ഈ വിലയ്ക്ക് ഒരു കുന്ന് കാറുകൾ വാങ്ങാമായിരുന്നു; ഇക്കൊല്ലം ദുബായി നമ്പർപ്ലേറ്റ് താരം AA 16, വിറ്റത് കോടികൾക്ക്
ഏതൊരു വാഹനത്തിന്റെയും ഐഡന്റിറ്റി അല്ലെങ്കിൽ വ്യക്തിത്ത്വം എന്നതാണ് നമ്പർപ്ലേറ്റ്. പലപ്പോഴും നമ്മിൽ പലരും നമ്മുടെ സ്വപ്ന വാഹനത്തിന് ഇഷ്ട സംഖ്യകൾ വരുന്ന നമ്പർപ്ലേറ്റുകൾ സ്വന്തമാക്കാൻ ശ്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ വാഹനത്തിനോളവും ചിലപ്പോൾ അതിന് അപ്പുറവും ചെലവഴിച്ച് ഇഷ്ട നമ്പറുകൾ പലരും സ്വന്തമാക്കാറുണ്ട്.
വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പറും ഭാഗ്യനമ്പറുമൊക്കെ ലഭിക്കുന്നതിനായി ലക്ഷങ്ങളും കോടികളും കണ്ണും പൂട്ടി പൊട്ടിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തേക്കാൾ ഇതിൽ മുന്നിൽ നിൽക്കുന്നത് ദുബായിയാണ്. ഇത്തരത്തില്‍ ഇഷ്ടനമ്പര്‍ സ്വന്തമാക്കുന്നതിനായി എല്ലാ വര്‍ഷവും ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (RTI) നേതൃത്വത്തില്‍ നമ്പർ ലേലം നടക്കാറുണ്ട്.

ഈ ലേലത്തിൽ റെക്കോഡ് വിലയ്ക്കാണ് ആളുകള്‍ തങ്ങളുടെ ഇഷ്ടനമ്പറുകള്‍ സ്വന്തമാക്കുന്നത്. പതിവു പോലെ ഈ വർഷവും ലേലം നടന്നു, ഇത്തവണത്തെ വാഹന നമ്പര്‍ ലേലത്തില്‍ AA 16 ആണ് താരം. പ്രീമിയം നമ്പര്‍ പ്ലേറ്റുകളുടെ 115 -ാമത് ലേലമാണ് ഈ വര്‍ഷം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷത്തെ ലേലത്തിലൂടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTI) 6.5 കോടി ദിര്‍ഹം സമാഹരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ സമാഹരിച്ച 5.12 കോടി ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ മൊത്തം തുകയില്‍ 28 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. AA 16 എന്ന നമ്പര്‍ പ്ലേറ്റ് 73.2 ലക്ഷം ദിര്‍ഹം, ഏകദേശം 16.59 കോടി രൂപയ്ക്കാണ് വിറ്റുപോയത്.

അതിനു പിന്നാലെ AA 69 എന്ന നമ്പർപ്ലേറ്റ് 60 ലക്ഷം ദിർഹവും, AA 999 എന്ന നമ്പർപ്ലേറ്റ് 40.5 ലക്ഷം ദിർഹവും കൈവരിച്ചു. അല്‍ ഹബ്ത്തൂര്‍ സിറ്റിയിലെ ഹില്‍ട്ടണ്‍ ദുബായില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ നമ്പർ ലേലം സംഘടിപ്പിച്ചത്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള 90 ഫാന്‍സി പ്ലേറ്റുകളാണ് ഈ ലേലത്തിലുണ്ടായിരുന്നത്.
P 7 എന്ന നമ്പറാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും ഉയര്‍ന്ന വിലയില്‍ ലേലത്തില്‍ വിറ്റുപോയ നമ്പര്‍. ദുബായിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ 55 മില്ല്യണ്‍ ദിര്‍ഹത്തിനാണ് അതായത് ഏകദേശം 122.6 കോടി രൂപയ്ക്കാണ് ഈ ഇഷ്ടനമ്പര്‍ ലേലത്തില്‍ പിടിച്ചത്. ഫ്രഞ്ച് എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവാണ് 55 മില്ല്യണ്‍ ദിര്‍ഹം നല്‍കി P 7 നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കി വ്യക്തി.

16 വര്‍ഷത്തിന് ശേഷമായിരുന്നു ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹന നമ്പര്‍പ്ലേറ്റ് ലേലം ചെയ്യുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും ചെലവേറിയ നമ്പര്‍ പ്ലേറ്റ് എന്ന ഗിന്നസ് റെക്കോര്‍ഡും ഈ P 7 സ്വന്തമായി. 2008 -ല്‍ അബുദാബിയിലെ കാര്‍ നമ്പര്‍ 1 പ്ലേറ്റ് 52.2 ദശലക്ഷം ദിര്‍ഹത്തിന് (ഏകദേശം 116.3 കോടി രൂപ) വിറ്റതായിരുന്നു ഇതിന് മുമ്പ് നിലവിലുണ്ടായിരുന്ന റെക്കോഡ് എന്നത്. കഴിഞ്ഞ വർഷം ഈ റെക്കോഡ് തകര്‍ക്കപ്പെടണമെന്ന വാശി പലര്‍ക്കുമുണ്ടായിരുന്നു.
അതിനാല്‍ തന്നെയാണ് റെക്കോർഡ് വിലയ്ക്ക് 'P 7' ലേലപ്പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാൽ ഇത്തവണ അത്ര വലിയ വീറും വാശിയും ഒന്നും ലേലത്തിൽ കണ്ടില്ല എന്നതാണ് വാസ്തവം. ഈ നമ്പർ പ്ലേറ്റുകൾ നമ്മുടെ രാജ്യത്തെ പോലെ ഒരു വാഹനത്തിന് മാത്രമായി വരുന്നത് അല്ല എന്നത് ശ്രദ്ധിക്കണം, ഇവ ഒരു വ്യക്തിയുടെ പേരിലാണ് ഇഷ്യൂ ചെയ്യപ്പെടുന്നത്. അതിനാൽ തന്നെ ഭാവയിൽ, നാം ഒരു കാർ വിൽക്കുന്നത് പോലെ തന്നെ ഇവയും വിൽക്കാനാവും.


Click it and Unblock the Notifications








