പെലകാലെ വെള്ളം! മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർക്ക് 1000 തവണ ഇംപൊസിഷൻ; പൊലീസ് നടപടികൾ ഇങ്ങനെ
പെലകാലെ വെള്ളം! നീയോക്കെ സംസ്ഥാനത്തെ ബീവറേജസ് കോർപ്പറേഷന് ഒരു മുതക്കൂട്ടാണല്ലോടാ? എന്ന് സർബത്ത് ഷമീർ സിനിമയിൽ ചോദിക്കുന്ന ആ ഒരു രംഗം കണ്ട് ആസ്വദിച്ചിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ യാഥാർഥ്യത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായാൽ എന്താവും നമ്മുടെ പ്രതികരണം, അതും സ്വകാര്യ വാഹനങ്ങൾ അല്ലാതെ യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന ബസ് ഡ്രൈവർമാർ രണ്ടെണ്ണം വീശിയിട്ടുണ്ടെങ്കിലോ?
ഈ അടുത്തിടെ നമ്മുടെ നാട്ടിൽ തന്നെ ഇത്തരം ഒരു സംഭവം നടന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയിൽ 26 ബസ് ഡ്രൈവർമാരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്. റൂട്ട് ബസുകളും സ്കൂൾ ബസുകളും ഓടിക്കുന്നതിന്റെ ഇടയിലാണ് ഈ ഡ്രൈവർമാർക്ക് പിടി വീണത്. യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ജീവൻ അപകടത്തിലാക്കിയായിരുന്നു ഇവരുടെ സർവ്വീസ് എന്ന് പറയാതിരിക്കാൻ വയ്യ.

ഇവർക്ക് ഒരു ശിക്ഷയും അതിലുപരി ഒരു പാഠം എന്ന നിലയിൽ 'മദ്യപിച്ച് ഒരിക്കലും വാഹനമോടിക്കില്ലെന്ന്' 1000 തവണ പൊലീസ് ഇവരെ കൊണ്ട് ഇംപൊസിഷൻ എഴുതിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ആകെ മൊത്തം 32 ബസുകൾ അധികൃതർ പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെ തൃപ്പൂണിത്ര ഹിൽ പാലസ് ഇൻസ്‌പെക്ടർ വി ഗോപകുമാർ നടത്തിയ അപ്രതീക്ഷിത ചെക്കിംഗിൽ രണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർമാർ, 10 സ്വകാര്യ ബസ് ഡ്രൈവർമാർ, നാല് സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരെ പിടികൂടി.
ജാമ്യത്തിൽ വിടുന്നതിന് മുമ്പ് 1000 തവണ 'ഞാൻ മദ്യപിച്ച് വാഹനമോടിക്കില്ല' എന്ന് ഇംപൊസിഷൻ എഴുതാൻ ഡ്രൈവർമാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ഡ്രൈവർമാരുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത റൂട്ട് ബസുകളിലെ യാത്രക്കാരെ പൊലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ സ്റ്റാൻഡിൽ എത്തിച്ച് യാത്ര സൗകര്യങ്ങൾ ചെയ്ത് നൽകിയിരുന്നു.
അടുത്തിടെ കൊച്ചിയിൽ സ്വകാര്യബസിന്റെ മരണപ്പാചിലിന് ഇടയിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്തിനെ തുടർന്ന് പൊലീസ് റോഡ് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശപ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി ബസുകളിൽ ചെക്കിംഗ് ആരംഭിച്ചത്. രാവിലെ തന്നെ മദ്യപിച്ചിട്ടാണ് ഡ്രൈവർമാർ ബസുകൾ ഓടിക്കുന്നത് എന്ന വസ്തുത പൊതുജനങ്ങളെ ഞെട്ടിച്ചു. ഇത്തരത്തിലുള്ള ഡ്രൈവർമാരുടെ അപകടകരമായ പെരുമാറ്റത്തിന്റെ തോത് മനസ്സിനെ ആശങ്കപ്പെടുത്തുന്നതാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത്, പ്രത്യേകിച്ച് പൊതുഗതാഗത വാഹനങ്ങളും സ്കൂൾ ബസുകളും പോലെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള അവസാന താക്കീത് എന്ന നിലയിൽ പൊലീസിന്റെ ശക്തമായ സന്ദേശമാണിത്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഡ്രൈവറുടെ ജീവന് മാത്രമല്ല, റോഡിലുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാക്കുന്നു. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കോർപറേഷനു റിപ്പോർട്ട് അയച്ച് യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ പൊലീസ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2018 -ൽ രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ രേഖപ്പെടുത്തിയത് കേരളത്തിലാണ്. അതേ വർഷം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ രേഖപ്പെടുത്തിയതും സംസ്ഥാനത്ത് തന്നെയാണ്.
അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനങ്ങളിലെ ഓവർ ലോഡിംഗ്, മോശമായ അടിസ്ഥാന റോഡ് സൗകര്യങ്ങൾ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തത് എന്നിവയാണ് കേരളത്തിലെ റോഡപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ. മദ്യപിച്ച് വാഹനമോടിക്കുന്നതും ഒരു പ്രധാന പ്രശ്‌നമാണെന്ന് കൊച്ചിയിൽ അടുത്തിടെ നടന്ന ബസ് ഡ്രൈവർമാരുടെ അറസ്റ്റുകൾ വ്യക്തമായി തെളിയിക്കുന്നു.
കേരളത്തിലെ റോഡപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്ക്കുന്നതിന് സർക്കാരും നിയമ നിർവ്വഹണ സംവിധാനങ്ങളും സജീവമായ നടപടികൾ കൈക്കൊള്ളേണ്ടത് വളരെ പ്രധാനമാണ്. റോഡ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തൽ, ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കൽ, അശ്രദ്ധമായി വാഹനമോടിക്കുന്നതിന്റെയും മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








