തലമുറകളുടെ കഥ പറയാനുണ്ട്, 10 അല്ല 100 വർഷത്തിന്റെ; ഇവ ദശാബ്ദങ്ങൾ പിന്നിട്ട് മോട്ടോർസൈക്കിൾ ബ്രാൻഡുകൾ
നമ്മുടെ ഇന്ത്യയിൽ, തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് എന്ന കമ്പനി ഒരു നൂറ്റാണ്ടിലേറെയായി ഈ ലോകത്ത് പ്രവർത്തിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എങ്ങനെയാണ് ഇത്രയും കാലം അടിപതറാതെ പിടിച്ച് നിന്നത് എന്ന് ചിന്തിച്ചാൽ നമുക്ക് ആശ്ചര്യവും തോന്നും. അക്കാര്യം നമുക്ക് മറ്റൊരു അവസരത്തിൽ നമുക്ക് ചിന്തിക്കാം. ഇപ്പോൾ ഈ കമ്പനിയെപ്പോലെ, ഈ ലോകത്ത് 100 വർഷം പിന്നിട്ട മറ്റ് കുറച്ച് മോട്ടോർസൈക്കിൾ നിർമ്മാതാക്കളുടെ കാര്യം നോക്കിയാലോ?
ഏതൊക്കെയാണ് ഈ കമ്പനികൾ? ഏത് വർഷം മുതലാണ് ഇവർ ഈ ലോകത്ത് പ്രവർത്തനം ആരംഭിച്ചത്? കൂടാതെ അവർ, ആദ്യമായി അവതരിപ്പിച്ച ഉൽപ്പന്നം അല്ലെങ്കിൽ പ്രൊഡക്ട് ഏതാണ്? അത്തരത്തിലുള്ള രസകരമായ വിവരങ്ങളാണ് ഈ ലേഖനത്തിൽ ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ നമുക്ക് നോക്കാം.

ഹാർലി ഡേവിഡ്‌സൺ: ഇതൊരു പ്രമുഖ അമേരിക്കൻ മോട്ടോർസൈക്കിൾ കമ്പനിയാണ്. ഈ കമ്പനി ആദ്യമായി ലോകത്ത് പ്രത്യക്ഷപ്പെട്ടത് 1903 -ലാണ്. രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് ഈ മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനി ആരംഭിച്ചത്. വില്യം എസ് ഹാർലിയും, ആർതർ ഡേവിഡ്‌സണുമാണ് ഈ കമ്പനിയുടെ സ്ഥാപകർ.
ഇവരുടെ പേരുകളാണ് കമ്പനിക്ക് നൽകിയിക്കുന്നത് എന്നും നമുക്ക് കാണാം. ഇന്ന് ആഗോളതലത്തിൽ ബിസിനസ് വിപുലീകരിച്ചിരിക്കുന്ന ഒരു ബ്രാൻഡാണ്. ഇത് ഒരു പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡ് ആയതിനാൽ, അവരുടെ എല്ലാ ഉൽപ്പന്നങ്ങളും അല്പം ചെലവേറിയതാണ്. അതായത് ബജറ്റ് കാറുകളുടെ വിലയ്ക്കാണ് ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് എത്തുന്നത് എന്ന് നിസംശയം പറയാം.

ഈ വർഷം തുടക്കത്തിൽ കമ്പനി തങ്ങളുടെ പ്രവർത്തനത്തിന്റെ 120 വർഷം തികയുന്നു എന്നത് ശ്രദ്ധേയമാണ്. ഒരു 7.07 സിസി എൻജിനാണ് കമ്പനി ആദ്യം നിർമ്മിച്ചത്. എന്നാൽ, ബ്രാൻഡ് വിൽപ്പനയ്ക്ക് കൊണ്ടുവന്നത് 24.74 സിസി ബൈക്കാണ്. മോഡൽ 1 എന്നാണ് ഇതിനെ അവർ വിളിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഹസ്‌ഖ്‌വർണ: ഹാർലി ഡേവിഡ്‌സൺ പെലെ തന്നെ, വർഷങ്ങളായി ആഗോള തലത്തിൽ ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റൊരു കമ്പനിയാണ് ഹസ്‌ഖ്‌വർണ. ആദ്യ കാലങ്ങളിൽ, മസ്‌ക്കറ്റ് ടൈപ്പ് പിസ്റ്റലുകളുടെ നിർമ്മാതാവായാണ് കമ്പനി ആരംഭിച്ചത്. ഇതിന് ശേഷമാണ് കമ്പനി ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിലേക്കും മറ്റും സജ്ജീവമായി കടക്കുന്നത്.

1903 മുതൽ ഹസ്‌ഖ്‌വർണ എന്ന ബ്രാൻഡ് ഈ രംഗത്ത് ഉണ്ട്. അതേസമയം, തുടക്കത്തിൽ കമ്പനി തങ്ങളുടെ മോട്ടോർസൈക്കിളുകളിൽ ഇംപോർട്ട് ചെയ്ത എഞ്ചിനുകളാണ് ഉപയോഗിച്ചിരുന്നത്. അതിനുശേഷമാണ് സ്വന്തമായി മോട്ടോറുകൾ നിർമിക്കാൻ ഹസ്‌ഖ്‌വർണ തുടങ്ങിയത്. ഇരുചക്രവാഹന മേഘലയിലേക്ക് ചുവടു വെച്ച് 15 വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ നടപടി എന്നത് ശ്രദ്ധേയമാണ്.
അതായത് 1918 മുതൽ തന്നെ എഞ്ചിനുകൾ നിർമ്മിക്കാൻ കമ്പനി തുടങ്ങി. ഒരു പ്രീമിയം ബൈക്ക് ബ്രാൻഡായും ഹസ്‌ഖ്‌വർണ സ്വയം അവതരിപ്പിക്കുന്നു. ഈ ബ്രാൻഡ് ബൈക്കുകൾക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബജാജാണ് ഇന്ത്യയിൽ ഹസ്‌ഖ്‌വർണയെ എത്തിക്കുന്നത്. എന്നിരുന്നാലും, ഉയർന്ന വില കാരണം, ഈ ബ്രാൻഡിന്റെ മോഡലുകൾ എല്ലാവരുടേയും കൈപ്പിടിയിൽ ഒതുങ്ങുന്നത് അല്ല. ഹാർലിയെ പോലെ കമ്പനി തങ്ങളുടെ പ്രവൃത്തനങ്ങൾ തുടങ്ങിയിട്ട് ഏറെ കുറെ 120 വർഷത്തോളമായി.

ട്രയംഫ് മോട്ടോർസൈക്കിൾസ്: ഹാർലി ഡേവിഡ്‌സണും ഹസ്‌ഖ്‌വർണയും എല്ലാം ഈ രംഗത്തേക്ക് വരുന്നതിന് മുമ്പ് തന്നെ അരങ്ങേറ്റം കുറിച്ച ഇരുചക്രവാഹന നിർമ്മാതാക്കളാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. ഇത് ഒരു പരമ്പരാഗത ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡാണ്. 1902 മുതൽ തന്നെ കമ്പനി ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടുന്നു.
ഇതിനിടയിൽ, 1889 -ൽ തന്നെ കമ്പനി ബൈക്കുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു എന്നതാണ് മറ്റൊരു ഇന്ററസ്റ്റിംഗ് ഫാക്ട്. എന്നാൽ ആദ്യത്തെ ബൈക്ക് 1902 -ലാണ് എത്തിയത്. ബെൽജിയൻ മിനർവ എഞ്ചിൻ ഘടിപ്പിച്ച ഒരു സൈക്കിൾ ആദ്യമായി നിർമ്മിച്ചത് ഇതായിരുന്നു. നിലവിൽ ലോകത്തെ ഏറ്റവും മികച്ച പ്രീമിയം, സൂപ്പർ ബൈക്കുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്.

റോയൽ എൻഫീൽഡ്: ലോകത്തിലെ ഏറ്റവും പഴയക്കം ചെന്ന ബൈക്ക് നിർമ്മാതാക്കളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ബ്രാൻഡ് നമുക്കെല്ലാവർക്കും അഭിമാനകരമാണ്. 1901 -ലാണ് കമ്പനി ആദ്യമായി ബൈക്ക് നിർമ്മിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിളുകൾ വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ജന്മം കൊണ്ട് ഒരു യുകെ ബേസ്ഡ് കമ്പനിയാണിത്. പിന്നീട് 1960 -ൽ ഇത് ഒരു ഇന്ത്യൻ കമ്പനിയായി മാറി. നിലവിൽ ഐഷർ ബ്രാൻഡിന്റെ ഉടമസ്ഥതയിലാണ് റോയൽ എൻഫീൽഡ്. ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിന് മുമ്പ്, കവചിത വാഹനങ്ങളുടെ നിർമ്മാണം, സൂചി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും കമ്പനി നടത്തിയിരുന്നു.

ഇന്ത്യൻ മോട്ടോർസൈക്കിൾസ്: ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴയതുമായ മോട്ടോർസൈക്കിൾ നിർമ്മാതാക്കളാണിത്. 1901 -ലാണ് കമ്പനി ആരംഭിച്ചത്. ആദ്യമായി ഒരു ചെയിൻ ഡ്രൈവ് ബൈക്ക് നിർമ്മിച്ചതും ഇവരാണ്. കൂടാതെ, കമ്പനിയുടെ മോട്ടോർസൈക്കിൾ 90 കിലോമീറ്റർ വേഗത കൈവരിക്കുകയും ലോകത്തിലെ ആദ്യത്തെ വേഗതയേറിയ ബൈക്കായി മാറുകയും ചെയ്തു. ഇതൊരു അമേരിക്കൻ ബ്രാൻഡാണ്. ഇപ്പോഴും ഈ ബ്രാൻഡിന്റെ മോഡലുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








