണ് 2009 -ന് മുമ്പ് വാങ്ങിയ വാഹനങ്ങള്‍ ഒന്നും തന്നെ റോഡിൽ ഇറക്കാനാകാത്ത സ്ഥിതിയുണ്ടായത്.

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലുമാണ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കൂടുതലായിട്ടുള്ളത്. കെഎസ്ആര്‍ടിസി ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവയില്‍ തകരാര്‍ ഇല്ലാത്തവ മതിയായ മെയിന്റനൻസും സർവ്വീസും ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ അനുവാദം അധികൃതർ തേടി.
എങ്കിലും നിയമോപദേശം സ്വീകരിച്ച സര്‍ക്കാര്‍ ഇതിനുള്ള അനുമതി നിഷേധിച്ചു. പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരമായി 100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പഴയ വാഹനങ്ങള്‍ ഒഴിവാക്കി തുടങ്ങിയപ്പോള്‍ ആദ്യ ഗഡുവായി 50 കോടി രൂപ കേന്ദ്രം കേരളത്തിന് കൈമാറിയിരുന്നു. ഇനി പൊളിക്കല്‍ നയം പൂര്‍ണമായും നടപ്പാക്കിയാല്‍ മാത്രമേ ശേഷിക്കുന്ന തുക കിട്ടുകയുള്ളൂ എന്നത് ശ്രദ്ധിക്കണം.

ഇക്കാര്യത്തിൽ വേണമെങ്കിൽ മറ്റൊരു ട്വിസ്റ്റ് നടപ്പിലാക്കാവുന്നതാണ്, അത് എന്തെന്നാൽ, സര്‍ക്കാര്‍ വാഹനങ്ങള്‍ കാലാവധി തീരും മുമ്പ് ലേലം ചെയ്ത് നല്‍കിയാല്‍ ലേലത്തിൽ എടുക്കുന്നവര്‍ക്ക് 15 വര്‍ഷം കഴിഞ്ഞാലും റീടെസ്റ്റ് നടത്തി അവയുടെ രജിസ്‌ട്രേഷന്‍ പുതുക്കി വീണ്ടും ഉപയോഗിക്കാനാകും. പ്രൈവറ്റ് പാർട്ടികൾക്ക് ഇത് സാധ്യമാണ്.
എന്നാൽ സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം എടുത്താലേ ഇത്തരത്തിൽ ഒരു നടപടി സാധ്യമാകൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ സ്ക്രാപ്പേജ് പോളിസി പ്രകാരം ഇരുമ്പുവില മാത്രമാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളില്‍ നിന്ന് സര്‍ക്കാരിന് ആകെ ലഭിക്കുന്നത്.
എന്നാല്‍, RC കാലവധി തീരും മുമ്പ് ലേലം ചെയ്താല്‍ വാഹനങ്ങളുടെ ഇനത്തിലുണ്ടാകുന്ന വമ്പന്‍ നഷ്ടം ഒഴിവാക്കാനാകും എന്നും അധികൃതര്‍ വ്യക്തമായി പറയുന്നു. സംഭവം കൊള്ളാം എന്ന് നമുക്ക് ഏവർക്കും തോന്നാം, ഇത് പലപ്പോഴും ചര്‍ച്ചയായി ഉയര്‍ന്നു വന്നിട്ടുമിണ്ട്, എങ്കിലും മലിനീകരണം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് ഈ വിഷയത്തിൽ നടപടികൾ ഉണ്ടാവാത്തത്.


Click it and Unblock the Notifications








