ദില്ലി ടു തൂണേരി: റെക്കോഡ് വേഗത്തില്‍ ഇജാസ്
അനിശ്ചിതത്വത്തെ അയാളുടെ വീട്ടില്‍ചെന്ന് കാണുന്ന എടപാടാണ് യാത്ര. ഇച്ചിരി റിസ്‌ക് പിടിച്ച ഏര്‍പ്പാടാണത് എല്ലാക്കാലത്തും. എവിടെയും നില്‍ക്കാതിരിക്കുന്നതിന്റെ സുഖമാണ് അതിന്റെ സുഖം. ഒരിടത്തും നില്‍ക്കാതിരിക്കുമ്പോള്‍ മറ്റാര്‍ക്കും ഉടമസ്ഥാവകാശമില്ലാത്ത ഒരിടം നമുക്കു കിട്ടുന്നുവെന്ന് മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന വിഖ്യാത പുസ്തകത്തില്‍ ഏണസ്റ്റോ ചെഗുവേര നിരീക്ഷിക്കുന്നു. ഇജാസ് മുഹമ്മദ് എന്ന മാസ്സ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി തന്റെ 150സിസി ബൈക്കും കൊണ്ട് യാത്ര തിരിക്കുമ്പോള്‍ മേല്‍പറഞ്ഞ കാര്യങ്ങളൊന്നും ഓര്‍ക്കാന്‍ മെനക്കെട്ടില്ല. നേരെ വണ്ടിയെടുത്ത് ഇറങ്ങുകയായിരുന്നു.
ദില്ലിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്രയും വേഗം എത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ വഴിയില്‍ നേരത്തെ തന്നെ ചിലര്‍ വേഗതയില്‍ റെക്കോഡ് തീര്‍ത്തിരുന്നു. റെക്കോഡുകള്‍ തകര്‍ക്കാനും പുതുക്കാനുമൊന്നും ആലോചിച്ചില്ലെങ്കിലും വേഗം കോഴിക്കോടെത്തണമായിരുന്നു ഇജാസിന്. നാദാപുരം തൂണേരിയിലാണ് ഐജാസിന്റെ വീട്.
ജൂണ്‍ മാസം 12നു തുടങ്ങിയ യാത്ര 17നു കാലത്ത് കോഴിക്കോട് അവസാനിച്ചു. മുന്‍പ് ദില്ലിയില്‍ നിന്നൊരാള്‍ മംഗലാപുരം വരെ 76 മണിക്കൂറില്‍ സഞ്ചരിച്ചെത്തിയിരുന്നു. ഇജാസ് ദില്ലിയില്‍ നിന്ന് കോഴിക്കോടുവരെയാണ് സഞ്ചരിച്ചത്. വിശ്രമസമയമൊഴിച്ചാല്‍ 56 മണിക്കൂര്‍ കൊണ്ട് ഇജാസ് കോഴിക്കോടെത്തി. 2500 കിലോമീറ്ററായിരുന്നു പിന്നിട്ട ദൂരം.

മുംബൈ പൂനെ എക്സ്പ്രസ് വേയിലെ ഭടാൻ ടണൽ
ചിത്രങ്ങളിലൂടെ നീങ്ങുക.

വഡോദര-അഹ്മദാബാദ് എക്സ്പ്രസ് വേയിൽ
ഒരു ഹോണ്ട സിബി യൂണികോണ്‍ ഡാസ്‌ലറിലായിരുന്നു ഇജാസിന്റെ യാത്ര. ലിറ്ററിന് ശരാശരി 52 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുണ്ട് ഐജാസിന്റെ പക്കലുള്ള 150 സിസി യൂണികോണ്‍. കുറഞ്ഞ ശേഷിയുള്ള ബൈക്കുമായി കൂടിയദൂരം മറികടക്കുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു യാത്രയ്ക്ക്. പെട്രോളടിക്കാന്‍ മാത്രമായി 4000 രൂപയോളം ചെലവ് വന്നു. യാത്രയുടെ മൊത്തം ചെലവ് 18,000 രൂപയാണ്.

തെക്കന്‍ ദില്ലിയിലെ തിമൂറില്‍ നിന്ന് പുറപ്പെട്ട ഇജാസ് ജയ്പൂര്‍, വഡോദര, മുംബൈ, രത്‌നഗിരി, പനാജി, ഉഡുപ്പി, മംഗലാപുരം വഴിയാണ് യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ശരാശരി മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു. സാധ്യമായ ഇടങ്ങളില്‍ വേഗം കൂട്ടി. ദില്ലിയില്‍ നിന്ന് മഹാരാഷ്ട്ര വരെയുള്ള പാതകളില്‍ സഞ്ചരിക്കാന്‍ രാത്രികാലം തെരഞ്ഞെടുത്തു. കടുത്ത ചൂട് തന്നെ കാരണം.

കൊങ്കൺ പാതയിൽ
ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് സഞ്ചരിക്കുന്ന ഏതൊരാളെയും പോലെ കൊങ്കണ്‍ പാതകളാണ് ഇജാസിനെയും ആകര്‍ഷിച്ചത്. മുംബൈ-പൂനെ എക്‌സ്പ്രസ് വേ ഏറ്റവും മനോഹരമാണെങ്കിലും നാലുചക്രമുള്ള വാഹനങ്ങളിൽ കുറഞ്ഞതൊന്നും അവിടെ കയറ്റില്ല. ഉദയ്പൂര്‍ കാട്ടിലൂടെയുള്ള പാതയില്‍ രാത്രി രണ്ടുമണിക്ക് ബൈക്കോടിക്കേണ്ടതായി വന്നു. രാവിലെ വഡോദര എത്തണമെന്നു തീരുമാനിച്ചിരുന്നതിനാല്‍ ഫോറസ്റ്റ് അധികൃതരുടെ വിലക്ക് മറികടന്ന് സഞ്ചരിക്കുകയായിരുന്നു.

കർണാടക അതിർത്തിയിൽ
അടുത്ത യാത്ര രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട് ഇജാസ്. ഇന്ത്യക്കാരാണോ എന്ന് ഇന്ത്യക്കാര്‍ തന്നെ സംശയിക്കുന്ന ഒരു വിഭാഗം ജനത നേരിടുന്ന വംശീയ വെല്ലുവിളികളാണ് പ്രമേയം. ഇതേ വിഷയത്തില്‍ ഇതിനകം തന്നെ ഒരു ഡോക്യുമെന്ററി ചെയ്തുകഴിഞ്ഞു ഇജാസ്.

കർണാടകത്തിലെ കാർവാറിൽ
അടുത്ത യാത്ര ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് തന്നെ തെരഞ്ഞെടുക്കാനാണ് ഈ 21കാരന്റെ പദ്ധതി. ഈ വര്‍ഷം അവസാനം തന്നെ യാത്ര നടന്നേക്കും.

വേഗത മരണത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോട് ഇജാസ് ഇടയുന്നുണ്ട്. വേഗതയല്ല, അശ്രദ്ധയാണ് അപകടങ്ങള്‍ക്കു കാരണമെന്ന് വിശദീകരണം.


Click it and Unblock the Notifications








