20 വര്‍ഷം പഴക്കമുള്ള കാറാണെന്ന് ഉടമയ്ക്ക് പോലും വിശ്വസിക്കാനാവില്ല... മാരുതി കണ്ടാല്‍ ഫ്രെയിം ചെയ്ത് വെക്കും
ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല വാഹനങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന അല്ലെങ്കില്‍ അത്രത്തോളം പ്രാധാന്യത്തില്‍ അവതരിപ്പിച്ച ഒരുപിടി സിനിമകള്‍ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാല്‍ 1997-ല്‍ പുറത്തിറങ്ങിയ 'ദി കാര്‍'. ഒരേ പോലുള്ള രണ്ട് കാറുകളെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഈ രാജസേനന്‍ ചിത്രം പറഞ്ഞത്. ഈ സിനിമയില്‍ നായകന്‍ ജയറാമിന്റെ കാര്‍ ഒരു ചുവന്ന നിറത്തിലുള്ള മാരുതി എസ്റ്റീം ആയിരുന്നു. ജെന്‍ Z കിഡ്സിന് ഈ കാര്‍ അത്ര പരിചയമുണ്ടാകില്ലെങ്കിലും മില്ലെനിയല്‍സിന് ഇത് ഒരു നൊസ്റ്റാള്‍ജിയയാണ്.
പഴയതാണെങ്കിലും ഈ ഒരു കാര്‍ വാങ്ങി റീസ്റ്റോര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഒത്തിരി പേരുണ്ട്. അത്തരക്കാരെ കൊതിപ്പിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. കാര്‍ നിര്‍മ്മാണത്തില്‍ അല്‍പ്പം പയറ്റി തെളിഞ്ഞ ശേഷം 1990-കളില്‍ മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത ഒരു കാറാണ് എസ്റ്റീം. 1298 സിസി ഓള്‍ അലൂമിനിയം എഞ്ചിനും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വന്ന കാര്‍ അതിവേഗം ജനപ്രിയമായി.

കോര്‍പറേറ്റ് ലോകത്തെ സീനിയര്‍ ഓഫീഷ്യലുകളുടെ പ്രിയപ്പെട്ട കാറായി എസ്റ്റീം മാറി. മാരുതിയുടെ വിശ്വാസ്യതയ്ക്കൊപ്പം ശാന്തമായ ഇന്റീരിയറും സുഗമമായ എഞ്ചിനും കാരണം ഒരു കാലത്ത് എല്ലാവരും എസ്റ്റീമിനെ ഇഷ്ടപ്പെട്ടിരുന്നു.2000-ങ്ങളുടെ തുടക്കത്തില്‍ ഹ്യുണ്ടായി ആക്സന്റ്, ഫോര്‍ഡ് ഐക്കണ്‍, ഒപ്പല്‍ കോര്‍സ എന്നിവയുമായായിരുന്നു എസ്റ്റീം പോരാടിയത്. ഒരു ഘട്ടത്തില്‍ സമ്പന്നര്‍ക്ക് മാത്രം വാങ്ങാന്‍ സാധിച്ചിരുന്ന എസ്റ്റീം ഇന്ന് നിങ്ങള്‍ക്ക് ഒരു ഐഫോണ്‍ വാങ്ങുന്ന പൈസക്ക് കിട്ടും.
നല്ല കണ്ടീഷനിലുള്ള എംപിഎഫ്ഐ കാര്‍ ചിലുപ്പാള്‍ 1 ലക്ഷം രൂപയ്ക്ക് വരെ സ്വന്തമാക്കാം. ഭാരം കുറഞ്ഞ ഷെല്ലില്‍ 84 bhp കരുത്തുള്ള എസ്റ്റീം എംപിഎഫ്ഐ ഒരു റോക്കറ്റ് പോലെയായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇത് ഒരു ട്യൂണര്‍ കാറായിരുന്നു.2007-08 കാലഘട്ടത്തില്‍ മാരുതി സുസുക്കി എസ്റ്റീം കാറുകളുടെ ഉത്പാദനം നിര്‍ത്തി. ഇപ്പോള്‍ വളരെ അപൂര്‍വമായി മാത്രമേ ഈ കാര്‍ കാണാറുള്ളൂ.
പഴയ എസ്റ്റീം ഉപയോഗിക്കുന്ന ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉണ്ടാക്കിയ മാരുതി പോലും അതിശയിക്കുന്ന തരത്തില്‍ 20 വര്‍ഷം പഴക്കമുള്ള എസ്റ്റീം പുതുക്കിപ്പണിത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2005 മോഡല്‍ എസ്റ്റീം ഷോറൂം കണ്ടീഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഫിലിംഷോപ്പി കാര്‍ ഫെയ്സ്ലിഫ്റ്റ് സ്റ്റുഡിയോ എസ്റ്റീം റീസ്റ്റോറേഷന്‍ പ്രക്രിയ മുഴുവനായി അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.
കാറിന്റെ അകത്തും പുറത്തുമുള്ള മുഴുവന്‍ ഭാഗങ്ങളും നീക്കം ചെയ്ത ശേഷം ബോഡി പെയിന്റ് ചെയ്യുന്നതായിരുന്നു ആദ്യ ഘട്ടം. കാറിന്റെ പല ഭാഗങ്ങളും തുരുമ്പെടുക്കുകയും ബോഡിയില്‍ ചളുക്കുകളും ഉള്ളതിനാല്‍ ഇത് മുഴുവനായി പൊളിക്കുകയായിരുന്നു. തുരുമ്പുകളും ഡെന്റും ഒഴിവാക്കി ബോഡി ക്ലീന്‍ ആക്കിയ ശേഷം കാര്‍ മുഴുവന്‍ പെയിന്റ് ചെയ്തു. പ്രൈമര്‍, ആന്റി-റസ്റ്റ് കെമിക്കലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ലെയറുകളായാണ് പെയിന്റ് അടിച്ചത്. ബിഎംഡബ്ല്യു കാറുകളില്‍ വരുന്ന ഡ്രാവിറ്റ് ഗ്രേ കളറിലാണ് ഫിനിഷ് ചെയ്തത്.

ഈ എസ്റ്റീമിന്റെ അലോയ് വീലുകളും മാറ്റിയിട്ടുണ്ട്. എക്സ്റ്റീരിയര്‍ പോലെ തന്നെ കാറിന്റെ ഇന്റീരിയറും പുതുക്കിപ്പണിതു. ഗ്രേ നിറത്തിലുള്ള എക്സ്റ്റീരിയറിന് അനുയോജ്യമായ രീതിയില്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീമിലാണ് ക്യാബിന്‍ അലങ്കരിച്ചത്. സീറ്റുകളും ഡാഷ്‌ബോര്‍ഡും എല്ലാം ഈ നിറങ്ങളിലാണ്. ഇത് അകത്തളത്തിന് പ്രീമിയം ഫീല്‍ നല്‍കുന്നു. ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ നിറങ്ങളോട് ഇണങ്ങുന്ന ഹാന്‍ഡ് സ്റ്റിച്ച്ഡ് കവര്‍ സ്റ്റിയറിംഗ് വീലില്‍ ഘടിപ്പിച്ചിരിക്കുന്നു.
മികച്ച ശബ്ദ സംവിധാനത്തിനായി ആല്‍പൈന്‍ & പയനിയര്‍ സ്പീക്കറുകളുള്ള ഒരു പുതിയ സോണി ഓഡിയോ സിസ്റ്റം നല്‍കിയിട്ടുണ്ട്. റീസ്റ്റോറേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ശേഷം ചെറിയ കേക്ക്മുറി പരിപാടികള്‍ സംഘടിപ്പിച്ചാണ് ഉടമക്ക് താക്കോല്‍ കൈമാറിയത്. ആളെ കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തില്‍ രൂപമാറ്റം സംഭവിച്ച കാറിന്റെ റീസ്റ്റോറേഷന്‍ വര്‍ക്കില്‍ ഉടമ പൂര്‍ണ സംതൃപ്തനാണെന്ന് വീഡിയോയുടെ അവസാനത്തിലുള്ള പ്രതികരണത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

കാര്‍ ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ എത്ര രൂപ ചെലവായെന്ന് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. ഇത്രയും പണം മുടക്കി 20 വര്‍ഷം പഴക്കമുള്ള കാര്‍ പണിയുന്നതിന് പകരം ഒരു പുതിയ കാര്‍ വാങ്ങാമായിരുന്നില്ലേ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഈ എസ്റ്റീം കാറുമായി അതിന്റെ ഉടമയുടെ ബന്ധം ചിലപ്പോള്‍ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. ഒരു വാഹനപ്രേമി എന്ന രീതിയില്‍ ഇത് കാണുമ്പോള്‍ സന്തോഷിക്കാനേ പറ്റൂ.
ഇന്ത്യയില്‍ കാര്‍ മോഡിഫിക്കേഷനുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നിരുന്നാലും കാറിന്റെ മൊത്തം ഘടന മാറ്റാത്ത രീതിയില്‍ നിറം മാറ്റുന്നതിനും മറ്റും വലിയ പ്രശ്നങ്ങളില്ല. കാറിന്റെ നിറം മാറ്റുന്നതിന് പക്ഷേ ആര്‍ടിഒയില്‍ നിന്ന് അനുമതി വാങ്ങിക്കേണ്ടതുണ്ട്. അല്ലാതെ ആര്‍സി ബുക്കില്‍ ഒരു നിറവും കാറിന് മറ്റൊരു നിറവുമാണെങ്കില്‍ അധികാരികള്‍ ഉറപ്പായും പിഴ ചുമത്തും. അതുകൊണ്ട് വാഹനങ്ങള്‍ റീസ്‌റ്റോര്‍ ചെയ്യുമ്പോഴും നിയമം അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








