ഉള്ളിൽ ഇടം പോര! സൂപ്പർകാറുകൾ എല്ലാം വിട്ട് ഒന്നര കോടിയുടെ ആഡംബര എംപിവി സ്വന്തമാക്കി അഭിഷേക് ബച്ചൻ
മിക്ക സെലിബ്രിറ്റികളും, അവരുടെ തിരക്കേറിയ ജീവിതശൈലി കാരണം, പലപ്പോഴും അവർ വീട്ടിൽ അനുഭവിക്കുന്ന അതേ തലത്തിലുള്ള സുഖസൗകര്യങ്ങളും കംഫർട്ടും നൽകുന്ന കാറുകൾക്കായി തിരയുന്നവരാണ്. ഇക്കാരണത്താൽ പല സെലിബ്രിറ്റികളും ഇന്ന് സ്പോർട്സ് കാറുകളിൽ നിന്നെല്ലാം മാറി ലക്ഷ്വറി എംപിവികളിലേക്ക് ചെക്കേറാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ എംപിവിയിലേക്ക് സ്വിച്ച് ചെയ്ത സൂപ്പർതാരങ്ങളിൽ ഏറ്റവും ലേറ്റസ്റ്റ് അഭിഷേക് ബച്ചനാണ്. 1.5 കോടി രൂപയുടെ ടൊയോട്ട വെൽഫയർ ആഡംബര എംപിവി അദ്ദേഹം ഓടിക്കുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു. താരത്തിന്റെയും വാഹനത്തിന്റെയും ചിത്രങ്ങൾ വെബ്ബിൽ വൈറലാണ്.
ഇവിടെ ചിത്രങ്ങളിൽ കാണുന്ന എംപിവി ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ്, അത് മുമ്പത്തെ മോഡലിനെക്കാൾ അല്പം കൂടെ പ്രീമിയം ആയി കാണപ്പെടുന്നു. മുൻവശത്തെ ഗ്രില്ലിന് കുറച്ച് വലിപ്പം കൂടിയിട്ടുണ്ട്, കൂടാതെ ഇതിന് കൂടുതൽ സ്ലീക്കായ ഹെഡ്‌ലാമ്പുകളാണ് ലഭിക്കുന്നത്. ഒരു ഗ്രേ നിറത്തിലുള്ള ഷേഡിലാണ് അഭിഷേക് ബച്ചന്റെ എംപിവി ഒരുക്കിയിരിക്കുന്നത്. വെൽഫയറിന് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവുമുണ്ട്. കൂടാതെ 3,000 mm വീൽബേസാണ് എംപിവിയ്ക്കുള്ളത്.

തണ്ടർബോൾട്ടിൻ്റെ രൂപകൽപ്പനയോട് സാമ്യമുള്ള ലോവർ വിൻഡോ ലൈൻ എംപിവിക്ക് ഒരു ബോൾഡ് ലുക്ക് നൽകുന്നു. വാഹനത്തിന്റെ പില്ലറുകളെല്ലാം ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുകയാണ്, കൂടാതെ ക്രോം ഗാർണിഷുകളുമുണ്ട്. കൂറ്റൻ ഗ്ലാസ് ഏരിയയും കാറിൽ വരുന്നു. 19 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമായാണ് വെൽഫയർ വിപണിയിൽ എത്തുന്നത്. മുൻ തലമുറ മോഡലിനെ അപേക്ഷിച്ച്, കണക്റ്റിംഗ് എൽഇഡി ബാറുള്ള പുനർരൂപകൽപ്പന ചെയ്ത LED ടെയിൽ ലാമ്പുകൾ ഇതിന് ലഭിക്കുന്നു.
റൂഫ് മൗണ്ടഡ് സ്‌പോയിലറും താഴെ ഭംഗിയായി മറഞ്ഞിരിക്കുന്ന റിയർ വിൻഡ്‌സ്‌ക്രീൻ വൈപ്പറും വാഹനത്തിലുണ്ട്. വെൽഫയറിൻ്റെ ടെയിൽ ലാമ്പുകൾക്ക് കീഴിൽ വളരെ ക്ലീനായി സംയോജിപ്പിച്ചിരിക്കുന്ന ബട്ടണുകൾ ഉപയോഗിച്ച് ബൂട്ട് തുറക്കാനും അടയ്ക്കാനും കഴിയും. ഇനി ഇൻ്റീരിയറുകളിലേക്ക് നീങ്ങുമ്പോൾ, വെൽഫയറിന് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ADAS സവിശേഷതകൾ, 360 -ഡിഗ്രി ക്യാമറ, ഹീറ്റഡ് & വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ എന്നിവയും അതിലേറെയും ഫീച്ചറുകൾ ലഭിക്കുന്നു.

രണ്ടാമത്തെയും മൂന്നാം നിരയിലെയും യാത്രക്കാർക്ക് കാറിൽ ഇലക്ട്രിക് വിൻഡോ കർട്ടനുകൾ ലഭിക്കുന്നു. പിൻസീറ്റിൽ, രണ്ട് ക്യാപ്റ്റൻ സീറ്റുകൾ വരുന്നു, റൂഫ് മൗണ്ടഡ് എന്റർടെയിൻമെന്റ്, രണ്ട് സീറ്റുകളിലും ഇലക്ട്രിക് അഡ്ജസ്റ്റുമെൻ്റുകളും റിക്ലൈനിംഗ് ഫംഗ്ഷനുമുണ്ട്. കാബിൻ കൂടുതൽ വായുസഞ്ചാരമുള്ളതാക്കാൻ സഹായിക്കുന്ന സ്പ്ലിറ്റ് ഗ്ലാസ് റൂഫും വളരെ മികച്ച സവിശേഷതയാണ്.
2.5 ലിറ്റർ, ഫോർ -സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട വെൽഫയറിന് കരുത്തേകുന്നത്, സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി ഈ എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നു. പവർട്രെയിൻ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. എഞ്ചിൻ e-CVT ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
ടൊയോട്ട വെൽഫയറിനെ രണ്ട് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 1.20 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള Hi വേരിയൻ്റും, എക്‌സിക്യുട്ടീവ് ലോഞ്ച് പാക്കേജുള്ള VIP വേരിയന്റുമാണ്. VIP പതിപ്പിന് 1.30 കോടി രൂപയാണ് എക്സ്-ഷോറൂം വില. അഭിഷേക് ബച്ചൻ സ്വന്തമാക്കിയത് ഏത് വേരിയന്റാണ് എന്ന് കൃത്യമായി അറിയില്ല.
ബോളിവുഡിലെ ജനപ്രിയ എംപിവിയാണ് ടൊയോട്ട വെൽഫയർ. അഭിഷേക് ബച്ചനെ കൂടാതെ ഭൂമി പെഡ്‌നേക്കർ, അനിൽ കപൂർ, അജയ് ദേവ്ഗൺ, ആമിർ ഖാൻ തുടങ്ങിയ താരങ്ങളും മലയാള നടന്മാരായ മോഹൻലാലും ഫഹദ് ഫാസിലും ഈ ആഡംബര എംപിവി സ്വന്തമാക്കിയിട്ടുണ്ട്. ടൊയോട്ട ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കൂടിയ എംപിവികളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








