ഒരു വാനിൽ 51 പേരെ കുത്തിക്കയറ്റിയപ്പോൾ
നമുക്കറിയാവുന്നതു പോലെ, ഫോക്സ്‌വാഗൺ കാംപർ വാൻ ഒരു ക്ലാസിക് വാഹനമാണ്. ഈ വാഹനത്തിൽ എത്ര പേർക്ക് കയറാം എന്നത് പക്ഷെ, എല്ലാവർക്കും അറിയണമെന്നില്ല. ഇംഗ്ലണ്ടിലെ വോഴ്സെസ്റ്റ്ഷയറിലുള്ളവർ ഈ വിഷയത്തിൽ ഒരു ലോകറെക്കോഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ഫോക്സ്‌വാഗൺ കാംപർ വാനിൽ 51 പേർക്ക് കയറാം!
സംഭവത്തെക്കുറിച്ച് ചിത്രങ്ങൾ സഹിതം കൂടുതലറിയാം താഴെ.

1974 മോഡൽ ഫോക്സ്‌വാഗൺ കാംപർ വാനിലാണ് 51 പേരെ കുത്തിനിറച്ച് റെക്കോഡിട്ടത്. ഇക്കൂട്ടത്തിൽ എല്ലാ പ്രായക്കാരും ഉണ്ടായിരുന്നു.

ഈ സംഗതി ഗിന്നസ് വേൾഡ് റെക്കോഡായി മാറിയിട്ടുണ്ട്. മെയ്ക്ക് എ വിഷ് ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയക്കു വേണ്ടി പണം സംഘടിപ്പിക്കാനാണ് ഇത്തരമൊരു ശ്രമം നടത്തിയത്.

കാൻസർ പോലുള്ള രോഗങ്ങൾ പിടിപെട്ട് മരിക്കുമെന്നുറപ്പായ കുട്ടികളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സംഘടന ചെയ്യുന്നത്.

വോഴ്സെസ്റ്റ്ഷയറൽ വെച്ചു നടന്ന ബസ്‌ഫെസ്റ്റ് വാൻ ഫെസ്റ്റിവലിലാണ് ഇതു നടന്നത്. സെപ്തംബർ ആറിനായിരുന്നു സംഭവം.

കംഫർട്ട് ഇൻഷൂറൻസ് ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ബസ്‌ഫെസ്റ്റ് ഫെസ്റ്റിവലിൽ ഏതാണ്ട് 25000ത്തിലധികം പേരാണ് കാഴ്ചക്കാരായി വന്നത്.

പുത്തൻ ബസ്സുകളും വാനുകളുമെല്ലാം പ്രദർശനത്തിനെത്തിയ ഈ ഫെസ്റ്റിവലിൽ ക്ലാസിക് വാനുകളുടെ ഒരു വൻ നിരയും കാണാമായിരുന്നു. അയ്യായിരത്തിലധികം വാഹനങ്ങളാണ് ഫെസ്റ്റിവലിനെത്തിയത്.

തുടക്കത്തിൽ പരിപാടി പരാജയപ്പെടുമെന്നാണ് താൻ കരുതിയതെന്ന് പങ്കെടുത്തവരിലൊരാളായ കാൽവിൻ പറഞ്ഞു. പങ്കാളികളുടെ മികച്ച സഹകരണത്താൽ സംഗതി വിജയിക്കുകയായിരുന്നു.


Click it and Unblock the Notifications








